ADVERTISEMENT

ചുവപ്പ് കേവലം ഒരു നിറം മാത്രമല്ല. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന നവോത്ഥാനയത്നത്തിന്റെ നിറം കൂടിയാണ്. അതേ ചുവപ്പാണു ഹോമാഗ്നിക്കും. എന്നാല്‍ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെ നിറമായ ചുവപ്പ് മാറിയതിന്റെ കഥ കൂടിയാണ് നമ്മുടെ വര്‍ത്തമാനകാല ചരിത്രം. പലര്‍ക്കും അപ്രിയമാണത്; അസ്വീകാര്യവും. യഥാര്‍ഥ ചരിത്രത്തെ മറച്ചും ഒളിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ചുവപ്പിന്റെ ചോരക്കൊടിയെ മലിനമാക്കി എഴുതുന്ന നിക്ഷിപ്ത ചരിത്രം. 

 

ഒരുപാടുപേര്‍ ജീവിതം കൊടുത്തു സൃഷ്ടിച്ച നവോത്ഥാനം വഴി തെറ്റുമ്പോള്‍ യഥാര്‍ഥ ചരിത്രത്തിനു മാറിനില്‍ക്കാനാവില്ല. കാഴ്ചക്കാര്‍ മാത്രമാകാനും കഴിയില്ല. പകരം തലയുയര്‍ത്തിപ്പിടിക്കുകയാണു ചരിത്രം. കാവിലെ ഉത്സവത്തിനു നടത്തുന്ന മുടിപ്പേച്ചിലെ ഉഗ്രഭദ്രകാളിയുടെ രൂപത്തില്‍. അഴിഞ്ഞുലഞ്ഞ മുടിയുമായി. ഇനി മുടി കെട്ടുകയില്ലെന്ന വാശിയോടെ. വര്‍ത്തമാന കാലത്തോട് ചരിത്രം നടത്തുന്ന ഈ പ്രതികരണത്തിന്റെയും പ്രതികാരത്തിന്റെയും അക്ഷരരൂപമാണ് രവിവര്‍മ തമ്പുരാന്റെ പുതിയ നോവല്‍ മുടിപ്പേച്ച്. ഭയങ്കരാമുടിയായിക്കൊണ്ടിരിക്കുന്ന കാലം ആവശ്യപ്പെടുന്ന ശുദ്ധീകരണം. ഇനിയെങ്കിലും പറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഭയങ്കരാമുടികള്‍ സൃഷ്ടിക്കപ്പെടുമെന്ന തിരിച്ചറിവില്‍ നിന്നുണ്ടായ ഉണര്‍ത്തുപാട്ട്. 

 

ചിറ്റൂരിലെ ശോകനാശിനിപ്പുഴയുടെ തീരത്ത് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ പ്രജ്ഞാനപാറപ്പുറത്തെ പൊരിവെയിലത്തിട്ട് ഉണക്കിവച്ചൊരു വിത്തുണ്ട്. പഴശ്ശിരാജായിലൂടെ, വേലുത്തമ്പി ദളവിയിലൂടെ, റാണി ലക്ഷ്മിബായിയിലൂടെ, സ്വാതി തിരുനാളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് തെക്കന്‍ തിരുവിതാംകൂറിലെ സ്വാമിത്തോപ്പിലെത്തിയ വിത്ത്. 212 വര്‍ഷം മുമ്പ് അവിടെ ജനിച്ചു വീണ ചോരക്കുഞ്ഞ്- അയ്യാ വൈകുണ്ഠസ്വാമിയായി മാറിയ മുത്തുക്കുട്ടി- ആ വിത്തെടുത്തു നട്ടു. അദ്ദേഹവും പിന്നാലെ വന്ന പലരും വെള്ളമൊഴിച്ചു കൊടുത്തു. വിത്തിനു മുള പൊട്ടി. തൈയ്യായി. കുറ്റിച്ചെടിയായി. കൈവണ്ണമുള്ള മരക്കുരുന്നായി അതു വളര്‍ന്നു. വാടാതെയും വളയാതെയും ചായാതെയും ചടയാതെയും ആ മരത്തൈ പലര്‍ താലോലിച്ചു. അവരതിന്റെ ചുവട്ടില്‍ നല്ല തണുതണുത്ത വെള്ളമൊഴിച്ചു. നാട്ടുവളങ്ങള്‍ പലതിട്ടു. തായ്ച്ചെടിയിലും ശിഖരങ്ങളിലും ഇലക്കുരുന്നുകളിലും പുഴുവോ കീടമോ വന്നിരുന്നു നുണഞ്ഞു രസിക്കാതെ ശ്രദ്ധിച്ചു. വന്നതിനെ ഒന്നൊന്നായി പെറുക്കിക്കളഞ്ഞു. 

 

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, തൈക്കാട്ട് അയ്യാവു സ്വാമി, ചട്ടമ്പി സ്വാമി, ശ്രീനാരായണ ഗുരു, കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, രാജാ രവിവര്‍മ, പുന്നശ്ശേരി നീലകണ്ഠ ശര്‍മ, അയ്യങ്കാളി, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കുമാരനാശാന്‍, മന്നത്തു പത്മനാഭന്‍, പൊയ്കയില്‍ കുമാരഗുരുദേവന്‍, വാഗ്ഭടാനന്ദന്‍, പണ്ഡിറ്റ് കറുപ്പന്‍, വി.ടി. ഭട്ടതിരിപ്പാട് എന്നിങ്ങനെ ഒരുപാടുപേര്‍ കൈകോര്‍ത്ത് വലയം 

ചെയ്തുനിന്ന് ആറ്റുനോറ്റു വളര്‍ത്തിയ മരം. ആ മരത്തില്‍ വിരിയുന്നൊരു പൂവുണ്ട്. ഭാവിയില്‍ മധുരഫലമാകാനുള്ള പൂവ്. ദുരിതങ്ങളുടെ കൊടുവേനലും നരകപ്പേമാരിയും കൊണ്ടവരുടെ പരിലാളനയില്‍ പക്വഫലമാകേണ്ടത്. 

 

500 വര്‍ഷത്തെ കേരള ചരിത്രം അനാവരണം ചെയ്യുന്ന മുടിപ്പേച്ച് മൂന്നു ചോദ്യങ്ങളുടെ ഉത്തരം കിട്ടാനുള്ള ശ്രമം കൂടിയാണ്. ഒന്ന്- കേരളീയ സമൂഹത്തില്‍ മൂന്നു പതിറ്റാണ്ടുകള്‍ കൊണ്ട് രാജ്യാന്തര മത തീവ്രവാദികള്‍ ഉണ്ടാക്കിയ വിഭജനത്തിന് പരിഹാരം എന്ത്? രണ്ട്- തീവ്രവാദം മൂന്നോ നാലോ വര്‍ഷം കൊണ്ട് കേരളത്തിന്റെ എല്ലാ മേഖലകളിലും അതിവേഗം പടര്‍ന്നതെങ്ങനെ? സര്‍ക്കാരിന്റെ നയങ്ങള്‍ പോലും തീരുമാനിക്കുന്ന വിധത്തില്‍ അതെങ്ങനെ സ്വാധീനം നേടി? മൂന്ന്- എന്തിനെയും ഏതിനെയും സവര്‍ണ-ദലിത്, പിന്നാക്ക എന്നു വിഭജിച്ച് വ്യാഖ്യാനിക്കുകയും സവര്‍ണരെ നിരന്തരം ആക്ഷേപിക്കുകയും ചെയ്യുന്നതെന്തിന്? 

ഈ മൂന്നു ചോദ്യങ്ങള്‍ക്കും ഉത്തരം തേടി നടത്തുന്ന ചരിത്രത്തിന്റെ പുനര്‍ വായനയാണു മുടിപ്പേച്ച്. 

 

പിന്നിട്ട കാലത്തെ പഠിച്ചും മനസ്സിലാക്കിയും നടത്തുന്ന മുന്നോട്ടുള്ള യാത്ര. ചരിത്രത്തിന്റെ സൂക്ഷ്മ പഠനം. സ്നേഹത്തിന്റെ, സഹിഷ്ണുതയുടെ, ഉള്‍ക്കൊള്ളലിന്റെ വഴി സ്വയം കണ്ടെത്താന്‍ പാര്‍ട്ടികള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ കഴുകിയെടുക്കേണ്ടിവരും അവരുടെ കൊടികള്‍ എന്ന ഓര്‍മപ്പെടുത്തലുമുണ്ട് മുടിപ്പേച്ചില്‍. അതു ലോക്കല്‍ കമ്മിറ്റി ഓഫിസില്‍നിന്നു തന്നെയാകട്ടെ എന്ന ആശംസയും. 

 

പലര്‍ക്കും ചുവപ്പ് തങ്ങള്‍ പിടിക്കുന്ന കൊടിയുടെ നിറം മാത്രമാണ്. അവര്‍ നേരിന്റെ വഴികളില്‍നിന്നു മാറുമ്പോഴും ചുവപ്പ് ഹൃദയത്തിലേറ്റുവാങ്ങിയൊരു നവഗോത്രമുണ്ട്. നവോത്ഥാന ചെങ്കടലില്‍ സ്ഫുടം ചെയ്തെടുത്തവര്‍ ആത്മാവു നല്‍കിയുണ്ടാക്കിയ നവഗോത്രം. അവരുടെ പുത്തന്‍ പ്രത്യയശാസ്ത്രത്തിലേക്കുള്ള ചുവടുവയ്പാണ് മുടിപ്പേച്ച്. അതു കാണാതെ കണ്ണടയ്ക്കാനാവില്ല വര്‍ത്തമാന കാലത്തിന്; ഭാവിക്ക്. 

 

English Summary: Mudippech book by Ravivarma Thampuran