ADVERTISEMENT

ഒരു മുഴുക്കുടിയൻ താൻ

കുടിക്കാതിരുന്ന കാലം

ഓർക്കുന്നതുപോലെ

ത്യജിക്കപ്പെട്ട ഒരാൾ

ഉറക്കത്തിലേക്കു പോകുമ്പോൾ

തന്നെ പ്രേമിച്ചയാളെ

ഓർക്കുംപോലെ

ആനന്ദകരമാണ്

ദുഖത്തിന്റെ ഉപമകൾ

(മിനായുടെ കവിത)

 

 

കാത്തിരുന്ന യാത്രയല്ല. സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് ഏറ്റെടുക്കേണ്ടിവന്നതുമല്ല. മുൻകൂട്ടി ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരുനാൾ ഇതു വേണ്ടിവന്നു. ഈ യാത്ര. പോകെപ്പോകെ യാത്രയിൽ ഭാഗമായെന്നു മാത്രമല്ല, യാത്ര ജീവിതവുമായി. മറ്റെല്ലാം മറക്കുകയും യാത്രയുടെ ക്ഷീണവും വേദനയും തളർച്ചയും ആവേശവും പൂർണമായി കീഴടക്കുകയും ചെയ്തു. ഇനി എന്ത് എന്ന ചിന്തയില്ല. എന്ന് എന്ന ആശങ്കയില്ല. ഇനിയുമെത്രനാൾ എന്ന സംശയവുമില്ല. അനുകമ്പയോടെ, ആർദ്രമായി,. ക്ഷീണിച്ചതെങ്കിലും തുറന്ന കണ്ണുകളോടെ മൂന്നോട്ടുപോകുമ്പോൾ ഈ യാത്രയ്ക്കുവേണ്ടി കാത്തിരുന്നിരുന്നു എന്നു തിരിച്ചറിയുന്നു. ഇതില്ലാതെ ഒന്നും പൂർണമാകുന്നില്ല എന്നും. സംഘർഷരഹിതമായ പൊരുത്തപ്പെടൽ.  ഇടയ്ക്കിടെയുള്ള കുതറിമാറൽ. എന്നാലോ തീർപ്പുകളില്ലെങ്കിലും ആസന്നവും അനിവാര്യവുമായ പോരാട്ടത്തിന്റെ ഭാഗമാകാനുള്ള സൗമ്യമായ ക്ഷണവും. അജയ് പി.മങ്ങാട്ടിന്റെ മൂന്നു കല്ലുകൾ എന്ന നോവൽ പുറമേ സൗമ്യമെങ്കിലും അകമേ തിളച്ചുമറിയുന്ന അദ്ഭുതമാണ്. മലയാളത്തിലെ ഏറ്റവും പുരാതനവും എന്നാൽ ഏറ്റവും പുതിയതുമായ ഭാഷയിൽ കെട്ടിപ്പൊക്കിയ സവിശേഷമായ കൃതി. കേവലം വ്യക്തി അനുഭവങ്ങൾ എന്ന തുടക്കത്തിൽ നിന്ന് സാമൂഹികവും പാരിസ്ഥിതികവും രാഷ്ട്രീയവുമായ ദുരന്തങ്ങളിലേക്കും തിരിച്ചറിവുകളിലേക്കും പടർന്നുകയറുന്ന ആഖ്യായിക.

 

മിനായുടെ കവിതകളെല്ലാം തന്നെ അവർ യാത്രയായതിനു ശേഷമാണു പുറത്തുവരുന്നത്. ആ കവിതകൾ മിനായ്ക്കു ശേഷവും ജീവിച്ചിരിക്കാൻ കരുത്തുള്ളവയാണ്. മൂന്നു കല്ലുകളിലൂടെ അവ പുറത്തുവരുമ്പോൾ, ഓരോ വായനക്കാരനും ആ സത്യം തിരിച്ചറിയുന്നു. ആ കവിതകളിലൊന്ന് നോവലിന്റെ ഹൃദയത്തിലേക്കു തുറക്കുന്ന താക്കോലാണ്.

 

ഒരാളുടെ ഈശ്വരൻ അയാളുടെ തന്നെ ആധികളുടെ ഒറ്റവാക്കാണ്- അതുമായി കലഹിക്കാതെ അല്ലെങ്കിൽ അതിൻമേൽ സന്ദേഹിക്കാതെങ്ങനെ. മിനാ എഴുതിയത് കവിത മാത്രമല്ല.  കഥയും കവിതയും തത്ത്വചിന്തയും കൂടിയാണ്. ആഴമേറിയ ആ ചിന്തകൾ പ്രതിഫലിപ്പിക്കുന്നതു നമ്മുടെ ജീവിതം തന്നെ. അല്ലെങ്കിൽ എങ്ങനെയാണ് മരിച്ചവരെ ഈ നോവലിലെ ചില കഥാപാത്രങ്ങൾ വീണ്ടും വീണ്ടും കാണുന്നത്. അവ കേവലം സ്വപ്‌നദൃശ്യമല്ല. മായക്കാഴ്ചയല്ല. മതിഭമവുമല്ല. ഈശ്വരൻ അവതരിക്കുന്നതുപോലെ തന്നെ. ആധികളുടെ പുനരാഗമനം എന്നും പറയാം. ആധികളുമായി ജീവിക്കുന്നവരാണ് ഈ നോവലിലെ കഥാപാത്രങ്ങളത്രയും. സ്വയം സൃഷ്ടിച്ചവയുണ്ട്. എങ്ങനെയോ അവയുടെ ഭാഗമായി മാറിയവരുണ്ട്. ഇനി ഒരിക്കലും ഒളിച്ചോടാൻ കഴിയാത്ത രീതിയിൽ അവയുമായി താദാത്മ്യം പ്രാപിച്ചവരാണ് എല്ലാവരും. ഈ ആധികൾ കൂടിയല്ലേ മനുഷ്യർ.

 

ചോരയെത്തന്നെ നോക്കുക. ഒരിക്കൽ അയാൾ ആധി വ്യാധികൾ ഇല്ലാത്തയാളായിരുന്നു. അന്ന് അയാൾ ഒറ്റപ്പെട്ടവനും മനുഷ്യന്റെ ജീവിതം ജീവിക്കാത്ത വ്യക്തിയുമായിരുന്നു. തന്റെ വഴിയിൽ ആരും ഒരിക്കലും വരില്ലെന്നുപോലും ഒരിക്കൽ അയാൾ വിചാരിച്ചിരിക്കണം. എന്നാൽ, സ്‌നേഹത്തിലേക്കു ജ്ഞാനസ്‌നാനം ചെയ്യപ്പെടാനായിരുന്നു ചോരയുടെ നിയോഗം. കരുതലിന്റെ കൈകളിലേക്ക് എത്തിപ്പെടാൻ. എന്നിട്ടും അയാൾ എന്താണ് ചെയ്തത്. ജീവിതം കൊണ്ട് ഈശ്വരനെ സൃഷ്ടിക്കുകയായിരുന്നില്ലേ. ആധികളുടെ ഈശ്വരനെ. വ്യാധികളുടെ മനസാക്ഷിയെ. അതയാളെ ഏതൊക്കെ കാടുകളിലേക്ക് ഓടിച്ചിട്ടില്ല. മേടുകളിലേക്ക് നയിക്കാതിരുന്നിട്ടില്ല. മോക്ഷം തേടി, നീരൊഴുക്കിൽ നിന്നു മുങ്ങിയെടുത്ത മൂന്നു കല്ലുകളിൽ അയാൾ പ്രതിഷ്ഠിച്ചത് അയാളെത്തന്നെയാണോ. ഈശ്വരനെയാണോ. വെന്തെരിഞ്ഞിട്ടും ചുടുചാമ്പലാകാത്ത മനസാക്ഷിയാണോ. ചോരയെ വിശ്രമിക്കാൻ അനുവദിക്കാത്തവണ്ണം ഓടിച്ചുകൊണ്ടിരിക്കുന്ന അതേ ഈശ്വരൻ തന്നെ കലാപത്തിൽ അനാഥരാക്കപ്പെട്ട കുട്ടികൾക്കുവേണ്ടിയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ചിലരെ പ്രാപ്തരാക്കുന്നത്. കാത്തിരിക്കുന്നത് വെടിയുണ്ടകളാണ് എന്നറിയാതെ അല്ല. ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ കള്ളങ്ങളാണെന്നു മറക്കുന്നുമില്ല. എന്നാൽ, അവശേഷിക്കുന്ന സമയം അവർ നിർത്താതെ ഓടുകയാണ്. കാലം ആവശ്യപ്പെടുന്ന കരുണകളിലേക്കു സ്വയം വലിച്ചെറിയുകയാണ്. ഈശ്വരനുമായി നിശ്ചയിച്ച കൂടിക്കാഴ്ചയ്ക്ക് സ്വയം പ്രാപ്തരാകുകയാണ്. ആത്മഗത്തിന്റെ ഛായയിലാണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. നമ്മുടെ തന്നെ ചിന്തകളെ പെറുക്കിവയ്ക്കുന്ന പോലെ. അതിനു പൂർണമായും യോജിക്കുന്ന ഭാഷയും എഴുത്തുകാരൻ കണ്ടെത്തിയിരിക്കുന്നു. അത് ആദിമ മനുഷ്യർ മുതൽ ഏറ്റവും പുതിയ തലമുറയെ വരെ കീഴടക്കിയ സങ്കീർത്തനത്തിന്റെ ഭാഷയാണ്. കാലമേറെയായിട്ടും പഴകാത്ത, നിശ്വാസവും നെടുവീർപ്പും ഏറ്റുവാങ്ങുന്ന, പാവപ്പെട്ടവന്റെയും സമ്പന്നന്റെയും ഹൃദയവ്യഥകളുമായി സംവദിക്കാൻ കഴിയുന്ന, ദൈവ വചനത്തിന്റെ അതേ താളവും ലയവും ഉൾക്കൊണ്ട, പദ്യമമെന്നോ ഗദ്യമെന്നോ വ്യവഛേദിക്കാനാകാത്ത അതേ ഭാഷ തന്നെ.  

 

നിന്റെ ഗിത്താർ എവിടെ  രാധ ചോദിച്ചു. ഞാൻ അത് ഏകയെ ഏൽപിച്ചു, മാധവൻ പറഞ്ഞു. ഏക എന്നു കേട്ടതും രാധ ആഹാ എന്നു പറഞ്ഞു പുഞ്ചിരിച്ചു. നീ സന്തോഷത്തോടെയാണോ തിരിച്ചുപോകുന്നത്. അവർ മകന്റെ കൈകളിൽ തൊട്ടു. എനിക്കു പ്രശ്‌നമൊന്നുമില്ല അമ്മേ, ഞാൻ ബാംഗ്ലൂരിലേക്കു തന്നെ പോകുന്നു. ഞാൻ അവിടെ ചെന്നിട്ട് ഏകയെ കാണാൻ പോകും. മാധവൻ പറഞ്ഞു. നല്ല കാര്യം, അതു വേണം. രാധ പുഞ്ചിരിച്ചു. (പേജ് 101)

 

സംസ്ഥാനാന്തര ബന്ധമുള്ളതെന്നുകൂടി ആരോപണമുള്ള തീവ്രവാദ പ്രവർത്തനം അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്ന ഒരു ഉദ്യോഗസ്ഥനുണ്ട് നോവലിൽ. അയാൾ, സംശയിക്കപ്പെടുന്നവരെ ഓരോരുത്തരെയായി അനുഗമിക്കുകയും പിന്തുടർന്ന് കണ്ടെത്തുകയും ചെയ്യുന്നു. കുറ്റവാളികളുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്നവരുടെ എല്ലാ ചലനങ്ങളും അയാൾ അറിയുന്നു. അവരെ കൃത്യസമയങ്ങളിൽ തനിക്കു നേരെ നിർത്തി ചോദ്യം ചെയ്യുന്നുമുണ്ട്. എന്നാൽ ആ പ്രക്രിയ മുന്നേറുമ്പോൾ, ഉറക്കം നഷ്ടപ്പെടുന്നത് സംശയമുന നീളുന്നവർക്കല്ല. അവരുടെ അസ്വസ്ഥത അധികമൊന്നും നീണ്ടുനിൽക്കുന്നതുമില്ല. എന്നാൽ ഉറക്കം നഷ്ടപ്പെടുന്ന അന്വേഷകൻ എന്ന പുതുമയിലൂടെ അജയ് പി. മങ്ങാട്ട് സ്പർശിക്കുന്നതും തൊട്ടുണർത്തുന്നതും ചേർത്തുനിർത്തുന്നതും പ്രതിവിപ്ലവത്തിന്റെ പുത്തൻ പാതയാണ്. പ്രതികാരത്തിന്റെയും പ്രതിരോധത്തിന്റെ യും പുതിയൊരു അരങ്ങാണ്. ലോകവും കാലവും ആവശ്യപ്പെടുന്ന പുതിയ നീതി. ഭാവിയുടെ പ്രത്യയശാസ്ത്രം.

 

മരിച്ചെന്നു വിശ്വസിക്കപ്പെടുന്ന ചോര ഇനിയും ആരുടെയെങ്കിലുമൊക്കെ മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം. അപ്രതീക്ഷികമായി. ആദ്യം കണ്ട അതേ രൂപത്തിലും ഭാവത്തിലും. സദസ്സിൽ പാട്ടു പാടിക്കൊണ്ടിരിക്കുമ്പോൾ പിൻനിരയിൽ നിൽക്കുന്ന രീതിയിലാവും. വിജനമായ തെരുവിലൂടെ ഇരുട്ടിനൊപ്പം മുന്നോട്ടോ പിന്നോട്ടോ എന്നറിയാനാവാത്തവണ്ണം നടക്കുമ്പോഴായിരിക്കും. പ്രിയപ്പെട്ട കൂട്ടുകാരിക്ക് കൂട്ടു പോകുമ്പോഴായിരിക്കും. പ്രേമം പറയുകയും എന്നാൽ പ്രേമം നിലനിർത്തിക്കൊണ്ടുതന്നെ മറ്റൊരാളെ വിവാഹം ചെയ്യുകയും ചെയ്തു ജീവിക്കുമ്പോഴായിരിക്കാം. നിഷേധിക്കപ്പെടുമ്പോഴോ, ത്യജിക്കപ്പെടുമ്പോഴോ ഉപേക്ഷിക്കപ്പെടുമ്പോഴോ മായാത്ത മുറിവുമായി ജീവിക്കുമ്പോഴോ ആവാം. എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് സൗഹൃദത്തിന്റെ തണലിലേക്കു വീണ്ടും വീണ്ടും അണയുമ്പോഴായിരിക്കും. കാലത്തിന്റെ നിശ്ചയിച്ചുവച്ചതോ അല്ലാത്തതോ ആയ ഏതോ തിരിവിൽ വച്ചായിരിക്കാം. ഇന്നോ നാളെയോ നൂറോ ഇരുന്നൂറോ വർഷങ്ങൾക്കു ശേഷമായിരിക്കാം.

 

മറക്കരുത്. ഏറ്റവും പ്രിയങ്കരമായ ഒരു സ്‌നേഹം, സൗഹൃദം, പ്രണയം, കാമം- ഇവയിൽ ഏതു നഷ്ടമായാലും അതു നിങ്ങളുടെ മുഴുവൻ ജീവിതത്തെയും തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരും.

 

Content Summary: Moonu Kallukal book by Ajai P Mangattu

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com