ADVERTISEMENT

അൽ കമലാസനൻ (കഥ)

സൗദിയിൽ എത്തിയിട്ട് അധിക നാളായിരുന്നില്ല. സനയ്യായിലെ ഫാക്ടറിയിൽ ജോലി. ഞങ്ങൾ നാല് സഹമുറിയന്മാർ - കോട്ടയം ആറുമാനൂരുകാരൻ ശ്രീജിത്തും കഞ്ഞിക്കുഴിക്കാരൻ അരുണും ആലപ്പുഴ മാന്നാറുകാരൻ രതീഷും  ഞാനും കൂടി സനയ്യ (വ്യവസായമേഖല) ജീവിതം കഠിനമായപ്പോൾ നഗരഹൃദയത്തിലേക്ക് അതായത് ബത്തയിലേക്ക് കുടിയേറിയതാണ്. കാലത്ത് ടാക്സിയിൽ നാലാളും ഒരുമിച്ചു ജോലിക്ക് പോവും. വൈകിട്ട് തിരിച്ചുവരവ് കമ്പനി മാനേജരുടെ കാരുണ്യത്തിൽ. മാനേജരുടെ വീട്ടിലേക്കു തിരിയേണ്ട പോളിടെക്‌നിക് ജംഗ്ഷനിൽ എത്തുമ്പോൾ റൈറ്റിലേക്കു തിരിയും. ഞങ്ങൾ ആ ജംഗ്ഷനിൽ ഇറങ്ങി അന്ന് വയ്ക്കേണ്ട മീനവിയലിനെക്കുറിച്ചും നിർത്തി പൊരിക്കേണ്ട കോഴിയെക്കുറിച്ചും ഘോരഘോരം ചർച്ചിച്ചു ബത്തയിലേക്ക് നടക്കും, അതാണ്‌ പതിവ്. ആ കാലത്ത് അറബി ഭാഷയുടെ ബാലപാഠങ്ങൾ അഭ്യസിച്ചുവരുന്നേ ഉള്ളൂ. നിത്യവും അത്യാവശ്യമായി വരുന്ന അല്ലറ ചില്ലറ വാക്കുകൾ പത്തോ മുപ്പതോ അറിയാം, അതുകൾ തിരിച്ചും മറിച്ചും പ്രയോഗിച്ചു ഒരുവിധം ജീവസന്ധാരണം നടത്തിവരവേ ആണ് അന്നാ തമാശ സംഭവിച്ചത്...

 

മാനേജർ ജംഗ്ഷനിൽ വിട്ടു. നാലാളും സ്വന്തം ബാഗുകളിൽ ബദ്ധശ്രദ്ധരായി നടന്നു. ഇന്ന് വിളമ്പേണ്ട വീരസ്യത്തെ കുറിച്ച് ചിന്തിച്ചു തലപുകഞ്ഞു സിഗ്നൽ ക്രോസ്സ് ചെയ്യുമ്പോൾ സിഗ്നൽ പച്ച കത്തി. അവിടെ സിഗ്നൽ കാത്തുകിടന്ന പത്തായം പോലുള്ള ഒരു കാർ ശരവേഗത്തിൽ പാഞ്ഞുവരുന്നതുകണ്ട് ഞാനൊന്ന് അന്ധാളിച്ചു  ...

 

എന്റെ അടുത്തെത്തിയതും ചവിട്ടിനിർത്തി സലാം ചെയ്തതിനു ശേഷം അറബി ഒറ്റ ചോദ്യം ‘‘വെയ്ൻ ബാങ്ക് അൽ റിയാദ്?’’ (റിയാദ് ബാങ്ക് എവിടെയാണ്?).

 

ഒന്ന്‌ കിടുങ്ങിയ ഞാൻ സമനില വീണ്ടെടുത്തു.

 

ആ ചോദ്യം മനസ്സിലാക്കാനുള്ള പാണ്ഡിത്യമൊക്കെ അപ്പോഴേക്കും ആർജിച്ചുകഴിഞ്ഞ ഞാൻ എന്റെ കൂടെയുള്ള എന്റെ കൂട്ടുകാരെയൊന്നു എടക്കണ്ണിട്ടു നോക്കി ‘‘ഇത്രേം ആള് കൂടെയുണ്ടായിട്ട് അറബി എന്നോടല്ലേ ചോദിച്ചുള്ളു’’ അതായിരുന്നു എന്റെ ലൈൻ.

 

സംശയലേശമന്യേ ഞാൻ ഉറച്ച സ്വരത്തിൽ അരുളിച്ചെയ്തു ‘‘അന മാഫി കലം.’’ അറബി മുഖം ചുളിച്ചൊന്നു നോക്കി... ‘‘ലേശ്?’’ (എന്താന്ന് ?)

 

ഹോ ഇയാൾക്ക് ഇനിയും മനസ്സിലായില്ലേ ‘‘അന മാഫി കലാം’’ ഞാൻ ഉറച്ചു പറഞ്ഞു.

 

ഏറെ ഇന്ത്യക്കാരെ കണ്ടിട്ടുള്ള കുലീനനായ അറബി ഇത്രയും ധൈര്യമുള്ള ഒരു ഇന്ത്യക്കാരനെ ആദ്യമായിട്ടാവും കാണുന്നത്. അയാൾ ക്രൂദ്ധനായി എന്നെയൊന്നു നോക്കി, ആ മുഖം ചുവന്നു, പുറത്തേക്ക് കയ്യിട്ട് എന്നെ ചൂണ്ടി എന്തൊക്കെയോ എന്റെ അറബി ഡിക്ഷണറിയിലില്ലാത്ത വാക്കുകൾ ഉച്ചത്തിൽ ഉരുക്കഴിച്ചു ... അപ്പോഴേക്കും പിന്നിലുള്ള കാറുകൾ ഹോൺ മുഴക്കി ബഹളമുണ്ടാക്കി.. അയാൾക്ക്‌ കാറോടിച്ചു പോകേണ്ടിവന്നു.

 

അയാളുടെ ഭാവമാറ്റം കണ്ട് ഞാൻ, ബസ് സ്റ്റാൻഡിൽ വച്ച് തലയിൽ കാക്ക കാഷ്ഠിച്ചാലുള്ള മുഖഭാവത്തിൽ എന്റെ സഹമുറിയന്മാരെയൊന്ന് നോക്കി. അതിൽ അറബിഭാഷാപണ്ഡിതനായ രതീഷ്‌ വന്ന് എന്റഎ തോളിൽ പിടിച്ച് പറഞ്ഞു ‘‘ചേട്ടാ സിഗ്നൽ ഓൺ ആയത് ചേട്ടന്റെ ഭാഗ്യം, അല്ലേൽ അയാൾ ചേട്ടനെ തിന്നേനെ’’

 

എനിക്കപ്പോഴും ഗുട്ടൻസ് പിടികിട്ടിയിരുന്നില്ല. രതീഷ്‌ എന്നെ ഉത്ബോധിപ്പിച്ചു. ചേട്ടാ, ‘‘അന മാഫി മാലൂം’’ അതായത് ‘‘എനിക്കറിയില്ല’’ എന്ന് പറയേണ്ടതിന് പകരം ചേട്ടൻ പറഞ്ഞത് ‘‘അന മാഫി കലം’’ എന്നാണ്, അതായത് ‘‘ഞാൻ പറയില്ല’’ എന്ന്‌. അയാൾക്ക് വണ്ടി നിർത്താൻ പറ്റിയിരുന്നെങ്കിൽ നല്ല അടി കിട്ടിയേനെ

 

ഇത്‌ കേട്ട് ഞാൻ ഒരു വിഡ്ഢിച്ചിരിയിൽ എന്റെ ജാള്യത മറക്കാൻ ശ്രമിച്ചുകൊണ്ട് വേഗം നടന്നു.

 

Content Summary : Al Kamalasanan, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com