ADVERTISEMENT

ഉറക്കം നഷ്ടപ്പെടുന്നവർ (കഥ)

 

അർദ്ധ രാത്രിയുടെ നിശബ്ദതയിൽ ഉറക്കം വരാതെ ജയിലിന്റെ വരാന്തയിലൂടെ കുറേ നേരം ഞാൻ ഉലാത്തി.. ചുറ്റും മതിലുകൾ തീർത്ത ജയിൽ ഗെയിറ്റിന്റെ നടുവിലായി സ്ഥാപിച്ച നേരിയ വിടവിലൂടെ പുറത്തേക്ക് നോക്കി.. പുറം ലോകത്തിന്റെ സ്വതന്ത്രമായ കാറ്റുകൾ ആസ്വദിച്ച് എത്ര നേരം അവിടെ നിന്നെന്ന് അറിയില്ല.. ആകാശത്തിൽ നിന്ന് ഉറ്റി വീഴുന്ന മഴ തുള്ളികളുടെ ശബ്ദം  ഏകാന്തതയുടെ നിശബ്ദതയിൽ ഏതോ വിരഹ സംഗീതം പോലെ തോന്നിച്ചു..

 

സ്വാതന്ത്രത്തിനായി യാചിക്കുന്ന കൂട്ടിലടക്കപ്പെട്ട ഒരുപാട് പക്ഷികളുടെ ചിറകടികളുടെ ശബ്ദങ്ങൾ കാതിലൂടെ തുളച്ച് കയറുന്നതു പോലെ അനുഭവപ്പെട്ടു.. ആകാശത്തിന്റെ വിശാലതയിൽ പറന്ന് നടന്ന് മഴയും, കാറ്റും, തണുപ്പും കാടുകളുടെ സൗന്ദര്യവും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആ പക്ഷികളുടെ രോധനങ്ങൾ ശരിക്കും അനുഭവിച്ചു..

 

ഡിസംബറിന്റെ തണുത്ത കാറ്റ് വാതിലിന്റെ വിടവിലൂടെ തിക്കി തിരക്കി ഉള്ളിലേക്ക് കടന്ന് പുതപ്പിന്റെ ഒഴിഞ്ഞ ഭാഗത്തിലൂടെ  ഉറങ്ങുന്നവരെ ഇക്കിളിപെടുത്തി.. ചിലർ ഒന്ന് കൂടി പുതപ്പ് നേരയാക്കി ഉറക്കം തുടർന്നു.. വർഷത്തിൽ രണ്ടോ മൂന്നോ ദിവസം പെയ്യുന്ന മഴ ആസ്വദിക്കാൻ വല്ലാത്ത ഒരു സുഖമായിരുന്നു പ്രവാസ ജീവിതത്തിൽ.. പലപ്പോഴും കർക്കിടക മാസത്തിലെ ചില ഓർമകൾ മഴയോടൊപ്പം മനസ്സിൽ പെയ്തിറങ്ങാറുണ്ട്.. പക്ഷേ ഈ മഴക്കോ തണുത്ത കാറ്റിനോ മനസ്സിനെ തണുപ്പിക്കാൻ കഴിഞ്ഞില്ല.. ശരിക്കും ഉറങ്ങിയിട്ട് ദിവസങ്ങളായി.. മകളുടെ കിന്നാരങ്ങൾ ഫോണിലൂ‌ടെയാണെങ്കിലും കേട്ടിട്ട് നാളുകളായി.. ഞാൻ വിളിക്കാത്തതിന്റെ കാരണം എന്തായിരിക്കും ഭാര്യ മകളോട് പറഞ്ഞിട്ടുണ്ടാവുക ആവോ?.. ചിന്തകൾ എവിടെയൊക്കയോ സ്വതന്ത്രമായി സഞ്ചരിച്ചു.

 

ഇടയ്ക്കിടെ പോലീസ്കാർ പുതിയ പുളളികളുമായി വന്ന് ഗെയിറ്റ് തുറന്ന് ഉള്ളിലേക്ക് തള്ളി കടന്നു പോയി.. പല രാജ്യക്കാർ, പല ഭാഷക്കാർ, വ്യത്യസ്ഥപ്രായത്തിലുള്ളവർ .. പക്ഷേ എല്ലാവരുടെയും മുഖത്ത് ഒരേ വികാരം. നിറയെ ആളുകളുണ്ടായിട്ടും ശ്മശാനത്തെ ഓർമിപ്പിക്കുന്ന നിഗൂഢമായ നിശബ്ദത കെട്ടിടത്തിന്റെ പുറത്തേക്ക് പോവാനാവാതെ തളം കെട്ടി നിൽക്കുന്നു... കുടുംബ ഭാരം ചുമലിലേറ്റി മരുഭൂമിയുടെ പച്ചപ്പ് തേടി വിമാനം കയറി വന്നവർ.. ആകാശത്തിന്റെ വിശാലതയിലേക്ക് പറന്ന് ഉയരുന്ന ഒരുപാട് സ്വപ്നങ്ങൾ ഒന്ന് ചിറക് അടിക്കാൻ പോലും കഴിയാതെ കൂട്ടിലടക്കപ്പെട്ടിരിക്കുന്നു. ഓരോരത്തരും ദു:ഖങ്ങൾ പരസ്പരം പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്. ഫോൺ വിളി കാത്ത് നാട്ടിൽ ഉറങ്ങാതെ കാത്തു കിടക്കുന്ന വീട്ടുകാരെ ഓർത്താണ് എല്ലാവരുടെയും ദു:ഖം..

 

ഓരോ പുതിയ ആളുകൾ വരുമ്പോഴും എല്ലാവരും ഒത്ത് കൂടും. വിശേഷങ്ങൾ അന്വേഷിക്കും. അവരെ സമാധാനിപ്പിച്ച് ധൈര്യം നൽകും. പലരും ആദ്യമായി ജയിലിൽ എത്തുന്നതു കൊണ്ടുള്ള ഭീതിയിലായിരിക്കും.. അധിക പേരും കഫീലിന്റെ ക്രൂരതകളിൽ സഹികെട്ട് ഓടിപോയി വേറെ ജോലി ചെയ്യുന്നതിനിടയിൽ പിടിക്കപ്പെട്ടവർ. ചിലർ കമ്പനികൾ പൂട്ടിപ്പോയതു കൊണ്ട് വിസ അടിക്കാൻ കഴിയാത്തവർ... മറ്റു ചിലർ വിസക്ക് പൈസ വാങ്ങിച്ച് കഫീൽ അവർ അറിയാതെ ചാടിപ്പോയി എന്ന് പരാതി കൊടുത്ത് പിടിക്കപെട്ടവർ അങ്ങനെ ഓരോ കാരണങ്ങൾ..

 

‘‘നീ ഇത് വരെ ഉറങ്ങിയില്ലേ?’’

 

ചിന്തയിൽ നിന്ന് ഞെട്ടി തിരിഞ്ഞ് നോക്കി. ചുമലിൽ തട്ടി ചോദിച്ചത് ഇംറാൻക്കായായിരുന്നു... ആ വാർഡിലെ ഏറ്റവും പഴക്കമുള്ള ജയിൽ പുള്ളി.. തലമുടിയും, താടി രോമങ്ങളും പൂർണ്ണമായും നരച്ചിരിക്കുന്നു.

 

സാമാന്യം ആരോഗ്യമുള്ള ശരീരം.. അയാൾ ജയലിൽ എത്ര വർഷമായന്നോ ചെയ്ത കുറ്റമെന്താണന്നോ എനിക്കറിയില്ല.. എപ്പോഴും പുഞ്ചിരിച്ച് കൊണ്ട് പുതിയ ആളുകളെ സമാധാനിപ്പിക്കുന്നത് ഇംറാനിക്കയാണ്.. ചുരുക്കം പറഞ്ഞാൽ അയാളെ കണ്ടാൽ ഒരു ജയിൽ പുള്ളിയാണന്ന് ആരും പറിയില്ല.. അല്ലങ്കിലും മനുഷ്യർ അങ്ങനെയാണല്ലോ ഏത് പ്രതിസന്ധികളിലും ദീർഘ നാൾ അകപ്പെട്ടാൽ അത് ജീവിത ശൈലിയായി മാറും.. പിനെ അതിനെ ഓർത്ത് സങ്കടപ്പെടില്ല..

 

‘‘ഉറക്കം വരുന്നില്ല.. കണ്ണ് അടയ്ക്കുമ്പോയേക്കും വീട്ടുകാരുടെ ചിത്രങ്ങൾ മനസ്സിൽ വരുന്നു... പാവം അവർ വളരെ വിഷമിച്ചായിരിക്കും വീട്ടിലിപ്പോൾ’’

 

ഞാൻ തേങ്ങലുകളെ തടഞ്ഞു നിർത്തി പറഞ്ഞു തീർത്തു.

 

കുറച്ച് നേരം അയാൾ ഒന്നും മിണ്ടിയില്ല. പുറത്തെ മഴയെ നോക്കി നിന്നു.

 

 

‘‘നല്ല മഴയാണ് അല്ലേ?.. എത്ര കാലമായി ഒരു മഴ ആസ്വദിച്ചിട്ട്.. കർക്കിടകത്തിന്റെ ഇരുണ്ട ദിനങ്ങൾ.. നിർത്താതെ പെയ്യുന്ന മഴ.. വീടിന്റെ മുൻപിലെ വയലിലൂടെ പരന്ന് ഒഴുകുന്ന വെള്ളം.. വലയുമായി മീൻ പിടിക്കാൻ പോവുന്ന രംഗങ്ങൾ... എല്ലാം മനസ്സിൽ ഓർമകൾ മാത്രം..’’

 

അയാൾ ഒന്ന് പുഞ്ചിരിച്ചു... കർക്കിടകത്തിന്റെ ഇരുണ്ട ദിനങ്ങളിലെ കാർമേഘങ്ങളുടെ ഇടയിലൂടെ ചിലപ്പോഴൊക്കെ ഉദിക്കുന്ന സൂര്യനെ പോലെയായിരുന്നു ആ പുഞ്ചിരി...

 

‘‘നാം വിചാരിക്കും നമ്മുക്ക് ആരൊക്കയോ ഉണ്ടന്ന്.. നമ്മെ ഓർത്ത് വിഷമിച്ചിരിക്കുമെന്ന്. എല്ലാം നമ്മുടെ തോന്നലുകളാണടോ... നമ്മുടെ മനസ്സിനെ നാം പഠിപ്പിച്ച് വെച്ച വെറും തോന്നലുകൾ. ആ തോന്നലുകൾ നഷ്ടപ്പെടുമ്പോൾ ജീവിതം ശൂന്യമാവും.. ഓർമകളും, ചിന്തകളും ലക്ഷ്യമില്ലാതെ ശൂന്യതയിലൂടെ ഒഴുകി നടക്കും.. പറന്ന് ചിറക് തളരുമ്പോൾ പക്ഷികൾ മരചില്ലകൾ തിരയുംപോലെ തന്റെ ദു:ഖങ്ങൾ ഇറക്കി വെക്കാൻ ഒരു ഇടം തിരയും... ആർക്കും ആരെയും ഓർക്കാൻ സമയമുണ്ടാവില്ലെടോ... കുറച്ച് ദിവസങ്ങൾ ഓർത്തെന്ന് വരാം.. പിന്നീട് എല്ലാ ഓർമകളും പതിയെ പതിയെ നശിച്ച് ഭൂമിയിലെ മണ്ണുമായി അലിഞ്ഞ് ചേരും.. ഉപയോഗമില്ലാത്ത സാധങ്ങൾ ആരെങ്കിലും സൂക്ഷിക്കുമോ? അല്ലങ്കിലും മുമ്പ് മധുരമുള്ള കായ്കൾ തന്ന് എന്ന കാരണം കൊണ്ട് മരങ്ങൾ ഉണങ്ങുമ്പോൾ അതിനെ വെട്ടാതിരിക്കില്ലല്ലോ?.. അതിനെ വെട്ടി കത്തിച്ച് വെണ്ണീറാക്കി പുതിയ വൃക്ഷങ്ങൾക്ക് ഇട്ട് കൊടുക്കുന്നത് നീ കണ്ടിട്ടില്ലേ? അത് ഒരു പ്രകൃതി നിയമമാണ് ആരെയും കുറ്റപ്പെടുത്തീട്ട് കാര്യമില്ല...’’

 

കുറച്ച് നേരം അയാൾ ഒന്നും മിണ്ടിയില്ല... ഭീകരമായ നിശബ്ദത.. പുറത്ത് മഴയുടെ ശക്തി ഒന്നു കൂടി വർദ്ധിച്ചിട്ടുണ്ട്.. 

 

‘‘എന്തേ ഇംറാനിക്ക ഉറങ്ങാത്തത്?’’

 

നിശബ്ദതയിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ചോദിച്ചു...

 

സാധാരണയായി ആദ്യം ഉറങ്ങുക അയാളായിരുന്നു..

 

‘‘ഉറക്കം വരുന്നില്ലടോ’’

 

വിദൂരയിൽ നോക്കി തന്നെ അയാൾ മറുപടി പറഞ്ഞു... അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു പോയിരിക്കുന്നു .. ഏത് സമയത്തും പെയ്തിറങ്ങുന്ന മേഘങ്ങൾ പോലെ അയാളുടെ മുഖം കറുത്തു വന്നു... ഏതോ അഗാധമായ ചിന്ത അയാളെ വേട്ടയാടുന്നതു പോലെ തോന്നി...

 

‘‘ശരിക്കും പറഞ്ഞാൽ ഉറക്കം മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യമാണ്.. ഒന്ന് ഉറങ്ങുമ്പോഴല്ലേ നമ്മുക്ക് കുറച്ച് സമാധാനം ലഭിക്കുന്നത്.. കുറച്ച് സമയമെങ്കിലും എല്ലാ സങ്കടങ്ങളും, ദു:ഖങ്ങളും മറക്കാൻ കഴിയുന്നത് ഉറക്കത്തിലല്ലേ?.. ചില സമയങ്ങളിൽ ഉറങ്ങുമ്പോൾ നാം ഇഷ്ടപ്പെടുന്നവർ നമ്മുടെ അടുക്കൽ വരുന്നു.. അങ്ങനെ ഉറക്കത്തിലെങ്കിലും നമുക്ക് സന്തോഷം ലഭിക്കുന്നു. ഉറക്കവും നഷ്ടപ്പെടുമ്പോളാണ് ആളുകൾ സമാധാനം കിട്ടാൻ വേണ്ടി  ഉറക്കെ ചിരിക്കുന്നത് അല്ലെങ്കിൽ കരയുന്നത്, ചിലർ സ്വയം സംസാരിച്ചു കൊണ്ടിരിക്കും, മറ്റ് ചിലർ ഉറക്കെ പാട്ടു പാടും അതിന് നമ്മൾ ഭ്രാന്ത് എന്ന് പേരിട്ട് വിളിക്കുന്നു.. ഇതിനൊന്നും കഴിയാത്തവർ  ഹൃദയം പൊട്ടി മരിക്കും. ഇതിന്റെയൊക്കെ അടിസ്ഥാന കാരണം ഒന്നായിരിക്കും.. നമ്മെ ചേർത്ത് പിടിക്കുമെന്ന് പ്രതീക്ഷച്ചവർ നമ്മെ ഒറ്റപ്പെടുത്തുകയും, കുറ്റപ്പെടുത്തുകയും ചെയ്യുമ്പോളുണ്ടാവുന്ന മാനസിക വിഷമം .. ശരിയല്ലേ?’’

 

ഞാൻ ഒന്നും മറുപടി പറഞ്ഞില്ല.. പൂർണ്ണമായും ശരിയാണെന്ന് എനിക്ക് തോന്നി..

 

അയാൾ കൈയിലുള്ള തോർത്തു മുണ്ട് കൊണ്ട് കണ്ണുകൾ തുടച്ചു..

 

‘‘ഇന്ന് എന്റെ മൂന്നാമത്തെ മകളുടെ കല്യാണമാ.. അവൾക്കിപ്പോൾ ഇരുപത് വയസ്സായി.. ഞാൻ അവളെ അവസാനമായി കണ്ടത് അവളുടെ മൂന്നാമത്തെ വയസ്സിലാ’’

 

അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒരു പേമാരി കണക്കെ പെയ്തിറങ്ങി... ഭീകരമായ നിശബ്ദതയിൽ അയാളുടെ തേങ്ങലുകൾ ലയിച്ച് ചേർന്നു..

 

‘‘ഒരു മകളെ പോലും നികാഹ് ചെയ്ത് അയയ്ക്കാൻ എനിക്ക് അവസരം ഉണ്ടായില്ല... ആരോ ചെയ്ത കുറ്റത്തിന് നീണ്ട പതിനെട്ട് വർഷം ഈ തടവറയിൽ കഴിച്ചു കൂട്ടി ... എത്രയോ മരണങ്ങൾ എത്രയോ ജനനങ്ങൾ ഞാൻ അറിയാതെ പോയി.. ആർക്കറിയാം ഇപ്പോൾ ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്ന്..’’

 

കുറേ സമയം അയാൾ ഒന്നും മിണ്ടിയില്ല..

 

‘‘എല്ലാം ശരിയാവും.. നിങ്ങൾ വിഷമിക്കേണ്ട .. എല്ലാ പ്രയാസങ്ങൾക്കും ഒരു അന്ത്യമുണ്ടാവും’’

 

ഞാൻ പതിഞ്ഞ സ്വരത്തിൽ അയാളെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു..

 

ഇത് കേട്ടപാട് അയാൾ ഒന്ന് തുറിച്ച് നോക്കി.. പിന്നെ പെട്ടന്നയാൾ ചിരിക്കാൻ തുടങ്ങി.. ഉറക്കെ ഉറക്കെ ചിരിച്ചു ആ ജയിൽ മുഴുവൻ കേൾക്കത്തക്ക വിധത്തിൽ ആ ചിരികൾ ഉയർന്നു..

 

‘അതെ ഉറക്കം നഷ്ടപ്പെടുമ്പോൾ ചിലർ സമാധാനം കിട്ടാൻ വേണ്ടി ചിരിക്കും’

 

Content Summary: Urakkam Nashtapedunnavar, Malayalam short story

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com