ADVERTISEMENT

ഇരുണ്ട

ഇടനാഴി

കടന്നാൽ

ആദ്യത്തെ

മുറിയിൽനിന്ന്

ഇരുട്ടു തള്ളിത്തുറന്ന്,

ഒച്ച അലറിയോടി

അമ്മേ...

“നല്ലപോലെ മുക്ക്

കന്നിപ്പേറല്ലേ

വേവുകൂടും...”

“ങ്ഹേ ങ്ഹേ”

ഒരു പിള്ളക്കരച്ചിൽ

ചാലുപൊട്ടിയൊഴുകി.

 

കേട്ടുനിന്നോരടെ

കാലുണർന്നു

തറ പൊങ്ങി

കണ്ണുകൾ ചോദ്യങ്ങളായി...

ചെക്കനാ...

ആവൂ...

എല്ലാരും ചിരിച്ചു.

രണ്ടും രണ്ട് പാത്രായല്ലോ

ദേവീ...

 

പ്രാർഥന, ചിരി, ആഘോഷം

നാളെ നാത്തൂന് തുള്ളി

വെള്ളം കൊടുക്കാൻ

ആളായീലോ.

പേറ്റുനോവ് മറന്നമ്മ

കുഞ്ഞിനെ തൊട്ടു.

രാഘവൻ ഭാഗ്യോള്ളോനാ

മൂത്തത് ആങ്കുട്ടിയല്ലേ,

ഇനി അവൻ നോക്കും

എല്ലാം.

 

ഉണ്ണി വളർന്നു

കളിച്ചു

വീണു

തൊലിയുരഞ്ഞു

ചോപ്പ് കണ്ടു

കരഞ്ഞു.

അയ്യേ, ആങ്കുട്ട്യോള് കരയേ?

കുട്ടി കണ്ണീരുവിഴുങ്ങി

ചിരിച്ചു

തൊണ്ട കുതിർന്നു

നെഞ്ചു വീർത്തു

കുട്ടി വീണ്ടും ചിരിച്ചു.

 

ഉണ്ണി പിന്നേം വളർന്നു

താഴേള്ള

പെമ്പിള്ളേരും വളർന്നു

പാവം അച്ഛൻ തളർന്നു

അമ്മ നരച്ചു

ന്റെ മോനേ, അമ്മ കരഞ്ഞു

ന്റെ കുട്ട്യേ, അച്ഛൻ വിറച്ചു

ഏട്ടാ, പിള്ളേര് പ്രതീക്ഷപ്പൂക്കൾ

കൂടയിൽ നിറച്ചു.

മൂത്തോനല്ലേ

കുടുംബം നോക്കേണ്ടോൻ

പോറ്റേണ്ടോൻ...

 

നോക്കി

നല്ലോണം നോക്കി

പെമ്പിള്ളേരെല്ലാം

വയസ്സറിയിച്ചപ്പോൾ

നാലാളെ വിളിച്ചു

സദ്യ കൊടുത്തു

പറഞ്ഞുവിട്ടു

മാന്യമായി

തല ഉയർത്തി

നെഞ്ചുവിരിച്ച്

കണ്ണു നിറഞ്ഞു

കോന്തല നനഞ്ഞു

ആണല്ലേ, കരയില്ല

താങ്ങാൻ ആരും വേണ്ട

ആണല്ലേ...

 

എല്ലാരും പോയി

അച്ഛനും

അമ്മേം പോയി

മരുമക്കളും വലിയോരായി

ഉണ്ണി

നരച്ചുകൊരച്ചു തുടങ്ങി

എന്നിട്ടും

കരഞ്ഞില്ല

ആണുങ്ങൾക്ക് കരഞ്ഞൂടാ

ശാപം കിട്ടും.

 

പങ്കുപറ്റാൻ

വറ്റില്ലാഞ്ഞിട്ടും

ഭാഗം വയ്ക്കാൻ

മണ്ണില്ലാഞ്ഞിട്ടും

തന്തയ്‌ക്ക് പോകാറായില്ല,

“ശവം!

ചത്താല് ശല്യം ഒഴിഞ്ഞേനെ”.

 

നെഞ്ചുപൊട്ടി

കരളുവിങ്ങി

കണ്ണുകലങ്ങി

ചുണ്ടുമുറിഞ്ഞു.

എന്നിട്ടും

കരഞ്ഞില്ല

ഉണ്ണിയേട്ടൻ.

 

രാത്രി

ഒറ്റയ്ക്കായപ്പോൾ

ഇരുട്ടുവിഴുങ്ങിയപ്പോൾ

തെക്കുന്നൊരു

പുഴ ഒഴുകി

അയാളെ നനച്ചു...

പുഴയിൽ

എന്തോരം

കണ്ണീരാ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com