ADVERTISEMENT

നിർദ്ദേശങ്ങൾ (കഥ)

പ്ലാറ്റിനം ജൂബിലിയൊക്കെ ആഘോഷിച്ചിട്ട് ഒന്നര ദശാബ്ദം പിന്നേയും കടന്നു പോയി പക്ഷെ ഇപ്പോഴും ആള് പയറു പോലെയാണ്. തന്നെക്കാൾ ഒരു വയസ്സിന് ഇളപ്പമുള്ള എന്നാൽ യാതൊരു അസുഖവുമില്ലാത്ത ഭാര്യ അസുഖമുള്ള തന്നെക്കാൾ മുന്നേ കടന്നു പോയപ്പോൾ ഒന്നു ഉടഞ്ഞതാണ് അതോടെ സ്വഭാവം ഒന്നു കൂടി പരുക്കനായിരുന്നു. ക്രമേണ ഈ ലോകത്തോട് ഒരിക്കൽ വിട പറയണമെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടപ്പോൾ മൂപ്പര് സാധാരണ നിലയിലായി. അല്ലെങ്കിലും കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലായെന്നാണല്ലോ പറയുന്നത്! മാത്രമല്ല ഓഫീസിൽ സ്റ്റാഫിനെ പിഴിയുന്നത് വേറെ എവിടെയെങ്കിലും കൊടുക്കാതെ പറ്റില്ലല്ലോ! അത് കൊണ്ടായിരിക്കണം അറുപത് വയസ്സ് കഴിഞ്ഞ, ഒരു കമ്പനിയിൽ നല്ല പദവിയിലിരുന്ന പുത്രനെ ജോലി ചെയ്തിരുന്ന കമ്പനിക്കാർ വീട്ടിലിരുത്തിയപ്പോൾ അവനും കുടുംബത്തിനും ചിലവിനു കൊടുക്കേണ്ടതും പുത്രസ്നേഹിയായ പിതാവിന്റെ കടമയായി മാറി കലികാല വൈഭവം എന്നല്ലാതെ എന്തു പറയാൻ! എന്തൊരു നല്ല അപ്പൻ ! പുത്രൻ തനിക്കു അവകാശമായി കിട്ടിയ രണ്ടാം നിലയിൽ കുപ്പിയും ഗ്ലാസ്സുമായി രാവിലെ മുതൽ ഇരിക്കും. അപ്പൻ രാവിലെ ഇറങ്ങും മാർക്കറ്റിലേക്ക്! പാർട്ടികളെക്കണ്ട് കൊടുക്കാനുള്ളത് കൊടുത്തും വാങ്ങിയും ഉച്ചയ്ക്ക് മുന്നെ ഓഫീസിലെത്തും. ലിഫ്റ്റ് ഉണ്ടെങ്കിലും ബോസ്സിന് പടികൾ നടന്നു കയറുകയാണ് ശീലം. കണ്ട ഉടനെ സെക്രട്ടറി പറഞ്ഞ സുപ്രഭാതം വായുവിൽ ലയിച്ചതല്ലാതെ മറുപടി ഉണ്ടായില്ല അങ്ങനെ ഒരു മര്യാദ പഠിച്ചിട്ടില്ല. അതിനു മുന്നെ അന്നു ചെയ്യേണ്ട ജോലികളെപ്പറ്റി പറയാൻ തുടങ്ങി. പറഞ്ഞത് പകുതിയും കിതപ്പിനിടയിൽ വിഴുങ്ങിപ്പോയതു കൊണ്ട് പറഞ്ഞത് മനസ്സിലായില്ല എന്നു തോന്നിക്കാണും. സെക്രട്ടറിയോട് പറഞ്ഞു 'വാ'. "പറഞ്ഞ ഉടനെ ചാടിക്കേറി പോകരുത് "എന്ന് സെക്രട്ടറിയുടെ അന്തർഗതം മൊഴിഞ്ഞു കാരണം സ്വന്തം സീറ്റിൽ ഇരുന്നു കഴിഞ്ഞ ഉടനെ അന്ന് ഡ്രൈവറെക്കൊണ്ട് ചെയ്യിക്കേണ്ട ജോലികൾ കൊടുക്കും അതിനിടയിൽ പാൻട്രിക്കാരൻ മേശപ്പുറത്തു വെച്ചിരിക്കുന്ന വെള്ളം ഒരു കവിൾ അകത്താക്കും അപ്പോഴേക്ക് എത്തിയാൽ മതി.

സെക്രട്ടറിയെ കണ്ട ഉടനെ പറഞ്ഞു "വിസ ഫോം വേണം". അപ്പോൾ സെക്രട്ടറിക്ക് മനസ്സിലായി ആള് പുറത്തു പോവുകയാണ്. എപ്പോൾ എന്നറിയില്ല. ഇങ്ങനെ ഒരു ചടങ്ങുണ്ട് അങ്ങേർക്ക് രണ്ടു മൂന്നു വർഷം കൂടുമ്പോൾ ഇളയ മോന്റെ കൂടെ പോയി മൂന്നു മാസം താമസിക്കും. പിന്നെ വരുമ്പോൾ രണ്ടോ മൂന്നോ പായ്ക്ക് നിലക്കടല വറുത്തതും മകന് ആവശ്യമില്ലാത്ത കാർട്രിഡ്ജ്, അല്ലെങ്കിൽ അതു പോലെ അവിടെ ആവശ്യമില്ലാത്ത ലാപ്ടോപ്, ഐപാഡ് ഒക്കെയായി ഒരു തിരിച്ചു വരവാണ്. അതു കഴിഞ്ഞ് നിലക്കടല വറുത്തത് നന്നായി പായ്ക്ക് ചെയ്ത് ഓഫീസിൽ കൊണ്ടു വന്ന് ഇഷ്ടപെട്ടവർക്ക് കൊടുക്കും. വർഷങ്ങളായി അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്തിട്ട് ഒരു രൂപയുടെ മിഠായി പോലും കിട്ടാത്ത ദുഃഖിതർ സന്തോഷത്തോടെ ആ സമ്മാനം വാങ്ങി ബോസ്സിനെ തെറ്റിദ്ധരിച്ച കുറ്റബോധത്തോടെ പൊതിയഴിക്കാൻ തുടങ്ങും അതിങ്ങനെ കൗരവസഭയിൽ അഴിക്കപ്പെട്ട പാഞ്ചാലിയുടെ സാരി പോലെ നീണ്ടു കിടക്കുകയാണ്. ഒടുവിൽ തുറന്നു കഴിയുമ്പോഴാണ് മനസ്സിലാവുക "വറുത്ത കടല"  തണുപ്പ് കൂടുമ്പോൾ എല്ലാവരും തിന്നുന്ന സാധനം. പിന്നെ പിറു പിറുക്കും " ഇതാണോ അമേരിക്കയിൽ നിന്ന് കൊണ്ടു വന്നത്? ബോസ്സല്ലെ തിരിച്ചു കൊടുത്ത് അദ്ദേഹത്തിന്റെ അപ്രീതി സമ്പാദിക്കാനും ആരും തയാറല്ല. മാത്രമല്ല ആരും പരസ്പരം പറയാത്തത് കൊണ്ട് കിട്ടിയവർ വിചാരിക്കുന്നത് ഇത് തനിക്ക് മാത്രം കിട്ടിയതാണെന്നാണ്.

വിസഫോം  ഡൗൺലോഡ് ചെയ്തു ബോസ്സിന് കൊടുത്തു അതിന്റെ കൂടെ കൊടുക്കേണ്ട അത്യാവശ്യം വേണ്ടുന്ന തിരിച്ചറിയൽ രേഖകളെപ്പറ്റിയൊക്കെ പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ബോസ്സിന്റെ നിർദ്ദേശങ്ങൾ വരാൻ തുടങ്ങി. അതൊക്കെ കേട്ട് സീറ്റിലേക്ക് മടങ്ങി. കൊറോണ കാരണം സായ്പൻമാർ വിസ ഫോമിന്റെ പണിയൊക്കെ പുറത്തു കൊടുത്തു. അല്ലെങ്കിൽ അതും സെക്രട്ടറി ചെയ്യേണ്ടി വന്നേനെ. അയാൾ യു.എസ് വിസാ ഫോമിലൂടെ ഒന്നു കണ്ണോടിച്ചു നോക്കിയപ്പോഴാണ് മനസ്സിലാകുന്നത് സായ്പൻമാർ എത്ര നിഷ്കളങ്കരാണെന്ന് മനസ്സിലാകുന്നത്. നിങ്ങൾ എന്തിനാണ് യുഎസിൽ വരുന്നത് എന്നാണ് ചോദ്യം കൂടാതെ പിന്നെയുള്ള ചോദ്യങ്ങൾ നിങ്ങൾ തീവ്രവാദിയാണോ? കുടുംബത്തിൽ ആരെങ്കിലും തീവ്രവാദിയാണോ? കുട്ടികളെ കടത്തുന്നയാളാണോ? സ്ഫോടക വസ്തുക്കൾ ഉണ്ടാക്കാനറിയുമോ? മാനസിക രോഗിയാണോ? നിങ്ങൾക്ക് പകർച്ചവ്യാധി ഉണ്ടോ? നിങ്ങൾ വരുന്നത് വ്യഭിചരിക്കാനാണൊയെന്ന് വരെ ചോദിച്ചിട്ടുണ്ട്? ഒരു വ്യക്തിയുടെ സ്വഭാവം ആ പൂരിപ്പിച്ച ഫോം നോക്കിയാൽ മനസ്സിലാകും അതാണ് സായ്പിൻറ സൂത്രം! തനിക്ക് എതിരായി വിധിച്ച ജഡ്ജിയെ കൊന്ന ജനാധിപത്യ രാജ്യത്തിലെ ഒരു പൗരൻ എങ്ങനെയാണാവോ ഇതിനൊക്കെ ഉത്തരം കൊടുക്കുക എന്നാലോചിക്കുമ്പോഴേക്ക് ഫോൺ ബെല്ലടിച്ചു. ബോസ്സായിരുന്നു. പറഞ്ഞ കാര്യങ്ങളിൽ പുതിയ നിർദ്ദേശങ്ങൾ വല്ലതും തോന്നിക്കാണും അത് കേൾക്കാനായി സെക്രട്ടറി ബോസ്സിന്റെ റൂമിലേക്ക് നടന്നു.

Content Summary: Malayalam Short Story ' Nirdesangal ' written by Nanu T.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com