അച്ഛന്റെ മരണം, അമ്മയുടെ രണ്ടാം വിവാഹം; ഒറ്റപ്പെട്ട് മകൾ
Mail This Article
അവൾ ഹോസ്റ്റലിന്റെ മുന്നിൽ നിന്നും ബസിൽ കേറി. നേരിട്ട് വീടിന്റെ മുന്നിൽ ഇറങ്ങാൻ പറ്റുന്ന ബസുണ്ട്. പത്തു മിനുട്ട് നിന്നാൽ അത് കിട്ടും. വേണ്ട. സ്റ്റാൻഡിൽ ഇറങ്ങി മാറി കേറാം. അപ്പൊ പിന്നെയും ഒരു മണിക്കൂർ വൈകിയേ വീട്ടിലെത്തൂ. അവൾ കേറിയപ്പോൾ ബസിൽ നല്ല തിരക്ക്. ഇരിക്കാൻ പോയിട്ട് നിൽക്കാൻ പോലും സ്ഥലമില്ല. കടവന്ത്ര കഴിഞ്ഞപ്പോഴാണ് ഇരിക്കാൻ ഒരു സീറ്റ് കിട്ടിയത്. അതും മുന്നിലെ ലോങ്ങ് സീറ്റ്. അതും ഏറ്റവും അറ്റത്ത്. അവളുടെ മുന്നിൽ ബസിന്റെ ചില്ല് മാത്രം. ബസ് ആക്‌സിഡന്റ് ആയാൽ ഈ ചില്ല് പൊട്ടിത്തെറിച്ചു എന്റെ മേല് കുത്തിക്കേറി ഞാൻ മരിക്കുമോ. അങ്ങനെ മരിച്ചാൽ മതിയായിരുന്നു. എന്തിനാ ഞാൻ വീട്ടില് പോണേ? ആരാ അവിടെ ഉള്ളത്. അമ്മയുടെ കല്യാണം കഴിഞ്ഞു ആദ്യമായാണ് വീട്ടിൽ പോകുന്നത്. അവിടെ ചെല്ലുമ്പോൾ എന്താകുമോ ആവോ? എന്റെ മുറി എങ്ങാനും അയാളുടെ മക്കൾക്ക് കൊടുത്ത് കാണുമോ? അമ്മ എന്നോട് പഴയ പോലെ സ്നേഹം കാണിക്കുമോ? എനിക്കറിയില്ല. ഒരു മാസം എങ്ങനെയെങ്കിലും അവിടെ നിൽക്കണം. ഹോസ്റ്റൽ പൂട്ടി. ഇനി വെക്കേഷൻ ക്ലാസ്സ് തുടങ്ങിയാലെ തുറക്കൂ. പ്ലസ് ടു ക്ലാസ്സ് ഒന്ന് വേഗം തുടങ്ങിയാൽ മതിയായിരുന്നു. രേഖ ഇങ്ങനെ ഓരോന്ന് ആലോചിച്ചു പുറത്തേക്ക് നോക്കിയിരുന്നു. പെട്ടെന്ന് ബസ് സഡൻ ബ്രേക്കിട്ടു. ഒരമ്മയും മോളും റോഡിന്റെ നടുക്ക് സ്കൂട്ടറിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നു. "വണ്ടി എടുത്ത് മാറ്റ് ചേച്ചി!!" ബസ് ഡ്രൈവർ ആക്രോശിച്ചു. അവൾ ഡ്രൈവറുടെ മുഖത്തേക്ക് നോക്കി. അയാൾ ആ സ്ത്രീയെ പുച്ഛ ഭാവത്തിൽ നോക്കുന്നു. കണ്ടക്ടറോട് അവരെ കളിയാക്കി എന്തൊക്കെയോ അർഥം വെച്ചു സംസാരിക്കുന്നു.
ബസിലെ കണ്ടക്ടർ ഇറങ്ങി പോയി ആ ചേച്ചിയുടെ സ്കൂട്ടർ റോഡിന്റെ സൈഡിലേക്ക് മാറ്റിയിടാൻ സഹായിച്ചു. അയാൾ തിരിച്ചു വന്ന് വണ്ടിയിൽ കേറിയപ്പോൾ ഒരു മുത്തശ്ശി ആരോടെന്നില്ലാതെ പറഞ്ഞു "ഇന്നത്തെ കാലത്തും സഹായിക്കാൻ മനസ്സുള്ള കുട്ടികൾ ഉണ്ടല്ലോ." രേഖ അപ്പോഴാണ് അയാളെ ശ്രദ്ധിച്ചത്. ഒരു ചെറുപ്പക്കാരൻ. കൂടിയാൽ ഇരുപത്തിയഞ്ചു വയസ്സ്. സുമുഖൻ. സുസ്മേരവദനൻ. അയാളെ പോലെ ഞാൻ എപ്പോഴാണ് അവസാനമായി ചിരിച്ചത്. ഒന്ന് പുഞ്ചിരിച്ചത്. ഓർമയില്ല. അച്ഛൻ ഉണ്ടായിരുന്ന കാലത്ത് ആയിരിക്കും. പത്താം ക്ലാസ് വരെ വീട് സ്വർഗം ആയിരുന്നു. അച്ഛന്റെ കുടിയാണ് ഞങ്ങളുടെ കുടുംബം തകർത്തത്. അച്ഛന്റെ മരണം വളരെ അപ്രതീക്ഷിതമായിരുന്നു. എങ്ങനെയാണ് പത്താം ക്ലാസ്സ് പാസ്സ് ആയതെന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ. പിന്നെ ഓപ്ഷൻ കൊടുത്ത് കിട്ടിയതോ അങ്ങ് ദൂരെ ഉള്ള സ്കൂളിൽ. അമ്മയ്ക്ക് അപ്പൊ തന്നെ എന്നെ ഹോസ്റ്റലിൽ ആക്കണം. അമ്മയ്ക്ക് വേണ്ടി അന്ന് മുതലേ തീരുമാനം എടുത്തിരുന്നത് അയാളല്ലേ. മുഴുവൻ അവരുടെ രണ്ട് പേരുടെയും പ്ലാൻ ആയിരുന്നു. അച്ഛന്റെ വക്കീൽ ആയിരുന്നു അയാൾ. പണ്ട് അച്ഛനുള്ളപ്പോൾ വീട്ടിൽ ഇടയ്ക്ക് വന്ന് പോകുമായിരുന്നു. അച്ഛൻ പോയി കഴിഞ്ഞപ്പോൾ പിന്നെ സ്ഥിരം വരവായി. എന്റെ കാര്യങ്ങളിൽ ഇടപെട്ട് തുടങ്ങി. അയാൾ പറയുന്നത് മാത്രമേ അമ്മ കേൾക്കു. അയാളുടെ ഭാര്യ പിണങ്ങി പോയതാ. അയാളെ കുറിച്ച് വേറൊന്നും എനിക്കറിയില്ല.
ആലുവ സ്റ്റാന്റിൽ വണ്ടി നിർത്തി. അവൾ ഇറങ്ങി. അവൾ പതുക്കെ പറവൂർ ഭാഗത്തേക്കുള്ള ബസുകൾ നിൽക്കുന്ന സ്ഥലത്തേക്ക് നടന്നു. ബസ് ഉണ്ട്. അവൾ കേറിയില്ല. അവൾ സ്റ്റാന്റിന്റെ ഉള്ളിൽ കേറി നിന്നു. അവൾ വന്ന ബസ് തിരിച്ചിട്ട് അവൾ നിൽക്കുന്നതിന്റെ എതിർവശത്തു വന്ന് നിന്നു. "പള്ളുരുത്തി.. പള്ളുരുത്തി.." ബസിലെ കിളി ആളെ വിളിച്ചു കയറ്റി കൊണ്ടിരുന്നു. അവൾ ഒന്നും ആലോചിച്ചില്ല. നേരെ നടന്ന് ചെന്നു ആ ബസിൽ കേറി. ബസ് എടുത്തു. ടിക്കറ്റ് കൊടുക്കാൻ കണ്ടക്ടർ അടുത്ത് വന്നപ്പോൾ അവൾ അയാളെ നോക്കി. അയാൾ അവളെ കണ്ടപ്പോൾ ചോദിച്ചു "മോളിപ്പൊ ഈ ബസിൽ വന്നിറങ്ങിയതല്ലേ?" അവൾ ഒന്നും മിണ്ടിയില്ല. "എവിടേക്കാ പോണ്ടത്?" അതിനും അവൾ ഉത്തരം പറഞ്ഞില്ല. "മോളിരുന്ന് ആലോചിക്ക്." അയാൾ പുറകിലേക്ക് പോയി. ഞാൻ ഇനി എങ്ങോട്ട് പോകും? ബസ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. നേരം ഇരുട്ടി തുടങ്ങി. അവൾ ഫോണിൽ ആരുടെയെന്നില്ലാതെ വാട്ട്സാപ്പ് മെസ്സേജുകൾ നോക്കി കൊണ്ടിരുന്നു. എങ്ങോട്ട് പോകും? ഒരു മാസം എവിടെ നിൽക്കും? ബസ് കലൂർ എത്തി. നേരം എട്ട് മണിയായി.
പെട്ടെന്നാണ് രേഖയ്ക്ക് അവളുടെ കൂടെ പത്താം ക്ലാസ്സ് വരെ പഠിച്ച ആതിരയെ ഓർമ വന്നത്. ആതിരയുടെ അമ്മ ഒമ്പതാം ക്ലാസ്സിൽ അവരുടെ ക്ലാസ്സ് ടീച്ചർ ആയിരുന്നു. അംബിക ടീച്ചർ. അവരുടെ വീട്ടിൽ പോയാലോ? അച്ഛനുള്ളപ്പോൾ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. പക്ഷെ ഒരു മാസം എങ്ങനെ അവിടെ നിൽക്കും. ഇന്ന് അവിടെ താമസിച്ച് നാളെ ടീച്ചറോടു വല്ല വർക്കിംഗ് വിമൻസ് ഹോസ്റ്റലിലും കൊണ്ടാക്കാൻ പറയാം. അവൾ ആതിരക്ക് മെസ്സേജ് അയച്ചു. അവൾ വീട്ടിൽ ഉണ്ട്. വരാൻ പറയുന്നുണ്ട്. ഏതായാലും ഇവിടെ ഇറങ്ങാം. അവൾ ബാഗുമെടുത്ത് അവിടെയിറങ്ങി. ബസിന്റെ പുറകിൽ നിന്നും കണ്ടക്ടറും ഇറങ്ങി. "അല്ല മോളെ, ടിക്കറ്റ് എടുക്കാതങ്ങനെ പോയാലോ?" അവൾ വേഗം പേഴ്സിൽ നിന്ന് കാശെടുത്തു കൊടുത്തു. "മോൾക്ക് ബാക്കി വേണ്ടേ?" അയാൾ അവളുടെ പുറകെ കൂടി. ബസ് അയാൾക്ക് വേണ്ടി കാത്തു നിൽക്കുകയാണ്. "നിങ്ങൾ വിട്ടോ!" അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു. അവൾ വേഗം നടന്നു. ആതിരയുടെ വീട്ടിലേക്ക് തിരിയുന്ന വഴി കാണാം. പെട്ടെന്ന് അയാൾ നടന്നു വന്ന് അവളുടെ മുന്നിൽ നിന്നു.
"എന്താ മോളെ ഒരു വശ പിശക്?" അയാൾ അവളെ ആപാദചൂഡം നോക്കി. അവൾ ശരിക്കും പേടിച്ച് പോയി. പക്ഷെ അത് പുറത്ത് കാണിക്കാതെ അവൾ ഉറക്കെ പറഞ്ഞു, "മാറി നിക്കടോ! ബസ് ഫെയർ ഞാൻ തന്നതല്ലേ? തനിക്കിനി എന്താ വേണ്ടത്?" "ടീ...!" അയാളുടെ ഭാവം പെട്ടെന്ന് മാറി. അയാൾ ദേഷ്യത്തോടെ അവളുടെ നേരെയാഞ്ഞു. "രേഖാ.. എന്ത് പറ്റി?" അയാളുടെ പുറകിൽ അംബിക ടീച്ചർ ടോർച്ചും തെളിച്ചു വരുന്നു. അവൾ ഓടി ചെന്ന് ടീച്ചറെ കെട്ടിപ്പിടിച്ചു. "എന്താടോ താൻ ആരാ?" ടീച്ചർ ഉറക്കെ ചോദിച്ചു. അയാൾ അവിടെ നിന്നും ഓടി. ടീച്ചറുടെ വീട്ടിൽ ചെന്ന് കേറിയപ്പോൾ ആതിര വന്ന് അവളുടെ ബാഗ് എടുത്ത് അകത്തു കൊണ്ട് പോയി. അവൾ നടന്ന കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു. "മോളെ, വെളിച്ചത്ത് കാണുന്ന പോലെയല്ല പല ആളുകളും. ഇരുട്ടി കഴിഞ്ഞാൽ പലരുടെയും സ്വഭാവം മാറും. രേഖ വീട്ടിലേക്ക് വിളിക്ക്. ഇന്ന് ഇവിടെയാണ് നിൽക്കുന്നതെന്ന് അമ്മയോട് പറ. ബാക്കി ഞാൻ അമ്മയോട് സംസാരിക്കാം. നിനക്ക് ആരും ഇല്ല എന്നൊന്നും തോന്നേണ്ട. ഞാനും എന്റെ മോളും ഇവിടെ ഉണ്ട്. നാളെ വീട്ടിൽ പോയി അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അപ്പൊ ഇങ്ങോട്ട് പോന്നോ. മോൾ ധൈര്യമായി ഇരിക്ക്." അച്ഛൻ മരിച്ചതിനു ശേഷം രേഖ അന്നാണ് സമാധാനമായി ഉറങ്ങിയത്.
Content Summary: Malayalam Short Story ' Rekha ' Written by Shiju K. P.