ADVERTISEMENT

കൂട്ടിലടച്ചിട്ട പക്ഷിയെ പോലെ ജീവിക്കാൻ തുടങ്ങീട്ട് ഇരുപത് വർഷമായി. ഇന്ന് ഈ ദാമ്പത്യ ജീവിതത്തിന് തിരശീല വീഴുമോ? പലരും ഉപദേശിച്ചു. ഇത്ര കാലം ഒരുമിച്ചു ജീവിച്ചില്ലേ? ഇനിയും തുടർന്ന് പോയികൂടെ എന്ന്. സത്യത്തിൽ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ജീവിച്ചോ? ഇല്ല. പേടിച്ച് പേടിച്ച് ദിവസങ്ങൾ തള്ളി നീക്കി എന്നെ പറയാൻ കഴിയുള്ളു. ചെറു പ്രായത്തിൽ മുണ്ടക്കൽ വീട്ടിൽ ആദ്യത്തെ മരുമകളായി കേറിയത് ആണ്. ദാരിദ്ര്യം നിറഞ്ഞ വീടായിരുന്നു എന്റേത്. സ്വന്തമെന്ന് പറയാൻ ഒരു കിടപ്പാടം മാത്രം. അതും ദാനമായി കിട്ടിയത്. ഹമീദിന്റെ ആലോചന വന്നപ്പോൾ ആരും കൂടുതൽ ഒന്നും ചിന്തിച്ചില്ല. എടി പിടി കല്യാണം നടത്തി. അന്ന് പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതാൻ പോലും സമ്മതിച്ചില്ല. വലിയ കാര്യം പോലെ ആണ് അന്നൊക്കെ കല്യാണത്തെ വീട്ടുകാർ കണ്ടത്. സ്കൂളിൽ പോകുന്നതിന് അഞ്ച് മിനിറ്റ് മുന്നെ എണീറ്റ്, കുളിച്ചു, ചായ കുടിച്ചും സ്കൂളിലേക്ക് ഓടി പോകുന്നതാണ് എന്റെ ശീലം. സ്കൂൾ വിട്ട് കഴിഞ്ഞാലോ? നേരെ തിരിച്ചും, സകല പീടികയിലും കേറി ആടി പാടി ആണ് വരവ്. അന്നൊക്കെ എനിക്ക് ഏറെ പ്രിയപ്പെട്ട പുളി അച്ചാർ ഉണ്ടായിരുന്നു. അത്‌ വാങ്ങി ഊമ്പി ഊമ്പി ഒരു വരവ് ഉണ്ടായിരുന്നു. സകല കുട്ടികളുടെ കൈയ്യിലും ഇത് പോലെ ഒരു പാക്കറ്റ് കാണും. പോരാത്തതിന് സകല പറമ്പിലും കേറി മാങ്ങാ, പുളി ഒക്കെ പെറുക്കി, ഏതെങ്കിലും വീട്ടിൽ കേറി ഉപ്പ് വാങ്ങി അതും അകത്ത് ആക്കിട്ടെ വീട്ടിൽ എത്തുള്ളു. 

Read also: ഒറ്റയ്ക്കായി പോയ ടീച്ചറിനെ തേടിയെത്തിയ പഴയ വിദ്യാർത്ഥിയുടെ സന്ദേശം...

പുസ്തക സഞ്ചി കോലായിലേക്ക് വലിച്ചെറിഞ്ഞു വീണ്ടും ഓട്ടമാണ്. ആ ഓട്ടം നിർത്തുന്നത് വയലിൽ ആണ്. വയലിൽ നിന്ന് ഒരുപാട് കളികൾ ഉണ്ടായിരുന്നു. ഇരുട്ട് വരുന്നത് വരെ ഞങ്ങൾ കുട്ടികൾ കളിക്കുമായിരുന്നു. തല്ലു കൂടുമായിരുന്നു. പരസ്പരം ചളി വാരി എറിയുമായിരുന്നു. അങ്ങനെ ഏതോ ഒരു ദിവസം കളിച്ചു വരുമ്പോൾ ആണ് എന്നെ ഹമീദ്ക്ക കാണുന്നത്. പ്രണയം ഒന്നും അല്ലായിരുന്നു. പ്രണയിക്കാനുള്ള മനസ്സ് അന്ന് എനിക്ക് ഇല്ലായിരുന്നു. കളിക്കണം, ചിരിക്കണം, മറ്റുള്ളവരെ കളിയാക്കണം. ആവോളം ജീവിതം ആസ്വദിക്കണം. അതൊക്കെ ആയിരുന്നു അന്നത്തെ ചിന്ത. ഒരു ദിവസം കളിക്കാൻ പോയില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ പോയി എന്ന് ചിന്തിച്ചിരുന്ന കാലം. വയലിലെ നെല്ല് പറിച്ചു പൂക്കളം തീർക്കുമായിരുന്നു. തവളയെ പിടിച്ചു കൂട്ടുകാരിയുടെ കഴുത്തിലൂടെ വസ്ത്രത്തിൽ ഇടുമായിരുന്നു. അതൊരു വല്ലാത്ത രസമായിരുന്നു. അടി കൂടുമ്പോൾ തോറ്റു പോയാൽ വെള്ളരി കുണ്ടിൽ തള്ളി ഇട്ട് ഓടി പോകുമായിരുന്നു. തോട്ടിൽ അലക്കുന്ന പെണ്ണുങ്ങൾക്ക് ഞങ്ങൾ കുട്ടികൾ ഒരു ശല്യമായിരുന്നു. വെള്ളം കലക്കി അവരെ ബുദ്ധിമുട്ടിക്കുമായിരുന്നു. ഉപ്പാനോട് പരാതി പറഞ്ഞു വീട്ടിൽ വരുന്നവരുടെ എണ്ണം ഏറെ ആയിരുന്നു.

കല്യാണം കഴിഞ്ഞ അന്ന് മുതൽ ഇന്ന് വരെ സമാധാനം ഞാൻ അറിഞ്ഞിട്ടില്ല. ഹമീദ്ക്ക ഗൾഫിൽ ആയിരുന്നു. കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് ആഴ്ച കൊണ്ട് തന്നെ മൂപ്പരെ സ്വഭാവം ഏകദേശം എനിക്ക് മനസ്സിലായി. അന്നൊക്കെ ഡിവോഴ്സ് എന്ന് കേട്ടാൽ വീട്ടുകാർ ബോധം കെട്ട് വീഴും. പിന്നീട് പെണ്ണ് ഒരു മൂലയിൽ അടങ്ങി ഒതുങ്ങി കഴിച്ചു കൂട്ടേണ്ടി വരും. അതിലും നല്ലതല്ലേ ഹമീദ്ക്കാന്റെ വീട് എന്ന് ചിന്തിച്ചു. ദിവസങ്ങൾ കടന്നു പോയി. എല്ലാവർക്കും എന്റെ ജീവിതത്തിലെ കല്ലുകടി മനസ്സിലായിരുന്നു. തിരിച്ചു വിളിക്കാൻ ആരും തയാറായില്ല. ഹമീദ്ക്ക സ്നേഹമുള്ള പുതിയാപ്ല ആണ്. പക്ഷെ ഞാൻ ആരോടും സംസാരിക്കാനോ പുറത്തേക്ക് പോകാനോ പാടില്ല. പിന്നെ ഒടുക്കത്തെ അടുക്കും ചിട്ടയും. വെച്ച സാധനം അവിടെ ഇല്ലെങ്കിൽ വീട്ടിലെ സകല സാധനങ്ങളും മൂപ്പര് നശിപ്പിക്കും. ഒരു തരം ഭ്രാന്ത്. ചിലപ്പോൾ എന്നെ പൊതിരെ തല്ലും. അത്‌ ആര് കണ്ടാലും മൂപ്പർക്ക് ഒരു വിഷയം അല്ല. പലപ്പോഴും മറ്റുള്ളവരുടെ മുന്നിൽ നാണം കെട്ട് പോയിട്ടുണ്ട്.

Read also: സീനിയർ വിദ്യാർഥികളിൽ നിന്ന് രക്ഷിച്ചയാളുമായി പ്രണയത്തിലായി, ഒടുവിലയാൾ പോയപ്പോൾ വീട്ടുകാർ...

ആദ്യരാത്രിയിൽ ഒരുപാട് സ്വപ്നങ്ങളുമായാണ് ഞാൻ ഹമീദ്ക്കാന്റെ ജീവിതത്തിലേക്ക് കടന്നു ചെന്നത്. റൂം എന്നൊന്നും പറയാനില്ല. ഒരു ചെറിയ പെട്ടി കട പോലെ ഒരു റൂം. മൺകട്ട കൊണ്ടുള്ള ചുമർ ആയിരുന്നു. എനിക്ക് ആണെങ്കിൽ പാറ്റയെയും മറ്റു പ്രാണികളെയും ഏറെ പേടി ആയിരുന്നു. മണ്ണണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഞാൻ ഒരുപാട് നേരം ഹമീദ്ക്കാനെ കാത്തിരുന്നു. ഏറെ വൈകിയിട്ടും ഹമീദ്ക്ക വരാതായപ്പോൾ ഞാൻ കിടന്ന് ഉറങ്ങി. ഒന്നാമത് പ്രായത്തിന്റെ പക്വത കുറവ് എനിക്ക് ഉണ്ടായിരുന്നു. പിന്നെ രാവിലെ മുതൽ കല്യാണ പെണ്ണ് ആയതിന്റെ ക്ഷീണവും. ഒന്ന് കിടന്നാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു. അന്ന് മൂപ്പർ വന്നപ്പോൾ ഞാൻ ഉറങ്ങിയത് കണ്ടിട്ട് പിറ്റേന്ന് രാവിലെ എന്നോട് മിണ്ടതായി. കാരണം പോലും അറിയാതെ എനിക്ക് വല്ലാത്ത സങ്കടമായി. എന്റെ മുഖത്ത് പോലും നോക്കിയില്ല.

അന്തി വരെ വീട്ടിലെ കുഞ്ഞു പണികളൊക്കെ ചെയ്ത് ഞാൻ ചിലവഴിച്ചു. വീട്ടിൽ ഒരുപാട് പേര് ഉണ്ടായിരുന്നു. പുതു പെണ്ണിനെ കാണാൻ വരുന്നവരും. കണ്ടവരൊക്കെ എന്റെ മൊഞ്ചും പ്രായവും ചർച്ചാ വിഷയമാക്കി. പിന്നെ സ്വർണത്തിന്റെ തൂക്കവും ചോദിക്കാൻ ആരും മറന്നു പോയില്ല. അന്ന് അന്തി ആയപ്പോൾ മുതൽ ഞാൻ ഹമീദ്ക്കാനേ കാത്തിരുന്നു. ഏറെ വൈകി വന്നിട്ടും ഞാൻ ഉറങ്ങിയില്ല. എന്റെ കണ്ണുകൾ എന്നോട് തന്നെ ഉറങ്ങാൻ പറഞ്ഞിട്ടും ഞാൻ പിടിച്ചിരുന്നു. മൂപ്പർ വന്നപ്പോൾ മുഖത്ത് നല്ല അസ്സൽ പുഞ്ചിരി ഉണ്ടായിരുന്നു. ആ പുഞ്ചിരി മാഞ്ഞു പോകാൻ അധിക സമയം വേണ്ടി വന്നില്ല. എന്റെ തൊട്ടടുത്ത് വന്നിരുന്ന് എന്റെ കൈ ഒന്ന് സ്നേഹത്തോടെ തലോടിയപ്പോൾ ഞാൻ പേടി കൊണ്ട് അറിയാതെ പറഞ്ഞു പോയ്‌ "എന്നെ തൊട്ടാൽ ഞാൻ പൊരുത്തപെടില്ല എന്ന് " അല്ലാഹ് ആ വാക്കുകൾ ഉണ്ടാക്കിയ കോലാഹലം ഇന്നും മറക്കില്ല. രാത്രിക്ക് രാത്രി എന്നെ സ്വന്തം വീട്ടിൽ കൊണ്ടാക്കി. എല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ പറഞ്ഞത് മൂപ്പർ എല്ലാവരോടും പറഞ്ഞു എന്നെ കുറ്റപ്പെടുത്തി.

ഒരു ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ പോലെയാണ് എനിക്ക് തോന്നിയത്. അന്ന് രാത്രി ഞാൻ എന്റെ വീട്ടിലെ നടുവകത്ത് കിടന്നു. എന്റെ പായ പൊടി തട്ടി വിരിച്ചു. എന്റെ പുതപ്പ് എന്റെ തലയണ ഒക്കെ കിട്ടിയപ്പോൾ കൊട്ടാരത്തിൽ എത്തിയ പോലൊരു സന്തോഷം. പിന്നെ രാത്രിയിലെ ഇരുട്ടിനെ പേടി ഉള്ളത് കൊണ്ട് ഒരു വിളക്ക് ഉണ്ടായിരുന്നു. കുപ്പി കൊണ്ടുള്ള മണ്ണണ്ണ വിളക്ക് അത്‌ കത്തിച്ചു, ചുമരിൽ തൂക്കി. ഞാൻ അന്ന് സുഖമായി കിടന്നുറങ്ങി. രാവിലെ ആയോ എന്ന പേടി ഇല്ലാതെ, പാടത്തെ ഒളിച്ചു കളിയും, കൊക്ക പറന്നു കളിയും, ഒക്കെ ഓർത്ത് സുഖമായി കിടന്നുറങ്ങി. രാവിലെ ഉമ്മ ഫൗസി വിളിച്ചപ്പോൾ ആണ് ആണ് നേരം വെളുത്തത് അറിഞ്ഞത്. കുറെ നാട്ടുകാരും കുടുംബക്കാരും കൂടെ എന്നെ വീണ്ടും ഹമീദ്ക്കാന്റെ വീട്ടിൽ എത്തിച്ചു. എത്തിച്ചു എന്ന് മാത്രമല്ല എനിക്ക് വേണ്ടി മാപ്പ് പറഞ്ഞും എന്നെ ഏറ്റെടുത്തും ആദ്യത്തെ ഒത്തു തീർപ്പ് നടത്തി. അന്ന് മുതൽ എല്ലാ അർഥത്തിലും ഞാൻ അങ്ങേരുടെ ഭാര്യ ആയി. ദിനങ്ങൾ കടന്നു പോയി. ഒരുപാട് പ്രശ്നങ്ങളും ഒത്തു തീർപ്പും ഒക്കെ ആയി. നാട്ടുകാർക്ക് വരെ തലവേദന ആയി. ഹമീദ്ക്ക ഗൾഫിൽ പോയാൽ കുറച്ചു കാലം ഒരു സമാധാനം ആണ്. പിന്നെ നാട്ടിൽ വന്നാൽ വീണ്ടും പ്രശ്നങ്ങൾ തന്നെ. ഞാൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയോ, ആരോടെങ്കിലും സംസാരിച്ചോ അറിയാൻ സകല നാട്ടുകാരോടും വിളിച്ചു അന്വേഷിക്കും.

Read also: വർഷങ്ങൾക്കു ശേഷം കളിക്കൂട്ടുകാരിയെ കുറിച്ച് കേട്ടത്, അപ്രതീക്ഷിത വാർത്ത...

അങ്ങനെ ഹമീദ്ക്കാക്ക് ഒരു വീട് എന്ന സ്വപ്നം വന്നു തുടങ്ങി. വീടായാൽ ചെറിയ മാറ്റം ഉണ്ടാകുമെന്ന് ഞാനും പ്രതീക്ഷിച്ചു. വെള്ളത്തിൽ വരച്ച വര പോലെ ആണ് എന്റെ ജീവിതം. എത്ര അനുഭവിച്ചാലും, ചിലപ്പോഴൊക്കെ നമ്മളും ജീവിക്കാൻ വേണ്ടി ചില പ്രതീക്ഷകൾ കാത്തു സൂക്ഷിക്കും. അങ്ങനെ ഞാനും ചില പ്രതീക്ഷകളിൽ ജീവിച്ചു. ഒരു കുഞ്ഞു വീട് എന്റെയും സ്വപ്നമായി. വീട് പണി തുടങ്ങി. ചില സമയത്ത് ഹമീദ്ക്കാന്റെ പൈസ ദുബായിൽ നിന്ന് വരാൻ നേരം വൈകുമ്പോൾ ഞാൻ പലരോടും കടം വാങ്ങിയും, അയൽക്കൂട്ടത്തിൽ നിന്ന് ലോൺ എടുത്തും, കുറി വെച്ചും വീട് പണി പൂർത്തിയാക്കി. അങ്ങനെ പണി കഴിഞ്ഞപ്പോൾ മൂപ്പർ കാല് മാറി. എനിക്ക് കടം വീട്ടാനുള്ള പൈസ തരാതായി. ഞാൻ പലർക്ക് മുന്നിലും നാണം കെട്ടു. പരിഹാസമായി ഞാൻ മാറി. പലരോടും ഞാൻ അവധി പറഞ്ഞു. ചിലര് വീട്ടിൽ വന്ന് പൈസക്ക് ചോദിക്കുമ്പോൾ ഹമീദ്ക്ക അവരെ ചീത്ത പറഞ്ഞു തുടങ്ങി. പുറത്ത് ഇറങ്ങാൻ പേടിയായ ദിനങ്ങൾ. അങ്ങനെ ചെറിയ ഒരു പാല് കാച്ചൽ പരിപാടിയോടെ ഞങ്ങൾ വീട് മാറി. അവിടെ എത്തിയത് മുതൽ എനിക്ക് ഒരു ധൈര്യം വന്നു തുടങ്ങി. കുറച്ചു കുറച്ചു സ്വാതന്ത്ര്യം ഞാൻ എടുത്തു തുടങ്ങി. അതിന് എന്നും വഴക്കും പതിവായി. കുട്ടികൾ ഇല്ലാത്തത് കൊണ്ട് അതിന്റെ കുറ്റവും എനിക്ക് തന്നെ. ജീവിതം വല്ലാത്ത മടുപ്പ് തോന്നിയിരുന്നു. ദൈവം തന്ന ആയുസ് തീരുന്നത് വരെ ജീവിക്കുക എന്നത് കൊണ്ട് മരിച്ചില്ല. അത്രയും മാനസിക സംഘർഷം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഓർക്കാൻ വയ്യ. 

കടക്കാരുടെ ശല്യം കാരണം എന്റെ സ്വസ്ഥത മുഴുവൻ നശിച്ചു. ഒടുവിൽ ഇത്താത്തയുടെ സ്വർണം വെച്ചിട്ട് ഞാൻ കടം വീട്ടി. പക്ഷെ അത്‌ തിരിച്ചു കൊടുക്കണം. അതോടെ എനിക്ക് ഒരു അഞ്ച് പൈസ ആരും കടം തരാതായി. ഞാൻ എല്ലാവർക്കും എന്തോ ഭീകര ജീവി ആയി മാറിയത് പോലെ തോന്നി. പലരും ഞാൻ കടം ചോദിക്കുമോ എന്ന് പേടിച്ചിട്ട് മിണ്ടാതായി. മനസ്സിൽ പിന്നീട് അങ്ങോട്ട് ഒരു തീരുമാനം ഉണ്ടായി. ഇത്താത്തയുടെ കടം വീട്ടണം. ആരോടും കടം വാങ്ങാതെ മറ്റുള്ളവർക്ക് മുന്നിൽ അന്തസായി ഒറ്റയ്ക്ക് ജീവിച്ചു കാണിച്ചു കൊടുക്കണം എന്ന്. ആ ഇടയ്ക്ക് ആണ് ഒരു ടൂർ വരുന്നത്. നാട്ടിലെ സകല പെണ്ണുങ്ങളും ഒരുമിച്ച് ടൂർ പോകാൻ പ്ലാൻ ചെയ്തു. വയനാട്ടിൽ റിസോർട്ടിൽ ഒരു ദിവസം. ഞാനും പേര് കൊടുത്തു. ജീവിതത്തിൽ ഇന്നേവരെ സന്തോഷം എന്താണ് എന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു. എന്നിട്ട് എന്താണ് നേടിയത്. എന്ത് വന്നാലും ഞാൻ പോകാൻ തീരുമാനിച്ചു. ഹമീദ്ക്ക ഒരുപാട് എതിർത്തു നോക്കി. ഞാൻ വിട്ടില്ല. പിന്നെ വഴക്കായി, അടിയായി. ഞാൻ ആദ്യമായി വീട് വിട്ട് ഇറങ്ങി. കുറച്ചു ദിവസം ഇത്താത്തയുടെ കൂടെ നിന്നു. അവിടെ നിന്ന് ഞാനൊരു വാടക വീട്ടിലേക്ക് മാറി. ആ ടൂറിൽ ഞാൻ പോയി. അടിച്ചു പൊളിച്ചു. ജീവിതത്തിൽ സന്തോഷം എന്താണ് എന്ന് ഞാൻ തീർച്ചറിഞ്ഞു. ഓരോ സെക്കൻഡും ഞാൻ ആസ്വദിച്ചു. അന്നാണ് ജീവിതം എന്താണ് എന്ന് ഞാൻ തിരിച്ചറിഞ്ഞത്. ഇത്രയും കാലം ജീവിച്ച ജീവിതത്തോട് പുച്ഛം തോന്നി പോയി. ചില തീരുമാനങ്ങൾ ഞാൻ എടുത്തു. 

Read also: "അവളെ കൊന്നവരെ ഞാനും കൊന്നു.. ഇവിടെ വെച്ച്..."

വീട്ടിൽ തിരിച്ചു വന്നപ്പോൾ മുതൽ എന്റെ ചിന്ത ഒരു ജോലി വേണം എന്നത് ആയിരുന്നു. തൊട്ടടുത്ത കടയിലേക്ക് പലഹാരം ഉണ്ടാക്കി കൊടുത്ത് ചെറിയ വരുമാനം ഉണ്ടാക്കാൻ തുടങ്ങി. വാടകയും വീട്ടു ചിലവും അങ്ങനെ കഴിഞ്ഞു പോയി. അങ്ങനെ ബന്ധം പിരിയാൻ കേസ് കൊടുത്തു. ഈ ചങ്ങലയിൽ നിന്ന് എനിക്കൊരു മോചനം വേണമായിരുന്നു. പിന്നെ എന്റെ കടം വീട്ടാൻ പൈസയും വേണമായിരുന്നു. രണ്ടിനും കൂടെ ഡിവോഴ്സ് അത്യാവശ്യം ആയിരുന്നു. കോടതിയിൽ വെച്ച് പല തവണ ഹമീദ്ക്ക എന്നോട് ക്ഷമ പറഞ്ഞു, ഒരുമിച്ചു പോകാൻ വേണ്ടി പലരും ശ്രമിച്ചു. പക്ഷെ എനിക്ക് കഴിയില്ല. കാരണം ഹമീദ്ക്കക്ക് ഇനി ഒരു മാറ്റം ഞാൻ പ്രതീക്ഷിക്കുന്നില്ല. അങ്ങനെ ഡിവോഴ്സ് അനുവദിച്ചു. വീട് വിറ്റ് നഷ്ടപരിഹാരം തന്നു. കടം വീട്ടി, ബാക്കി  പൈസ കൊണ്ട് ഞാനൊരു വീട് വാങ്ങി. ഒരുപാട് കാലത്തിനു ശേഷം എനിക്ക് എന്റെ ജീവനും ശ്വാസവും തിരിച്ചു കിട്ടി. എന്റെ ആത്മാവിൽ തട്ടിയ ഹമീദ് എന്ന പേടി ഇന്നും മാറീട്ടില്ല. എങ്കിലും എനിക്ക് ഒറ്റയ്ക്ക് ജീവിച്ചു കാണിച്ചു കൊടുക്കണം. പരിഹസിച്ചവർക്ക് മുന്നിലും തള്ളി പറഞ്ഞവർക്ക് മുന്നിലും. ഒരു സ്ത്രീക്ക് ജീവിക്കാൻ ഒരു ആണിന്റെ തുണ വേണ്ടെന്ന് ഞാൻ തെളീച്ചു കാണിച്ചു തരും. കാത്തിരിക്കുക.

Content Summary: Malayalam Short Story ' Divorce ' Written by Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com