ADVERTISEMENT

അവൾ ഒന്നു കൂടി കലണ്ടറിലേക്ക് നോക്കി. അതെ നാളെ തന്നെ ആണ് വാലന്റൈൻസ് ഡേ. കല്യാണം കഴിഞ്ഞുള്ള ആദ്യത്തേത്. എന്താ ശിൽപ നാളെ ലീവ് അല്ലേ എന്ന് ഇപ്പോൾ തന്നെ പലരും ചോദിച്ചു കഴിഞ്ഞിരിക്കുന്നു. എങ്ങനെ ഒക്കെയോ ഒഴിഞ്ഞു മാറി ആണ് കഫെറ്റീരിയയിൽ എത്തിയത്. അവൾ തന്റെ ലാപ്‌ടോപ് തുറന്നു പതിയെ ഫേസ്ബുക് എടുത്തു. 'ശിൽപ നവീൻ' എന്ന തന്റെ പേജ് തുറന്നു. നവീന്റെ ഒപ്പം കഴിഞ്ഞ ആഴ്ച മാളിൽ പോയ ഫോട്ടോകൾ ആണ് അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനു മുൻപ് മൂന്നാർ പോയ ഫോട്ടോകൾ, പിന്നെ കൂട്ടുകാരിയുടെ കല്യാണത്തിന് പോയത്, അങ്ങനെ അങ്ങനെ... കാണുന്നവർക്ക് ആർക്കായാലും അസൂയ തോന്നും വിധമുള്ള ജീവിതം. എന്നാൽ ശരിക്കും എന്താണെന്ന് ആർക്കും അറിയില്ല. അറിയേണ്ട ആരും.. അവൾ ലാപ്‌ടോപ് അടച്ചു വച്ചു. കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ആരും കാണാതിരിക്കാൻ അവൾ മുഖം തൂവാല കൊണ്ട് തുടച്ചു.. ഒരു വർഷം മുൻപ് ഇങ്ങനെ ആയിരുന്നില്ല ഒന്നും.. അവൾക്ക് ആ ദിവസം ഓർമ വന്നു. അവൻ പറഞ്ഞ ഓരോ വാക്കും ചെവിയിൽ മുഴങ്ങുന്നതായി തോന്നി.

"നവീൻ, അച്ഛൻ ഈ ബന്ധത്തിന് സമ്മതിക്കുമെന്നു എനിക്ക് തോന്നുന്നില്ല. നമ്മൾ ഇനി എന്ത് ചെയ്യും?" "ശിൽപ, താൻ ഇങ്ങനെ വിഷമിക്കല്ലേ. നമുക്ക് എന്തെങ്കിലും ഒരു വഴി കാണാം. ഞാൻ വിളിച്ചാൽ താൻ കൂടെ വരില്ലേ?" "അതെന്താ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം? നവീന്റെ കൂടെ എങ്ങോട്ട് ആയാലും ഞാൻ വരും." "എന്നാൽ താൻ ഒന്നും നോക്കേണ്ട. ബാഗ് എടുത്ത് എന്റെ ഫ്ലാറ്റിലേക്ക് പോരെ. നമുക്ക് നാളെ തന്നെ രജിസ്റ്റർ ചെയ്യാം." പെട്ടെന്നാണ് അവൾ സ്വപ്നത്തിൽ നിന്നെന്ന പോലെ ഞെട്ടി ഉണർന്നത്. "മാഡം കഫേ ക്ലോസ് ചെയ്യാൻ പോവുകയാണ്. മാഡത്തിന് മുകളിലെ കഫെയിൽ പോയി ഇരിക്കാം." "വേണ്ട. ഞാൻ ദാ ഇറങ്ങുകയാണ്." ശിൽപ പതിയെ കണ്ണുകൾ ഒന്ന് കൂടെ തുടച്ചു. എന്നിട്ട് ഓഫിസിന്റെ പടികൾ ഇറങ്ങി. 

നവീൻ തൊട്ടടുത്ത കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് എങ്കിൽ കൂടി കുറച്ചു നാളുകൾ ആയി ശിൽപ ഒറ്റക്കാണ് വരുന്നതും പോകുന്നതും. അന്നും പതിവ് പോലെ അവൾ ബസിൽ കയറി. ഫ്ലാറ്റ് എത്തുന്നതിനു തൊട്ടു മുൻപത്തെ സ്റ്റോപ്പിൽ ഇറങ്ങി. അടുത്തുള്ള ബേക്കറി ലക്ഷ്യമാക്കി നടന്നു. വാലന്റൈൻസ് വീക്ക് ആയതു കൊണ്ട് അവിടെ ഒരു ചോക്ലേറ്റ് മേള സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അവൾ അങ്ങോട്ട് ചെന്നു. മുന്തിയ തരം ചോക്ലേറ്റുകൾ നിരത്തി വച്ചിരിക്കുന്നു. അതിൽ നിന്നും വില കൂടിയ ഒരു ചോക്ലേറ്റ് തിരഞ്ഞെടുത്തു. ബിൽ അടച്ചു പെട്ടെന്ന് പുറത്തേക്ക് വന്നു ഫ്ലാറ്റ് ലക്ഷ്യമാക്കി അവൾ നടന്നു. നടപ്പിനിടയിൽ അവൾ പലതും ഓർത്തു. ബർത് ഡേ മറന്നതും ഇഷ്ടങ്ങൾ അനിഷ്ടങ്ങൾ ആയതും, എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം പലതും ചെയ്തു കൂടാ എന്നാക്കിയതും അങ്ങനെ പതിയെ പതിയെ നമ്മൾ എന്ന വാക്കിൽ നിന്നും ഞാൻ എന്ന വാക്കിലേക്ക് നവീൻ മാറിയതൊക്കെ. ആദ്യമൊക്കെ ഇഷ്ടക്കൂടുതൽ കൊണ്ടാണെന്നു വിചാരിച്ചു. പിന്നെ പിന്നെ മനസിലാക്കാൻ തുടങ്ങിയപ്പോൾ ആണ് തന്റെ ജീവിതം എങ്ങോട്ടാണ് നീങ്ങുന്നതെന്ന് മനസിലാക്കിയത്. എന്നാൽ തന്റെ വീട്ടുകാരോടും കൂട്ടുകാരോടും ഇതല്ല കാണിച്ചു കൊടുക്കാൻ ആഗ്രഹിച്ചത്. അതിനായി വാശി പിടിച്ചു ട്രിപ്പുകൾ പോയി, ചിത്രങ്ങൾ എടുത്തു. ആർക്കുവേണ്ടി എന്ന ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു.

ഫ്ലാറ്റ് തുറന്നു കിടക്കുന്നുണ്ടായിരുന്നു. നവീൻ വന്നിട്ടുണ്ട് എന്നർഥം. അവൾ മുറിയിലേക്ക് ചെന്നു. നവീൻ കംപ്യൂട്ടറിൽ എന്തോ ചെയ്യുകയായിരുന്നു. അവൾ അടുത്തേക്ക് ചെന്നു. ബാഗിൽ നിന്നും ചോക്ലേറ്റ് പുറത്തെടുത്തു കൈയ്യിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു "എനിക്ക് ഒരു ഫോട്ടോ എടുക്കണം". അവൻ ഒന്നും മിണ്ടിയില്ല. ചോക്ലേറ്റ് കൈയ്യിൽ വാങ്ങി. താൻ ഇത് എന്ത് ചെയ്യണം എന്ന ഭാവത്തോടെ അവളെ നോക്കി. "അന്ന് എന്നെ പ്രൊപ്പോസ് ചെയ്ത ദിവസം ചെയ്ത പോലെ ഈ ചോക്ലേറ്റ് എനിക്ക് തരണം". ഇത്രയും പറഞ്ഞു അവൾ ക്യാമറ ടൈമർ ഓൺ ചെയ്തു. 

പിറ്റേ ദിവസം രാവിലെ ശിൽപയുടെ ഫേസ്ബുക്കിൽ ആ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടു. " valentines day surprise from my love" എന്ന അടിക്കുറിപ്പോടെ...

Content Summary: Malayalam Short Story ' Valentines Day ' Written by Divya D. Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com