ADVERTISEMENT

എന്റെയീ ചില്ലു-

പാത്രത്തിലവളിന്നലെ 

സ്വപ്നം പൊഴിച്ചു,

നിറച്ചു വെച്ചൂ.
 

എന്റെയീ ചില്ലു-

വാതിൽക്കലേക്കെത്തി

ഒരരുമ നിലാവായി 

പെയ്തലിഞ്ഞൂ.
 

എന്റെയീ നീല 

നഭസ്സിലവളായിരം 

ചിറകു വിടർത്തു-

മുഷസ്സന്ധ്യയായ്.
 

എന്റയീ മോഹ-

ജലാശയത്തിൽ നീന്തി-

യെത്തിയോരഴകിന്റെ 

അരയന്നമായ്‌.
 

എന്റെയീ ചേതന-

ത്തോപ്പിലവളായിരം 

ഇതളുകളുള്ള പനി-

നീർ പുഷ്പമായ്.
 

എന്റെയീ മംഗല്യ-

സ്വപ്നത്തിൻ പന്തലിൽ 

പൊൻകതിരായവൾ 

പൂത്തു നിന്നൂ.
 

എന്റെയീ സംഗീത-

സോമരസ ഗംഗയിൽ 

അവിരാമമൊരു മന്ത്ര-

ചൈതന്യമായ്.
 

എന്റെയീ കൽപനാ-

സൗരയൂഥത്തിലെ 

നക്ഷത്രത്തിളക്കമാ-

യുണർന്നുയർന്നൂ.
 

എന്റെയീ മാരിവിൽ 

ഗോപുരപ്പടിയിലെ 

താലമേന്തും ശിലാ-

കന്യയായി.
 

എന്റെയീ ഉന്മാദ-

നൃത്ത വേദിയിലെ

നിർവൃതിച്ചിലങ്കതൻ 

താളമായി.
 

എന്റെയീ മന്മഥ-

സാരംഗിയിൽ അത്യ-

പൂർവ്വമൊരു രാഗ-

കല്ലോലമായി.
 

എന്റെയീ വീഞ്ഞിന്റെ 

പുഴയിലൂടവളൊരു 

ലഹരിമീനായ് പിട-

ഞ്ഞൊഴുകിയെത്തീ.
 

എന്റെയീ കൈലാസ-

ഹിമ താഴ്‌വരക്കാറ്റി-

ലലിയുന്ന മേഘ 

സുസ്മേരമായി.
 

എന്റെയീ ഏക നാരീ-

വ്രത ശപഥത്തി-

ന്നാധാരമാമുടൽ 

വിസ്മയം നീ !
 

എൻ വികാരങ്ങളും 

സമസ്താനുഭൂതിയും 

പൊരുളും സമർപ്പി-

ച്ചിടുന്ന ദേഹം.
 

എൻ ശിരോലിഖിത-

ത്തിൽ സൗഭാഗ്യമായ്‌ ഭവാന-

രുളിയ സമ്പൂർണ 

സ്ത്രൈണ ദാഹം.
 

എന്നിൽ ജ്വലിക്കുമേ-

തഗ്നിയേയും അണ-

ക്കാൻ വരം സിദ്ധിച്ച 

മന്ദഹാസം.
 

എന്നുടെ വേനലും 

വർഷവും മകരവും 

അവളാണ് മദ്ധ്യാഹ്ന-

സായന്തനങ്ങളും !

English Summary:

Malayalam Poem ' Udal Vismayam ' Written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com