ADVERTISEMENT

ദിനമെന്നോണം വരുന്നുണ്ടവൻ,

ദിനകരൻ പൂണ്ടുറങ്ങുന്ന നേരത്ത്;

രാത്രിഞ്ചരനെപ്പോലെൻ

രാമഞ്ചമരികെ, മാനസം നുകരാൻ.
 

ദിനവുമറിയുന്നു, ഞാനാ 

ദിവ്യാനുരാഗമാമാഗമനത്തെ;-

യെങ്കിലും, ലതയേതും പടരുന്നില്ല-

യെന്നുടെ തളരുന്ന തനുവിൽ.
 

ഉള്ളിൽ പൂണ്ടുറങ്ങുന്ന സൂര്യനെ

ഉണർത്താൻ മടിച്ചു ഞാൻ മെല്ലെ    

ഉള്ളത്തെയിരുളിൽ പുതച്ചു ചെമ്മെ

ഉറക്കംകൊള്ളുന്നു, കള്ള ധരിത്രിപോൽ!
 

ഖേദമോടവനകലുന്ന ശബ്ദം കേൾക്കെ,

ഖിന്നയാകുന്നു ഞാൻ, നിശബ്ദം തേങ്ങുന്നു;

'ഇനിയീ വഴി വരില്ലേ' യെന്ന്,

ഇരമ്പൽ വീഴാതെ ചോദിച്ചുപോകുന്നു. 
 

പാതി മുറിഞ്ഞുപ്പോം രാവുകളിൽ, 

പാഴ്കിനാവിൻ ശവമഞ്ചത്തിൽ,

പള്ളിയുറക്കം വിധിക്കപ്പെട്ടെൻ മിഴികൾ

പാതി തുറന്നിരിക്കാറുണ്ട്; അറിയാതെ!

English Summary:

Malayalam Poem ' Ariyathe ' Written by Satheesh Kalathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com