ADVERTISEMENT

നീയൊരു കണ്ണാടി ഞാനൊരു രൂപം

ഇക്കാലമത്രയും  

ചുംബിക്കാതെ ചുംബിച്ചു

നമ്മൾ പരസ്പരം.

നീയൊരു നീലക്കടൽ ഞാനൊരു വെള്ളത്തിര

ഇക്കാലമത്രയും  

സ്പർശിക്കാതെ സ്പർശിച്ചു

നമ്മൾ അന്യോന്യം.
 

നീയൊരു മനോഹരതീരം

ഞാനൊരു പാഴ്മരം

ഇക്കാലമത്രയും നമ്മൾ ഒരുമിച്ചു പങ്കിട്ടു

കൊടുങ്കാറ്റിന്റെ ഇടവേളകൾ!

ഞാൻ ആലിംഗനത്തിനു കൊതിക്കുമ്പോൾ

എനിക്കൊട്ടും പിടി തരാതെ നീ 

കേവലമൊരു സ്ഫുരണമായി ചക്രവാള-

സീമകൾ കടന്ന് മറയുന്നതെന്തിനാണ് ?
 

നീയും ഞാനും വളരെ അടുപ്പത്തിലാണെങ്കിലും

ഈ ഭൂമിയിൽ നമ്മെപ്പോലുള്ള 

അപരിചിതർ വേറെയില്ല.

ഞാൻ വിളിക്കും

നീ ആ വിളിക്കൊരിക്കലും ചെവി കൊടുക്കില്ല.

കാറ്റിന്റെയും കടലിന്റെയും സംഗീതം ആസ്വദിക്കുന്ന

നീ ഒരു ബധിരനാണെന്ന് ഞാൻ വിശ്വസിക്കേണമോ?
 

ഞാൻ വിലപിക്കും

നീ എന്നെ ആശ്വസിപ്പിക്കാനായി വന്ന ചരിത്രമില്ല

അശരണരുടെ ദുഃഖത്തിന്റെ ആഴവും പരപ്പും

നിനക്ക് അറിയാത്തതാണെന്നു ഞാൻ കരുതേണമോ?

ഒരു ചിരഞ്ജീവിയാകാൻ കൊതിയെനിക്ക് 

പക്ഷെ മരണത്തിന്റെ താഴ്‌വരയിൽ ഒരു 

ചിതയൊരുക്കും നീ എനിക്ക് വേണ്ടി!
 

ഇനി വേർപിരിയാനുള്ള സമയമായി.

നീ എന്റെ രക്തത്തിലും വിയർപ്പിലും അസ്ഥികളിലും  

അടയിരുന്ന് കണ്ണിൽച്ചോരയില്ലാതെ 

എന്റെ ആത്മാവിനു തീ കൊളുത്തിക്കോളൂ! 

നീ എന്തേ എന്നെ കൈവെടിഞ്ഞൂ എന്ന്

പരിഭവമൊഴിവാക്കാൻ ഞാൻ ആവതും നോക്കാം. 

പക്ഷെ അതൊന്നും എന്റെ കൈയ്യിൽ മാത്രമല്ലെന്ന് 

നിനക്ക് നന്നായി അറിയാവുന്നതല്ലേ?
 

സമാഗമത്തിന്റെ പൊൻകിനാവുമായി  

ശവപ്പറമ്പിലെ ഇരുട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞോളാം

വെളിച്ചത്തിന്റെയും വെളിച്ചമായ നീ കണ്ണ്

ഒട്ടും കാണാതെ ഇരുട്ടിൽ തപ്പുന്ന ഭാവത്തിൽ 

പതിവുപോലെ ഒരു അപസർപ്പക-

സഞ്ചാരിയായി അലഞ്ഞോളൂ!

എന്നും എനിക്ക് നീ ഒരു പ്രഹേളിക!

നിനക്കോ ഞാൻ കോടാനുകോടി 

കടംകഥകളിൽ ഒന്ന് മാത്രം!

English Summary:

Malayalam Poem ' Mithyanantharam ' Written by Venu Nambiar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com