ADVERTISEMENT

മേഘ മലഞ്ചെരുവിൽ 

നീലാകാശം 

നീയെന്ന പക്ഷിക്ക് 

കൂടുകെട്ടി.
 

മാഘ മരച്ചാർത്തിൽ 

നിലാവെട്ടം 

നീയെന്ന പൂവിന് 

പാട്ടുതേടി.
 

പാരിടം,വാസന്ത-

മെന്നു പേരിട്ടൊരീ 

വന്യ ലാവണ്യത്തെ-

ക്കൈ വണങ്ങീ.
 

ദേവലോകം നൂറ് 

സൂര്യച്ചിലങ്കകൾ 

നീയെന്ന നർത്തകി-

ക്കായി വാങ്ങി.
 

നീയെന്ന ഗായിക-

ക്കാർദ്ര സ്വരബിന്ദുക്കൾ 

കോർത്തു,രാഗം 

മധുമാലകെട്ടി.
 

സ്വപ്നാടനങ്ങളിൽ 

ശൃംഗാര വഞ്ചിയിൽ 

കിനാമാരികൾ നിന്നെ-

പ്പെയ്തു തോർത്തി.
 

കാലമൊരഴകിന്റെ 

അമ്പലക്കോവിലിൽ 

നിന്റെയീ രൂപം 

പ്രതിഷ്‌ഠയാക്കി.
 

കവി മാനസത്തിലെ 

സൗന്ദര്യ ബോധത്തിൽ 

മദനിക തോൽക്കുന്ന 

ശിൽപ്പമായ് നീ.
 

രതിസാഗരത്തിന്റെ 

വേലിയേറ്റങ്ങളിൽ 

തീവ്ര സീൽക്കാര-

സംഗീതമായ് നീ.
 

മകര മാസത്തിലെ 

മഞ്ഞു കോലായയിൽ 

കേശപ്പുതപ്പി-

ന്നിളം ചൂടായി നീ.
 

തിരുവാതിരക്കുളി

കഴിഞ്ഞു തീകായുവാ-

നെത്തുന്ന കാറ്റിന്റെ 

മർമ്മരമായി നീ.
 

ശ്രുതിയിൽ പതുക്കെ-

പ്പതുക്കെയുണരുന്നൊരു 

വീണതൻ രാഗ-

സങ്കേതമാകുന്നു നീ.
 

മിടിപ്പിൽ പതുക്കെ-

പ്പതുക്കെപ്പടർന്നിടും 

ഉഗ്ര ശപഥത്തിന്റെ 

നാഗമാകുന്നു നീ.
 

മോഹം പതുക്കെ-

പ്പതുക്കെ ജ്വലിച്ചിടും 

ലയരാഗതാളത്തിൻ

യാമമാകുന്നു നീ. 
 

എന്നിൽ പതുക്കെ-

പ്പതുക്കെ നിറഞ്ഞിടും 

അക്ഷീണ നിർവൃതീ-

യോഗമാകുന്നു നീ.
 

കുളിരുത്സവത്തിന്റെ 

കോരിത്തരിപ്പുമാ-

വാഹിച്ചു നിൽക്കും 

തുഷാരമാകുന്നു നീ.
 

പുഴയും,പൂക്കാവടി

തുള്ളും കിനാക്കളും 

ചേർന്നൊരുക്കുന്നൊരു 

മെഹ്ഫിലാകുന്നു നീ.
 

നിറവോടെ തെളിയുന്നൊ-

രെണ്ണ വിളക്കായി  

നീറിപ്പിടിച്ചെന്റെ 

സിരകളിലേക്കു നീ.
 

വെള്ളാരം കല്ലുകൾ 

ചിതറും സ്മിതങ്ങളിൽ 

പുളക പ്രവാഹങ്ങ-

ളൊളിപ്പിച്ചിടുന്നു നീ.
 

നിന്റെയീ നിശ്വാസ-

മദസുഗന്ധത്തിലെൻ 

നാസികയെന്നേ 

കീഴടങ്ങി?!
 

മധു മന്ത്രണത്തിന്റെ 

മലരമ്പ വനികയിൽ

ഋതുയോഗ രസസരയു-

വാകുന്നു നീ.
 

പരിരംഭണത്തിന്റെ 

സന്ധ്യാ തപസ്സിലെ 

ഋതുയോഗ മധുചഷക-

മാകുന്നു നീ.
 

ക്ഷുഭിതമീ യൗവനം 

തരളമാക്കുന്നു നീ 

ക്ഷണികമീയാനന്ദം 

നിത്യമാക്കുന്നു നീ.
 

നീയടുത്തുറങ്ങാത്ത 

രാത്രികളിനിയില്ല 

നിനക്കൊപ്പമുണരാത്ത 

പുലരികളും.
 

നീയുടുത്തൊരുങ്ങാത്ത 

യാത്രകളിനിയില്ല 

നിനക്കിണയാകാത്ത 

ജന്മങ്ങളും!

English Summary:

Malayalam Poem ' Rithuyogam ' Written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com