ADVERTISEMENT

ദ്രുപദപുത്രിമാർ ഇനിയും ജനിക്കും

പ്രാണനെ അഞ്ചായ് പകുത്ത്,

മോഹങ്ങൾക്ക് മീതെ തീമഴ

തീർത്തവരോട്

അവളുടെ അഴിഞ്ഞ മുടിയിഴകൾ

ചില ചോദ്യങ്ങളുതിർക്കും
 

മത്സ്യത്തിന്റെ കണ്ണിലേക്ക് അയച്ച

അമ്പ് തറച്ചത്,

സ്വപ്നങ്ങൾക്ക് മേലെയാണെന്ന് 

തിരിച്ചറിഞ്ഞപ്പോൾ

അവളെ പകുത്തെടുത്തവർ

ഊഴമുറപ്പാക്കിയിരുന്നു..

അവളിലെ പ്രണയത്തെ വീതം

വയ്ക്കുന്നത് എങ്ങനെയാണ്?
 

വീരനെ വരിച്ചവൾക്ക് 

ഭിക്ഷാവസ്തുവിന്റെ മൂല്യം നൽകി,

അവളെ ചൂതു കളിക്കാരന്റെ 

പണയവസ്തുവായ് മാറ്റി..

ചതുരംഗക്കളത്തിലെ പുതിയ കരുക്കളിൽ തട്ടി,

വലിച്ചിഴയ്ക്കപ്പെട്ടവളുടെ ഒറ്റവസ്ത്രം

സഭാമണ്ഡപങ്ങളിൽ ചുവന്ന പൂക്കൾ വിരിയിച്ചു..

അവൾ അപമാനിതയാകുന്നത്

എപ്പോഴാണ്?
 

നൂറ്റാണ്ടുകൾക്കിപ്പുറവും

മുഴങ്ങിക്കേൾക്കുന്ന നിലവിളികൾക്ക് 

ഒരേ ശബ്ദമാണ്..

നടവഴികളിൽ വിവസ്ത്രയാക്കപ്പെടുന്ന 

ദ്രൗപദിമാർക്കെല്ലാം ഒരേ മുഖവും..

ഉരുകിയ സ്ത്രീത്വത്തിന്റെ ദൈന്യമുഖം.

കാലമേറെ കഴി​ഞ്ഞിട്ടും മാറ്റമില്ലാതെ..

ഇതിഹാസങ്ങളുടെ തനിയാവർത്തനം പോലെ..

English Summary:

Malayalam Poem ' Thaniyavarthanam ' Written by Divya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com