ADVERTISEMENT

കോട്ടക്കൽ ചന്തയിൽ 

വെറ്റില വിൽക്കുന്ന 

മമ്മസ്സനെന്ന വൃദ്ധൻ

എല്ലാവർക്കും 

ഒരു കൗതുകമാണ്.
 

പ്രായം, അതിലെന്താന്നല്ലേ?

അല്ല, ചെറിയ ചിരി, 

വലിയ വായിലെ സന്തോഷം. 

അത് പിന്നെ, വിയർപ്പിൽ കുതിർന്ന 

പച്ചനോട്ടുകളിൽ 

ഒറ്റിപ്പിടിക്കുമ്പോൾ

നേരത്തിന്റെ അന്തിമണം.
 

ശനിയാഴ്ച്ചകളിൽ 

വെറ്റിലക്കെട്ടുകൾ 

അവസാനയാത്രയാകുമ്പോൾ

അതൊരു വാരാന്ത്യത്തെ 

ഓർമപ്പെടുത്തുന്നു.
 

പിന്നെ, ഒരുപാടു മുഖങ്ങൾ

പലരും വെറ്റിലയെക്കാളും നേരം 

മമ്മസ്സനെ നോക്കികാണും.

അതുപിന്നെ ഒരു കാഴ്ചയല്ലാതെ

പാതിവഴിക്ക് താങ്ങാകുന്ന 

അത്താണിപോലെ 

അങ്ങനെ നിൽക്കും.
 

ചിലപ്പോൾ മഴയങ്ങനെയാണ്,

പെയ്തുകൊണ്ടേയിരിക്കും.

കാറ്റടിച്ചെത്തുന്ന താളത്തിലും, 

തകർത്തുപെയ്യുന്ന മഴ,

വാർദ്ധക്യം വന്ന അത്താണിയെപ്പോലെ 

കടന്നുപോകുന്നവരെ 

കാണാതെ നിൽപ്പുറപ്പിക്കും.
 

നേരം അങ്ങനെയാണ്,

വഴിയാത്രക്കാരെ കാണാതെ

അത് കടന്നുപോകും.

പിന്നെ, രാവും പകലുമുണ്ടാകുമ്പോൾ 

ആയുസ്സുകുറയും.
 

മമ്മസ്സൻ ജീവിച്ചും,

മഴ തകർത്തുപെയ്തും,

നേരം ഇടവിടാതെ ഓടിയും,

ആത്മാവിന്റെ അത്താണികൾതേടി

ആരെങ്കിലുമൊക്കെ വരുന്നുണ്ടാകും.
 

തകർത്തുപെയ്യുന്ന 

ഇടവപ്പാതിയിലും, 

നട്ടുച്ചയിലെ ചുടുകാറ്റിലും, 

വെറ്റിലച്ചുമടേന്തിയ മമ്മസ്സന്റെ

നിഴലുകളെ പിൻതുടർന്ന്

ആരൊക്കെയോ 

മറഞ്ഞുപോകുന്നുണ്ടാകും.

ആ ഒഴുക്കിൽ, ആരുമറിയാതെ 

ഞാനുമുണ്ടാകും. 

English Summary:

Malayalam Poem ' Vettilachumadenthiya Vruddhan ' Written by N. Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com