ADVERTISEMENT

തെളിഞ്ഞു വരുന്ന പകലിലേക്ക്

സ്ഫടികം പോലെ മഴ

അകലങ്ങളിലേക്കു നീന്തിപ്പോകുന്ന

മഴയുടെ ജലയാനങ്ങൾ

വെളുപ്പിലും കറുപ്പിലും

തുടുത്ത ചുകപ്പിലും മഴ
 

മിന്നലിന്റെ വെളിച്ചം മതി

അറിയാൻ.... നീ മഴയുടെ ശരീരം

അലിഞ്ഞു പരന്ന മനോവിചാരങ്ങൾ

കവിളിന്റെ ക്യാൻവാസിലെഴുതണം

അപ്പോൾ... നീ സുന്ദരിയായ മഴ
 

ഇടയ്ക്കെപ്പൊഴോ നാട്ടുവഴിയിലൂടെ

മഴ നടന്നു വന്നിരുന്നു

നനഞ്ഞ ശരീരമൊതുക്കി

തണുത്ത കാറ്റുപോലെ വിറച്ച്

പുളിമരത്തിനു താഴെ നിന്ന്

പതിയെ വിളിച്ചിരുന്നു.
 

മഴക്കാലം പ്രണയത്തിന്റെ ചേമ്പിലയിൽ

തടാകമൊരുക്കും

ആസക്തിയുടെ പരൽ മീനുകൾക്കായി.

മഴ പറഞ്ഞ കഥകൾ 

ജീവിതത്തെക്കാൾ യാഥാർഥ്യമായി

മനസ്സിൽ തളം കെട്ടും
 

ആഗ്രഹങ്ങളുടെ വർണ്ണ വസ്ത്രങ്ങൾ

അഴിച്ചു വെച്ച് രാമഴ

നനഞ്ഞു നടന്ന തെരുവിൽ

നക്ഷത്രങ്ങൾ ഒഴുകിപ്പോയതോർത്ത് 

ഒരാൾ അലസനായി കിടക്കും
 

വാക്കുകൾ പ്രകാശിക്കുന്ന രാത്രിയിൽ

ഭൂമിയിലെ ജീവിതത്തോടു ചേർന്ന് 

നിൽക്കുമ്പോൾ ഓർത്തു;

മഴ കടം പറഞ്ഞു കൊണ്ടുപോയ 

എന്റെ വേദനകളുടെ വേനൽക്കാലം
 

എന്തിനെന്നറിയാതെ നമുക്കിടയിൽ 

അതിർവരമ്പായി മഴ 

പെയ്തു കൊണ്ടേയിരുന്ന 

ആ നിമിഷത്തിന്റെ പ്രാർഥന - 

"ദൈവമേ, മനസ്സുനിലാവു പോലെ

സുതാര്യമാകുമ്പോൾ, 

എനിക്കു മാത്രമായ് ഒരു മഴ

കണ്ണുകൾ തുടയ്ക്കാൻ മാത്രം"

English Summary:

Malayalam Poem ' Enikku Mathramay Oru Mazha ' Written by K. A. Ravi Narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com