ADVERTISEMENT

ചുരുണ്ടുകൂടിക്കിടക്കുന്നു 

അകത്തെ മൂലയിൽ 

പഴയ ഒരു പായ.

കണ്ണികൾ പരസ്പരബന്ധമില്ലാതെ 

അറ്റു പോയിട്ടുണ്ട്.

അരികുകൾ ദ്രവിച്ചു തുടങ്ങിയിട്ടുണ്ട് 

ഇടയിലൊക്കെ തുളകൾ വീണിട്ടുണ്ട്.
 

നിവർത്തി വെച്ച മടിത്തട്ടെന്ന പോലെ 

അതിലുറങ്ങി ഉണർന്ന കാലത്തിന്റെ 

ഓർമ്മകൾ 

ഗൃഹാതുരമായ അതിന്റെ ഗന്ധം 

അതുമാത്രം മായാതെ

ഇപ്പോഴുമതിൽ തങ്ങി നിൽപ്പുണ്ട് 
 

വെയിലോ മഴയോ അറിയാതെ 

ചേർത്തു പിടിച്ച ആ വാത്സല്യതണുപ്പ്.

ഉറങ്ങുന്നത് വരെ തലോടലേറ്റ് കേട്ട 

കഥകളുടെ അദ്‌ഭുതലോകം.

ദുസ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണർന്നപ്പോൾ 

നെഞ്ചോട് ചേർത്തു വെച്ചത് എല്ലാമെല്ലാം...

മറക്കാനാകാതെ അങ്ങനെതന്നെ...
 

ഒരിക്കൽ കൂടി അന്നത്തെ പോലെ നിവർത്തി വെച്ച

ആ മടിത്തട്ടിൽ ഒന്നുമറിയാതെ മയങ്ങണമെന്നുണ്ട് 

പക്ഷെ തൊട്ടാൽ പൊടിഞ്ഞു പോകുന്ന 

പരുവത്തിൽ ഇന്നതിന്റെ മേനിയാകെ ശോഷിച്ചു.

കാലങ്ങളായി ചുരുണ്ടുകൂടികിടന്നതിനാൽ 

നിവരുവാനും ശേഷിയില്ല.

ചുക്കിച്ചുളിഞ്ഞതിന്റെ മടിയിലാകട്ടെ 

കിടക്കാനിടവുമില്ല 
 

കാലം അതിധ്രുതം പായുന്ന ഒരു തീവണ്ടി 

പോലെ ആണെന്ന് ഇടയ്ക്കിടെ തോന്നും 

തൊട്ടുതൊട്ടങ്ങനെ പായയ്ക്കരികിലിരിക്കുമ്പോൾ 

എന്തിനെന്നറിയാതെ മിഴികൾ തുളുമ്പുന്നു 

എവിടെ നിന്നോ രണ്ട് അമ്മക്കരങ്ങൾ പുണരാനായ് 

ഉയരുന്നത് പോലെ വെറുതെ തോന്നുന്നു.

English Summary:

Malayalam Poem ' Paaya ' Written by Thasni V.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com