ADVERTISEMENT

ഋതുക്കളുടെ ഭാഷയെ വിവർത്തനം ചെയ്തപ്പോഴാണ് 

വൈധവ്യത്തിന്റെ വൈവിധ്യങ്ങൾ അറിഞ്ഞത്...

ചിതയെരിഞ്ഞ കനൽ ചുവപ്പിൻസിന്ദൂരം 

പകലിലേക്കെറിഞ്ഞപ്പോഴാണ് 

ശുഭ്രവസ്ത്രത്തിൽ ഇരുട്ടവളെ പൊതിഞ്ഞത്!
 

ബാക്കിവന്ന ജീവനിൽ ആത്മാവിനൊരുചിതയെന്നെഴുതി 

കുപ്പിവളകൾ ഒന്നിച്ചുപൊട്ടിച്ചിരിച്ചപ്പോൾ

വഴിയോരപച്ചപ്പിൽ അടർന്നുവീണ അരളിപൂക്കളെ

ജനൽപ്പഴുതിലൂടെ വെറുതെ നോക്കിയിരുന്നു
 

അക്ഷരങ്ങൾ വെന്തുപാകമായ ചില്ലകളിൽ 

പുനർജന്മത്തിന്റെ ഏടുകളിൽ പുതിയ ലിപിയെഴുതി 

സൂര്യനെ നോക്കിയപ്പോഴാണ് സൂര്യകാന്തി 

ചോദ്യചിഹ്നങ്ങളെ ഭയന്നത്..

ഏകാന്തതയുടെ ശൂന്യതയെ പ്രണയമെന്നെഴുതിയപ്പോഴാണ് 

ഗ്രീഷ്മത്തിലും സ്നേഹപ്പെരുമകൾ തല്ലിയലച്ചൊഴുകിയത്
 

ഒറ്റപ്പെടലിന്റെ ജയിൽവാസങ്ങളിൽ

വീണ്ടും വീണ്ടും എത്തിനോക്കുന്ന

ഓർമ്മ മണികളെ ഇരുമ്പുപെട്ടിയിൽ അടക്കം ചെയ്‌തുകൊണ്ട്

ചോദ്യങ്ങളും ഉത്തരങ്ങളും സ്വയം അടക്കം ചെയ്യാൻ 

പഠിച്ചപ്പോഴാണ് കുലമഹിമ വർണ്ണിക്കപ്പെട്ടത്
 

ചുട്ടുപൊള്ളുന്ന കണ്ണീർക്കണങ്ങൾ ഉരുകിയൊലിച്ചപ്പൊൾ

ഉന്മാദത്തെ കൃഷ്ണശിലയിൽ സമർപ്പിച്ചു

സൗഹൃദത്തിന്റെ അവസാനവരിയിൽ അടയാളപ്പെടുത്തിയ 

വാക്കുകളുടെ ബലമില്ലായ്മയിൽ സ്നേഹം എന്നു 

കുറിച്ചുകൊണ്ട് നിഴലായ് പിന്തുടരുന്ന മാറാപ്പ്

കാലമാം ശാഖിയിൽ ചേർത്തുവെച്ചു!

English Summary:

Malayalam Poem ' Vaidhavyam ' Written by Girija Chathunny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com