ADVERTISEMENT

പനി,

ഒരു സൂത്രപ്പണിയാണ്;

തന്നെയാരും എത്തിനോക്കുന്നില്ലെന്ന

തോന്നലിൽ

തനു കാട്ടിക്കൂട്ടുന്ന വേലത്തരം!
 

തുടക്കത്തിൽ ഒരു തുമ്മൽ;

ഒന്നു മുരടനക്കൽ.

എന്നിട്ടും രക്ഷയില്ലെങ്കിൽ,

വാവിട്ടു കുരയ്ക്കൽ.

അതിലും രക്ഷയില്ലെങ്കിൽ,

തുള്ളൽ... കിടന്നു തുള്ളൽ.
 

അങ്ങനെ... അങ്ങനെ...

തുള്ളി തുള്ളി പൊള്ളുമ്പോൾ

മേലാകെ

മഴത്തുള്ളികൾ മുളച്ചുപൊന്തും.
 

ഈ സമയം,

തനു മറ്റൊരു തനുവിനെ തേടും.  

സിരകളിലൂടെ

പ്രണയത്തിന്റെ ശ്വേതം കടന്നുപോകുന്നതു

സ്വപ്നം കാണും.
 

സ്വപ്നത്തിൽ,

അടുത്തേയ്ക്കുവരുന്ന തനുവിലേയ്ക്കു  

തന്റെ കനൽ പടർന്നുക്കേറുന്നതും  

അന്ത:കരണത്തിലെ പുകച്ചിൽ  

ജാലവിദ്യകണക്കെ അണഞ്ഞുപോകുന്നതും

മുളച്ചുപൊന്തിയ മഴത്തുള്ളികൾക്കു

ചിറകുകൾ മുളയ്ക്കുന്നതും

അവ,

ആകാശത്തു വിതാനിച്ചു പറക്കുന്നതും

കാണാൻതുടങ്ങും.
 

അതോടെ,

തനുവിൽനിന്നും തനുവിലേക്കുള്ള ദൂരം

ഒരു കൈപ്പിടിയിലേക്കുള്ള

ഒരു ചാൺ ദൂരമാകുകയും

അടുത്തുവന്ന തനുവിനെ ചേർത്തുപിടിച്ച്

അമർത്തി ചുംബിക്കാൻ തുടങ്ങുകയും ചെയ്യും.

English Summary:

Malayalam Poem ' Soothrappani ' Written by Sathish Kalathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com