ADVERTISEMENT

മറുവാക്കുത്തേടി-

യിടനാഴിയിൽ

മനമുഴറും കാലം

മൗനം പൊതിഞ്ഞ 

തെരുവോരങ്ങളിൽ

വാചലതയുടെ 

ശബ്ദഭേരികൾ 
 

പൊഴിഞ്ഞുവീണ 

രാവുകൾക്ക്

വിഹ്വലതകളുടെ 

ഇരുളാഴങ്ങൾ

കണ്ണാടിയിലെ 

പ്രതിബിംബങ്ങൾക്ക്

ലാഭനഷ്‌ടങ്ങളുടെ 

ആകാരവടിവ്
 

കോതിയൊതുക്കി 

നനഞ്ഞൊട്ടിയ 

വയറുകളിൽ അരപ്പട്ടിണി

തെറിച്ചുവീണ 

ജലകണങ്ങളിൽ

ചീവിടുകളുടെ 

മരവിച്ചസംഗീതം
 

കണ്ണുകളിൽ

വിലയംപ്രാപിച്ച 

താമരവളയങ്ങൾക്ക് 

കിണറാഴങ്ങൾ

വഴിയോരകച്ചവടങ്ങളിൽ 

വിൽക്കപ്പെടുന്ന 

ജീവിതവ്യഥകൾ
 

അടരുകളിൽപറ്റിപ്പിടിച്ചു 

കാറ്റിനോട് യുദ്ധം ചെയ്യുന്ന 

ശ്വാസകോശങ്ങൾ

കോർത്തെടുക്കാൻ 

കാലം ബാക്കിയാക്കിയ 

നൂൽപാലങ്ങൾ

മിനുക്കിയെടുത്ത 

വഴിത്താരയിൽ 

അരിച്ചെത്തിയ 

നെയ്യുറുമ്പുകൾ
 

തെളിഞ്ഞമാനം 

കാവൽനിൽക്കുന്ന

ജലപ്പരപ്പിൽ 

മുങ്ങാംകുഴിയിടുന്ന 

ആസുരതകൾ

ശുഷ്കിച്ചു നീണ്ടുവന്ന

കൈകളിൽ

രേഖകളുടെ അടയാളവാക്യം 
 

തീച്ചാമുണ്ടിതെയ്യത്തിന്റെ 

ചിലമ്പൊലിപോൽ 

വിശപ്പ് അട്ടഹസിക്കുമ്പോൾ

മിഴികളിൽ 

പൂക്കാലംനിറച്ച്

ജീവിതം 

വസന്തത്തിനായ് 

കാത്തിരിക്കുന്നു!!

English Summary:

Malayalam Poem ' Theruvu ' Written by Girija Chathunny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com