ADVERTISEMENT

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഫാമിലി എന്റർടെയ്നറാണ് ഗ്ർർർ. മലയാളത്തിലെ പ്രമുഖ താരങ്ങൾ സിംഹത്തിനോടൊപ്പമുള്ള സാഹസികരംഗങ്ങൾ നിറഞ്ഞ രംഗങ്ങളിൽ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൃഥ്വിരാജിന്റെ ‘എസ്ര’ എന്ന ഹൊറർ ചിത്രമൊരുക്കി സംവിധാന രംഗത്തെത്തിയ ജെയ് കെ. എന്ന ജയകൃഷ്ണന്റെ രണ്ടാമത്തെ മലയാള സിനിമയാണ് ‘ഗ്ർർർ. സൗത്ത് ആഫ്രിക്കയിൽ ഉള്ള മോജോ എന്ന സിംഹത്തെയാണ് ഗർർർ എന്ന ചിത്രത്തിലേക്ക് ഓഡിഷൻ ചെയ്തെടുത്തത് എന്ന് ജയകൃഷ്ണൻ പറയുന്നു. ഹിന്ദിയിൽ ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ഒരു സിനിമ ചെയ്ത ജെയ് മലയാളത്തിൽ ആണും പെണ്ണും എന്ന ആന്തോളജിയും നിരവധി പരസ്യ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.  പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ജെയ് കെ. മനോരമ ഓൺലൈനിൽ എത്തുന്നു.

കോവിഡിന് മുന്നേ ചെയ്യാനിരുന്ന ഗർർർ 

എസ്ര എന്ന സിനിമ ഇറങ്ങിയിട്ട് ഏഴുവർഷമായി. അത് കഴിഞ്ഞു എന്റെ സിനിമാ കരിയറിൽ വലിയ ഗ്യാപ് ഒന്നും വന്നിട്ടില്ല. എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.  മലയാളത്തിൽ ആണും പെണ്ണും എന്നൊരു ആന്തോളജി ചെയ്തു.  ഇമ്രാൻ ഹാഷ്മിയെ വച്ച് ഒരു ഹിന്ദി സിനിമയും ചെയ്തിരുന്നു. കോവിഡിന് മുൻപ് വരേണ്ടതാണ് ഗ്ർർർ.  കോവിഡ് വന്നതോടെ സിനിമ ചെയ്യാനുള്ള വഴികൾ അടഞ്ഞല്ലോ അതുകൊണ്ടാണ് വലിയൊരു ഇടവേള വന്നു എന്ന് തോന്നുന്നത്. പക്ഷേ ആ സമയം മുഴുവൻ ഞാൻ ഈ സിനിമയുടെ മുന്നൊരുക്കങ്ങളിൽ ആയിരുന്നു. ഗ്ർർർ വിദേശത്ത് ഷൂട്ട് ചെയ്യണമായിരുന്നു അതുകൊണ്ട് കാത്തിരുന്നേ മതിയാകൂ. സിനിമയുടെ തിരക്കഥ കാലാനുസൃതമായി മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു.

സിംഹത്തിനു മുന്നിൽ അകപ്പെടുന്ന യുവാവിന്റെ കഥ 

തിരുവനന്തപുരം മൃഗശാല അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ഗ്ർർർ.  മൃഗശാലയിൽ സിംഹത്തിനു മുന്നിൽ പെട്ടുപോയ മദ്യപനായ യുവാവും അയാളെ രക്ഷിക്കാനിറങ്ങിയ മൃഗശാല സൂപ്പർവൈസറുടെയും കഥയാണ് പറയുന്നത്.   യഥാർഥ സിംഹത്തെ തന്നെ നമുക്ക് അഭിനയിപ്പിക്കണം എന്നുണ്ടായിരുന്നു അത് ഇവിടെ ചെയ്യാൻ പറ്റില്ലല്ലോ അതാണ് സൗത്ത് ആഫ്രിക്കയിൽ പോയത്.  സിനിമയിൽ യഥാർഥ സിംഹം ഉണ്ട് , കുറച്ച് അനിമട്രോണിക്സ് ഉണ്ട്, വിഎഫ്എക്സും ഉണ്ട്, ഇത് മൂന്നും കൂടി ചേർന്നാണ് സിംഹത്തിന്റെ സീക്വൻസ് വരുന്നത്. അനിമട്രോണിക്സ് മാത്രം വച്ച ഷൂട്ട് ചെയ്താൽ കോമഡി ആയിപ്പോകും ചില ആംഗിളുകൾക്ക് വേണ്ടി മാത്രമാണ് അനിമട്രോണിക്സ് ഉപയോഗിച്ചത്, ഇതിൽ രണ്ടിലും പറ്റാത്തതാണ് വിഎഫ്എക്സ് ഉപയോഗിച്ചത്.

jay-k-chakochan

സിംഹത്തെ ഓഡിഷൻ ചെയ്തെടുത്തു

സിനിമയുടെ കഥ എഴുതിയപ്പോൾ അതിൽ മുഴുകി കഥ എഴുതി. സിംഹത്തെ എങ്ങനെ അഭിനയിപ്പിക്കും എന്ന കാര്യമൊന്നും അന്ന് ആലോചിച്ചില്ല. അങ്ങനെയൊക്കെ ആലോചിച്ചാൽ നമുക്ക് കഥ എഴുതാൻ പറ്റില്ല.  ഇത് ഷൂട്ടു ചെയ്യാൻ പറ്റുമോ പെർമിഷൻ കിട്ടുമോ എന്നൊക്കെ ആലോചിച്ചിരുന്നാൽ ഒന്നും എഴുതാൻ പറ്റില്ല. കഥ എഴുതി തീർത്തപ്പോഴാണ് ഇനി ഇപ്പൊ എന്ത് ചെയ്യും എന്ന് ആലോചിച്ചത്. സിംഹത്തെ കാസ്റ്റ് ചെയ്യാൻ അന്വേഷിച്ചപ്പോൾ ഇന്ത്യയിൽ ഷൂട്ട് ചെയ്യാൻ പറ്റില്ല, ഇന്ത്യയ്ക്കു പുറത്ത് കുറെ സ്ഥലങ്ങളിൽ പോയി. ലണ്ടനിലും മൗറീഷ്യസിലും സൗത്ത് ആഫ്രിക്കയിലും ഷൂട്ട് ചെയ്യാൻ പറ്റും എന്ന് അറിഞ്ഞു.  ഞാൻ മൗറീഷ്യസിൽ പോയി സിംഹത്തെ കണ്ടു.  

jay-k-chakochan2

സിംഹത്തെക്കൊണ്ട് നമുക്ക് ചെയ്യിക്കേണ്ടത് എന്താണെന്നുള്ള സ്റ്റോറി ബോർഡ് ഈ മൂന്നു സ്ഥലത്തുള്ളവർക്കും അയച്ചുകൊടുത്തു.  അവർ സിംഹത്തെ ഓഡിഷൻ ചെയ്ത് എടുത്ത് ഇതൊക്കെ ചെയ്യിപ്പിച്ച് വിഡിയോ അയച്ചു തന്നു.  അതിൽ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത് സൗത്ത് ആഫ്രിക്കയിലെ സിംഹത്തെയാണ് കാരണം അവനായിരുന്നു ഏറ്റവും ഗാംഭീര്യം. നമ്മൾ മൃഗങ്ങളുടെ രാജാവിനെയാണ് റിസ്ക് എടുത്തു ഷൂട്ട് ചെയ്യുന്നത്. അപ്പൊ അവന്റെ ഗാംഭീര്യം ഒട്ടും കുറയാൻ പാടില്ലല്ലോ.  അങ്ങനെയാണ് മോജോ എന്ന സിംഹത്തെ തെരഞ്ഞെടുത്തത്.  മോജോയെ അവർ ട്രെയിൻ ചെയ്തു, ഞങ്ങൾ അവിടെ പോയി സിംഹവുമായുള്ളത് ഷൂട്ട് ചെയ്തു. ബാക്കി അനിമട്രോണിക്‌സും വിഎഫ്എക്സും.  

എല്ലാം സിംഹം ആണ് തീരുമാനിക്കുക 

ജീവൻ കയ്യിൽ പിടിച്ചാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. സിംഹവുമായി നേരിട്ട് ഇടപെടുന്ന സീനുകളൊന്നും അധികം ഇല്ല, കൂടുതൽ ഇടപഴകാൻ പോയാൽ ഞങ്ങളിൽ പലരും തിരിച്ചു വരാൻ കാണില്ല.  വന്യമൃഗം അല്ലേ അതിനു അറിയില്ലല്ലോ നമ്മൾ സിനിമാ സംവിധായകനും നടന്മാരും ഒക്കെ ആണെന്ന് അതിന്റെ മുന്നിൽ നിൽക്കുന്നത് ഒരു ഡിന്നറിലെ മെയിൻ കോഴ്സും സ്റ്റാർട്ടറും ഒക്കെയാണ്.  എവിടെ തുടങ്ങണം എന്ന് ചിന്തിച്ചായിരിക്കും സിംഹം നിൽക്കുന്നത്.  ട്രെയിനറുമായി ഇണങ്ങിയും പിണങ്ങിയും ആണ് സിംഹം നിന്നത്. കൂടുതൽ പിണക്കം കാണിച്ചാൽ അയാൾ തോക്ക് എടുത്തു കാണിക്കും അപ്പൊ സിംഹം അടങ്ങും.  സിംഹത്തെ സെറ്റിലേക്ക്  ഒരു കൂട്ടിലിട്ടു കൊണ്ടുവരും, നമ്മൾ കൂട്ടിൽ കയറുമ്പോൾ സിംഹത്തെ പുറത്തിറക്കും, സിംഹം കൂട്ടിൽ കയറുമ്പോൾ നമ്മൾ പുറത്തിറങ്ങും.  നടൻമാർ പുറത്തിറങ്ങി ഷൂട്ട്  ചെയ്തുകഴിഞ്ഞ ഉടൻ കൂട്ടിൽ കയറും.  അങ്ങനെ അല്ലാതെ റിസ്ക് എടുക്കാൻ കഴിയില്ലല്ലോ.  അങ്ങനെ സിംഹത്തിന്റെ സൗകര്യത്തിനാണ് ഷൂട്ടിങ് ഷെഡ്യൂൾ ചെയ്യുന്നത്.

സുരാജ് വെഞ്ഞാറമൂടും ചാക്കോച്ചനും റിസ്ക് എടുക്കാൻ തയാറായി

സിംഹവുമായിട്ടുള്ള ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് പറഞ്ഞുതന്നെയാണ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും  സിനിമയിലേക്ക് എടുത്തത്.  എല്ലാം പറഞ്ഞിട്ടാണ് അവരെ കൊണ്ടുപോയത്. അവരോട് കഥ പറഞ്ഞപ്പോൾ അവർ നന്നായി ആലോചിച്ചാണ് ഓക്കേ പറഞ്ഞത്.  സിനിമയുടെ റിസ്കിനെക്കുറിച്ച് രണ്ടുപേർക്കും പൂർണ ബോധ്യമുണ്ടായിരുന്നു. അവർ അങ്ങനെ ഒരു റിസ്ക് എടുത്തതുകൊണ്ടാണ് ഈ സിനിമ സംഭവിച്ചത്.  

സുരാജിന് ദേഹാസ്വാസ്ഥ്യമല്ല, അലർച്ച കേട്ട് പേടിച്ചതാണ് 

ഷൂട്ട് ചെയ്യുന്നതിന്റെ തലേദിവസം സിംഹത്തിന് ഭക്ഷണം കൊടുക്കില്ല.  കാരണം വയറു നിറഞ്ഞാൽ മടിപിടിച്ചു കിടക്കും. ഓരോ ഷോട്ട് കഴിയുമ്പോ കുറേശെ ഭക്ഷണം കൊടുക്കും.  ഓരോ ഷോട്ടിലും സിംഹം അഭിനയിക്കുന്നത് കൂടുതൽ ഭക്ഷണം കിട്ടും എന്ന പ്രതീക്ഷയിലാണ്. സുരാജിനെ വച്ചാണ് ഷൂട്ട് തുടങ്ങിയത്. ആദ്യത്തെ ഷോട്ട് ഓക്കേ ആയി രണ്ടാമത്തെ ഷോട്ട് ആയപ്പോ സിംഹം ഒന്ന് വയലന്റായി ഒന്ന് അലറി.  സുരാജ് പേടിച്ച് ‘എന്റെ അമ്മേ’ എന്ന് വിളിച്ച് ഒറ്റ പോക്ക് പോയി.  ദേഹാസ്വാസ്ഥ്യം എന്നാണ് പറഞ്ഞത് പിന്നെയാണ് അറിഞ്ഞത് സുരാജ് പേടിച്ചു പോയതാണെന്ന്.  പിന്നെ ചാക്കോച്ചനെ വച്ച് ഷൂട്ട് ചെയ്തു. ചാക്കോച്ചൻ എല്ലാ ഷോട്ടും അഭിനയിച്ചു തീർത്തു.  ഭാഗ്യത്തിന് ആർക്കും പരുക്കുകൾ ഒന്നും ഉണ്ടായില്ല.  സിംഹത്തിന്റെ അലർച്ച ഭയങ്കരമാണ്.  അടുത്തുവന്ന് ഒറ്റ അലർച്ച അലറിയാൽ നമ്മൾ കിടുങ്ങിപ്പോകും. അലർച്ച ഒന്നുരണ്ടു കിലോമീറ്ററിന് അപ്പുറം ഏറെ കേൾക്കാം. ഒരാഴ്ച എടുത്തു ആ സീനുകൾ ഷൂട്ട് ചെയ്തു തീർക്കാൻ.  ചില ദിവസം മടിയൻ രാജാവ് മടിപിടിച്ചു കിടക്കും അന്ന് ഷൂട്ട് നടക്കില്ല. എനിക്ക് ആ സമയത്ത് പേടി അല്ല, എങ്ങനെയെങ്കിലും ഷൂട്ട് തീർക്കണം എന്നായിരുന്നു ചിന്ത. പേടിച്ചു കഴിഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയില്ല.

സിനിമ കണ്ട് അഭിപ്രായം അറിയിക്കുക 

കേരളത്തിൽ തിരുവനന്തപുരവും കണ്ണൂരുമായിരുന്നു സിനിമയുടെ ഷൂട്ടിങ്. കുഞ്ചാക്കോ ബോബൻ സൂരജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ മഞ്ജു പിള്ള, രാജേഷ് മാധവൻ, അനഘ, ഷോബി തിലകൻ തുടങ്ങി നിരവധി താരങ്ങൾ ഈ സിനിമയിലുണ്ട്. കുടുംബ പ്രേക്ഷകരുൾപ്പടെ എല്ലാവര്ക്കും ആസ്വദിക്കാനുതകുന്ന ഒരു ചിത്രമായിരിക്കും ഗ്ർർർ.  കുട്ടികൾക്കൊക്കെ ഒരു പുതിയ അനുഭവമായിരിക്കും ഈ സിനിമ. പ്രേക്ഷകരുടെ പിന്തുണയാണ് ഏത് സിനിമയെയും വിജയിപ്പിക്കുന്നത്. എല്ലാവരും തിയറ്ററിൽ വന്നു സിനിമ കണ്ട് അഭിപ്രായം അറിയിക്കണം.

English Summary:

Chat with director Jay K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com