ADVERTISEMENT

കേരളത്തിൽ ബിജെപി നേടിയ വിജയം സാമാന്യവൽക്കരിക്കുന്നത് ശരിയല്ലെന്ന് നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത് അദ്ദേഹം നല്ല മനുഷ്യനും നേതാവും ആയതുകൊണ്ടാണെന്നും ഒരു പാർട്ടിയിൽ നിൽക്കുന്ന എല്ലാവരും ആ പാർട്ടിയുടെ ആശയധാരയുമായി പൂർണമായും ചേർന്നു പോകുന്നവരാണെന്നു വിചാരിക്കേണ്ട ആവശ്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. 

"പാർട്ടി പറയുന്ന ആശയധാരകൾ അതിലുള്ള എല്ലാ വ്യക്തികളും കൊണ്ടു നടക്കുന്നില്ല. കമ്യൂണിസ്റ്റിന്റെ ആശയധാര എല്ലാ കമ്യൂണിസ്റ്റുകളും നോക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ എങ്ങനെയാണ് കമ്യൂണിസ്റ്റുകാരൻ അമ്പലത്തിൽ പോകുന്നത്," രമേഷ് പിഷാരടി ചോദിക്കുന്നു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രമേഷ് പിഷാരടി തന്റെ നിലപാടുകൾ തുറന്നു പറഞ്ഞത്. 

ramesh-pisharody

കേരളത്തിൽ ബിജെപി ജയിക്കുന്നത് നല്ലതാണോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് രാഷ്ട്രീയ നിലപാടുകളിൽ വ്യക്തത വരുത്തുന്ന ഉത്തരങ്ങൾ രമേഷ് പിഷാരടി നൽകിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: "സുരേഷേട്ടൻ ജയിച്ച സമയത്ത് ഒരുപാട് സ്ഥലങ്ങളിൽ ഞാൻ കണ്ടു, 'നമുക്ക് രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത്'. അപ്പോൾ പറയും വ്യക്തിയാണെങ്കിൽ, ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടി ഏതാണെന്ന് നോക്കൂ എന്ന്. ആ പറയുന്നത് വലിയൊരു പ്രശ്നമുള്ള സ്റ്റേറ്റ്മെന്റ് ആണ്. എന്തുകൊണ്ടാണ് ഇസ്‍ലാം മതവിശ്വാസികൾക്ക് എല്ലാ ഇസ്‍ലാം വിശ്വാസികളും തീവ്രവാദികൾ അല്ല എന്നു പറയേണ്ടി വരുന്നത്. എന്തുകൊണ്ടാണ് എല്ലാ ഹിന്ദു വിശ്വാസികൾക്കും സംഘി അല്ല എന്നു പറയേണ്ടി വരുന്നത്. സാമാന്യവൽക്കരിക്കപ്പെടുന്നതു കൊണ്ടാണ്."

"ഒരാൾ ബിജെപി ആയതുകൊണ്ടോ ഇസ്‍ലാം ആയതുകൊണ്ടോ ഹിന്ദു ആയതുകൊണ്ടോ കോൺഗ്രസോ കമ്യൂണിസ്റ്റോ ആയതുകൊണ്ടോ ഒരാളുടെ സ്വഭാവത്തെ അത് കാര്യമായി നിർണയിക്കുന്നില്ല. എല്ലാ പാർട്ടിയിലും എല്ലാ മതങ്ങളിലും എല്ലാ ജാതിയിലും നല്ലവനും ചീത്തയുമുണ്ട്. ജയിലിൽ കിടക്കുന്നവരും കൊലപാതകം ചെയ്തവരുമൊക്കെ വിശ്വാസികളും അമ്പലത്തിൽ പോയവരുമൊക്കെയാണ്. ഇതെല്ലാ പാർട്ടിയിലും ഉണ്ട്. അത്തരത്തിൽ നമ്മളതിനെ സാമാന്യവൽക്കരിച്ചു കളയുന്നത് ശരിയല്ല. എല്ലാത്തിനും ഗുണവും ദോഷവുമുണ്ട്," രമേഷ് പിഷാരടി പറയുന്നു.  

കേന്ദ്ര സഹമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്ത ശേഷം റജിസ്റ്ററിൽ ഒപ്പുവയ്ക്കുന്ന സുരേഷ് ഗോപി. ചിത്രം: രാഹുൽ ആർ.പട്ടം. മനോരമ.
കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം റജിസ്റ്ററിൽ ഒപ്പുവയ്ക്കുന്ന സുരേഷ് ഗോപി. ചിത്രം: രാഹുൽ ആർ.പട്ടം. മനോരമ.

"നമ്മൾ പലപ്പോഴും പാർട്ടി നോക്കിയാണ് വോട്ട് ചെയ്യുന്നത്. അത് പാർട്ടിയുടെ ആശയങ്ങൾ കൂടി കണക്കാക്കിയിട്ടാണ്. പക്ഷേ, എല്ലാ പാർട്ടിയിലും നല്ല ആൾക്കാരും ചീത്ത ആൾക്കാരുമുണ്ട്. ഒരു നല്ല വ്യക്തി എവിടെ നിന്നാലും അയാൾ കുറേ നന്മയുള്ള കാര്യങ്ങൾ ചെയ്യും. മോശം വ്യക്തിത്വമുള്ള ഏകോപന പാടവം ഇല്ലാത്ത ഒരാൾ എവിടെ നിന്നാലും അത്രയൊക്കത്തന്നെയേ അയാള്‍ക്ക് ചെയ്യാൻ സാധിക്കൂ," ‌പിഷാരടി പറഞ്ഞു. 

"പാർട്ടി പറയുന്ന ആശയധാരകൾ എല്ലാ വ്യക്തികളും കൊണ്ടു നടക്കുന്നില്ല. കമ്യൂണിസ്റ്റിന്റെ ആശയധാര എല്ലാ കമ്യൂണിസ്റ്റുകളും നോക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ എങ്ങനെയാണ് കമ്യൂണിസ്റ്റുകാരൻ അമ്പലത്തിൽ പോകുന്നത്? എങ്ങനെയാണ് കമ്യൂണിസ്റ്റുകാരൻ വിശ്വാസിയാകുന്നത്? എങ്ങനെയാണ് കമ്യൂണിസ്റ്റുകാരൻ പ്രവാസിയാകുന്നത്? ഒരു പാർട്ടിയുടെ ആശയധാരയുമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന എല്ലാവരും 100 ശതമാനം യോജിക്കണമെന്ന് നിർബന്ധമില്ല. ബിജെപിക്ക് മാത്രമല്ല കമ്യൂണിസ്റ്റിനും കോൺഗ്രസിനുമൊക്കെ ഇത് ബാധകമാണ്. അതിലെ എല്ലാ ആശയധാരകളും വ്യക്തിപരമായി എടുത്തു ഉപയോഗിക്കുന്നില്ല. വേണ്ടത് എടുത്താൽ മതി. മതത്തിൽ നിൽക്കുന്ന എല്ലാവരും മതത്തിന്റെ എല്ലാ ആശയങ്ങളും പൂർണമായി എടുക്കുന്നില്ലല്ലോ. വേണ്ടതു മാത്രമല്ലേ എടുക്കുന്നുള്ളൂ. എല്ലാ കാര്യത്തിലും ആളുകൾ വേണ്ടതു മാത്രമെ എടുക്കാറുള്ളൂ. ഒരു പാർട്ടിയിൽ നിൽക്കുന്ന എല്ലാവരും ആ പാർട്ടിയുടെ ആശയധാരയുമായി പൂർണമായും ചേർന്നു പോകുന്നവരാണെന്നു വിചാരിക്കേണ്ട ആവശ്യമില്ല. അവിടെയാണ് വ്യക്തിക്ക് കൂടുതൽ ബലം വരുന്നത്," രമേഷ് പിഷാരടി വ്യക്തമാക്കി. 

രമേശ് പിഷാരടി (File Photo: Manorama)
രമേശ് പിഷാരടി (File Photo: Manorama)

"ബിജെപിയെ വിമർശിക്കുമ്പോൾ അതു കൃത്യമായ രാഷ്ട്രീയവിമർശനം ആകണം. അതു ഹിന്ദുവിമർശനം ആകുന്നിടത്ത് നിഷ്പക്ഷ ഹിന്ദുക്കൾ ബിജെപി ആകും. സങ്കേതികമായി ഇവിടെയുണ്ടാകുന്ന പ്രശ്നം അതാണ്. എസ്.ഡി.പി.ഐനെയോ ലീഗിനെയോ വിമർശിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയമായി വിമർശിക്കണം. നിങ്ങൾ അതിനെ മതപരമായി വിമർശിച്ചാൽ നിഷ്പക്ഷ ഇസ്‍ലാം വിശ്വാസികൾ കൂടുതലായി അങ്ങോട്ടു പോകും," പിഷാരടി ചൂണ്ടിക്കാട്ടി.  

രാഹുലിനൊപ്പം രമേഷ് പിഷാരടി (Facebook/Ramesh Pisharody)
രാഹുലിനൊപ്പം രമേഷ് പിഷാരടി (Facebook/Ramesh Pisharody)

"ജയ് ശ്രീറാം എന്ന് ഹനുമാനാണ് ആദ്യം വിളിച്ചത്. ജയ് ശ്രീറാം എന്ന് ഞാൻ വിളിച്ചാൽ, ഉടനെ ആഹാ നീ ബിജെപിക്കാരനാണല്ലേ, സംഘിയാണല്ലേ എന്ന ചോദ്യങ്ങൾ വരും. രക്ഷാബന്ധൻ എത്ര വർഷങ്ങളായുള്ള ചടങ്ങാണ്. ഒരു സഹോദരി കെട്ടിക്കൊടുത്ത രാഖിയുമായി ഒരാൾ വന്നാൽ, ഉടനെ അവനെ സംഘിയാക്കും. അങ്ങനെ ചാപ്പ അടിക്കുമ്പോൾ ഇവർ പറയുന്ന സ്റ്റേറ്റ്മെന്റ് പോകും. ഈ സാമാന്യവൽക്കരണം ഇവിടെ വലിയ തോതിലുണ്ട്." 

"രാഷ്ട്രീയം 18 വയസ്സ് കഴിയുമ്പോൾ തുടങ്ങുന്ന കാര്യമാണ്. മതം വയറ്റിൽ കിടക്കുമ്പോൾ മുതലുണ്ട്. അവിടെ നിന്ന് മനുഷ്യന്റെ കൂടെ വരുന്ന കാര്യമാണ് മതമെന്നു പറയുന്നത്. അതു കഴിഞ്ഞേ രാഷ്ട്രീയം വരുന്നുള്ളൂ. ഇതുപോലുള്ള വിമർശനങ്ങൾ നൂലിൽ പിടിച്ച് അളന്നു മുറിച്ച് കൃത്യമായി പൊളിച്ച് രാഷ്ട്രീയമായിട്ടല്ല നിങ്ങൾ പറയുന്നതെങ്കിൽ വലിയ പ്രശ്നമാകും. അങ്ങനെയാണ് മതം ഉപയോഗിക്കുന്നത്. മതം കൊണ്ടു പ്രശ്നം ഉണ്ടായപ്പോഴാണ് മതേതരത്വം വന്നത്. നിങ്ങളുടെ മതേതരത്വത്തെക്കാൾ നല്ലത് ഞങ്ങളുടെ മതേതരത്വമാണെന്നു പറഞ്ഞ് വഴക്കുണ്ടാക്കിയാൽ എന്തു ചെയ്യാൻ പറ്റും," പിഷാരടി ചോദിക്കുന്നു. 

English Summary:

Ramesh Pisharody speaks about Suresh Gopi's election victory in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com