ADVERTISEMENT

മലയാളിത്തമുള്ള മുഖമല്ലെന്നു പറഞ്ഞ് ഒഴിവാക്കപ്പെട്ട അനുഭവം തുറന്നു പറഞ്ഞ് ആസിഫ് അലി എംടിയുടെ കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിലാണ് ആസിഫ് അലിയുടെ തുറന്നു പറച്ചിൽ. നീലത്താമരയുടെ ഓഡിഷനു പോയ ആസിഫ് അലിയെ മലയാളിത്തമുള്ള മുഖമല്ലെന്നു പറഞ്ഞ് ഒഴിവാക്കിയത് സാക്ഷാൽ എം.ടി വാസുദേവൻ നായരായിരുന്നു. എന്നാൽ 13 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എം.ടിയുടെ തന്നെ കഥയിൽ നായകനാകാൻ കഴിഞ്ഞത് വലിയ സന്തോഷം പകരുന്ന അനുഭവമാണെന്ന് ആസിഫ് അലി പറഞ്ഞു. 

ആസിഫ് അലിയുടെ വാക്കുകൾ: ‘‘ഞാൻ ആദ്യമായി എംടി സാറിന്റെ മുൻപിലെത്തുന്നത് നീലത്താമര എന്ന സിനിമയുടെ ഓ‍ഡിഷനു വേണ്ടി ലാൽ ജോസ് സർ, എംടി സാറിനെ പോയി കാണാൻ പറഞ്ഞപ്പോഴായിരുന്നു. അന്ന് ഒരു 'മലയാളി ലുക്ക്' ഇല്ലെന്നു പറഞ്ഞ് എനിക്ക് അതിൽ നിന്നും മാറേണ്ടി വന്നു. അതിനുശേഷം നീണ്ട 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് സാറിന്റെ ഒരു കഥാപാത്രം ചെയ്യാൻ പറ്റിയത്. അതിന്റെ സന്തോഷം തീർച്ചയായും ഉണ്ട്. സാറിന്റെ മകൾ അശ്വതി സംവിധാനം ചെയ്ത സിനിമയിലാണ് ഞാൻ അഭിനയിക്കുന്നത്. മധുബാലയാണ് എനിക്കൊപ്പം അഭിനയിച്ചിട്ടുള്ളത്. ഒരുപാടു സന്തോഷം.’’

എം.ടിയുടെ മകൾ അശ്വതി സംവിധാനം ചെയ്യുന്ന കഥയിലാണ് ആസിഫ് അലി നായകനാകുന്നത്. എംടിയുടെ 'വിൽപ്പന' എന്ന ചെറുകഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാ​ഗമാവുന്ന ആന്തോളജി സീരിസ് ഓരോ സിനിമയായി ഒടിടിയിൽ കാണാനാകും. ചിത്രങ്ങൾ സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഓഗസ്റ്റ് 15ന് റിലീസിനെത്തും. കമൽഹാസന്റെ അവതരണത്തോടെയാകും സീരിസ് ആരംഭിക്കുക.

English Summary:

Asif Ali Breaks Silence: Overcoming Rejection to Star in MT Vasudevan Nair's Neelathamara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com