ADVERTISEMENT

വർഷങ്ങൾക്കു മുമ്പ് ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുകയും ഹിറ്റ് ആകുകയും ചെയ്ത ഇന്ത്യൻ സിനിമ തിരിച്ചെത്തുമ്പോൾ കഥാതന്തുവിൽ മാറ്റമില്ലെങ്കിലും അവതരണത്തിൽ മാറ്റങ്ങളേറെയാണ്. ട്രെൻഡിനൊപ്പം കാലികവും ഗൗരവതരവുമായ വിഷയങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കുന്ന ശങ്കർ അതേ രീതിയാണ് ഇൗ ചിത്രത്തിലും സ്വീകരിച്ചിരിക്കുന്നത്. അഴിമതിയും കള്ളപ്പണവും സർക്കാർ ജീവനക്കാരുടെ പിടിപ്പുകേടുമൊക്കെ തുറന്നുകാട്ടിയാണ് ഇന്ത്യൻ 2 തുടങ്ങുന്നതു തന്നെ. വിദ്യാർഥികളുടെ ആത്മഹത്യ, കൈക്കൂലി, പരീക്ഷാ തട്ടിപ്പ്, ലോൺ എടുത്ത് നാടുവിടുന്ന മുതലാളി എന്നിങ്ങനെ ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന സംഭവവികാസങ്ങളിലൂടെ സിനിമ വികസിക്കുന്നു. 

സമൂഹത്തിൽ നടക്കുന്ന അനീതികൾ ബാർക്കിങ് ഡോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ തുറന്നുകാണിക്കുന്ന നാല് സുഹൃത്തുക്കൾ. അഴിമതിക്കാരെയും കള്ളപ്പണക്കാരെയും പരിഹസിക്കുന്ന മീം വിഡിയോ കാണാൻ ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടെങ്കിലും അകത്തായവർ എളുപ്പത്തിൽ പുറത്തുവരുന്ന ഈ നിയമവ്യവസ്ഥയിൽ ഇവർ നിരാശരാണ്. ഇത്തരക്കാരെ പാടെ തുടച്ചുനീക്കാൻ ഒരേയൊരാൾക്കേ സാധിക്കു എന്ന സത്യം യൂട്യൂബറായ അരവിന്ദ് മനസ്സിലാക്കുന്നു. ഒരുകാലത്ത് അഴിമതിക്കാരുടെ പേടിസ്വപ്നമായിരുന്ന സേനാപതിയെന്ന ഇന്ത്യൻ താത്തയെ തിരിച്ചുകൊണ്ടുവരാൻ അവർ ശ്രമം തുടങ്ങുന്നു. #ComeBackIndian എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് തുടങ്ങുന്ന ശ്രമം ഇന്ത്യ മുഴുവൻ ട്രെൻഡ് ആയി മാറുന്നു.

എന്നാല്‍ സേനാപതി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽ തന്നെ 106 വയസ്സ് ഉള്ള ഒരാൾക്ക് ഇനിയെന്ത് ചെയ്യാനാകും ? അവിടെ നിന്നാണ് ശങ്കറിന്റെ ഇന്ത്യൻ 2 കൂടുതൽ കരുത്താർജിക്കുന്നത്. ഒരു രണ്ടാം സ്വാതന്ത്ര്യ സമരപോരാട്ടത്തിനു വേണ്ടിയുള്ള തയാറെടുപ്പിനായി കാത്തിരിക്കുകയായിരുന്ന സേനാപതിയെ സംബന്ധിച്ചടത്തോളം പുതിയൊരു ലക്ഷ്യം കൂടിയായിരുന്നു #ComeBackIndian എന്ന ജനങ്ങളുടെ ഹാഷ്ടാഗ്. ഇന്ത്യയിലേക്കുള്ള ഇന്ത്യന്റെ തിരിച്ചുവരവിൽ രാഷ്ട്രീയക്കാരും ബിസിനസുകാരുമടക്കമുള്ളവരുടെ ചങ്കിടിപ്പ് കൂടുന്നു. ഇത്തവണ സേനാപതിയുടെ മറ്റൊരു ആയുധം ഇരുതലവാളായ സോഷ്യൽമീഡിയ തന്നെയാണ്. നാൽപതുകഴിഞ്ഞവരോടല്ല ഇന്നത്തെ യുവത്വത്തിനോടാണ് തനിക്ക് സംസാരിക്കാനുള്ളതെന്നാണ് സേനാപതി പറയുന്നത്. സ്വന്തം കുടുംബത്തിൽനിന്നുവേണം ആദ്യ തിരുത്തലുകൾ തുടങ്ങാനെന്ന് ആഹ്വാനം ചെയ്യുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിൽ സ്വന്തം മകനെപ്പോലും കൊലപ്പെടുത്തിയ വയോവൃദ്ധൻ പറയുന്നതുകേൾക്കാൻ ഇന്നത്തെ സമൂഹം തയാറാകുമോ?. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്ത്യൻ 2വിലൂടെ ശങ്കർ പറയുന്നത്.

indian-2-trailer

വിഷ്വൽ ഇഫക്ട്സുകൾ കൊണ്ടുള്ള ഗിമ്മിക്കുകളോ നൂറുപേരെ അടിച്ചിടുന്ന മാസ് ഫൈറ്റുകളോ ഇവിടെ ശങ്കർ പ്രയോഗിക്കുന്നില്ല. മർമ വിദ്യ പഠിച്ചവന് ആരെയും തല്ലാൻ ഒക്കില്ല എന്നാണ് പഴമൊഴി. അതുതന്നെയാണ് ഇവിടെയും കാണാനാകുക. തന്റെ ചൂണ്ടുവിരലുകൾ ഉപയോഗിച്ചുള്ള ചില പ്രയോഗങ്ങളിലൂടെ സേനാപതി പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്നുണ്ട്. ഏറെ അപകടരവും സങ്കീർണവുമായ പത്തോളം മർമ പ്രയോഗങ്ങളും കമൽഹാസൻ സിനിമയിൽ വിശദീകരിക്കുന്നുണ്ട്.

സാങ്കേതിക വിദ്യകളുടെ പുറകെ പോകാതെ  തിരക്കഥയുമായാണ് ഇത്തവണ ശങ്കറിന്റെ വരവ്. സാധാരണ ശങ്കർ സിനിമകളിൽ കണ്ടുവരുന്ന കണ്ണഞ്ചിപ്പിക്കുന്ന ചില വിഷ്വൽസിന്റെ അഭാവം സിനിമയിൽ പ്രകടമാകും. കമൽഹാസനേക്കാൾ സിദ്ധാർഥിനാണ് സ്ക്രീൻ സ്പെയ്സ് കൂടുതൽ. ഇന്ത്യൻ ആദ്യ ഭാഗത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ച നെടുമുടി വേണുവിനെ വീണ്ടും കാണാനാകും എന്നതാണ് മലയാളികളെ സംബന്ധിച്ചടത്തോളം സന്തോഷം പകരുന്ന ഒന്ന്. ചില ഷോട്ടുകളിൽ അദ്ദേഹം തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ബാക്കിയുള്ളവ വിഷ്വൽ ഇഫക്ട്സ് കൊണ്ടാണ് പൂർത്തിയാക്കിയത്. ഇദ്ദേഹത്തെ കൂടാതെ എഐ സഹായത്തോടെയും അല്ലാതെയും വിവേകിന്റെയും മനോബാലയുടെയും രംഗങ്ങളും മികവോടെ തന്നെ ചിത്രത്തിൽ കൊണ്ടുവരാനായിട്ടുണ്ട്.

നെടുമുടിവേണു അവതരിപ്പിക്കുന്ന കൃഷ്ണമൂർത്തി എന്ന സിബിഐ ഓഫിസറുടെ മകനായി ബോബി സിംഹ എത്തുന്നു. സമുദ്രകനി, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിങ്, ഗുൽഷൻ ഗ്രോവർ, എസ്.ജെ. സൂര്യ എന്നിങ്ങനെ ഈ ഭാഗത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനം തന്നെ നടത്തിയിട്ടുണ്ട്. തന്റെ കഥാപാത്രം മൂന്നാം ഭാഗത്തിലാകും കൂടുതൽ ഉണ്ടാകുകയെന്ന് എസ്.ജെ. സൂര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. രവി വർമന്‍റെ ഛായാഗ്രഹണം, ശ്രീകര്‍ പ്രസാദിന്‍റെ എഡിറ്റിങ് എന്നിവ എടുത്തുപറയേണ്ടവയാണ്. മൂന്ന് മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. അനിരുദ്ധാണ് മറ്റൊരു ആകര്‍ഷക ഘടകം. ആക്ഷന്‍ രംഗങ്ങളിലും ഇമോഷനൽ രംഗങ്ങളും ഗംഭീര സ്കോറിങാണ് ഉപയോഗിച്ചിരിക്കുന്നത്. ചില ഭാഗങ്ങളിൽ എ.ആർ. റഹ്മാന്റെ മാസ്റ്റർ പീസ് ബിജിഎമ്മും വന്നുപോകുന്നുണ്ട്. 

മികവുകൾ ഏറെയുണ്ടെങ്കിലും ഒരു സാധാരണ ശങ്കർ ചത്രത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചേരുവകൾ ഇന്ത്യൻ 2–യിൽ കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് സംശയമാണ്. ചിലയിടത്തെങ്കിലും ചിത്രം അതിന്റെ ട്രാക്ക് വിട്ടു പോകുന്നതായി പ്രേക്ഷകന് തോന്നാം. മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനത്തോടെയാണ് പടം അവസാനിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ 3–യിലേക്കുള്ള അടുത്ത ചുവടുവയ്പ്പാണ് ഇന്ത്യൻ 2.   

English Summary:

Indian 2 Movie Review And Rating

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com