ADVERTISEMENT

കോൺടാക്റ്റ് ലെൻസ് ധരിച്ചതിനെ തുടർന്ന് കോർണിയ തകരാറിലായെന്ന് വെളിപ്പെടുത്തി നടി ജാസ്മിൻ ഭാസിൻ. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനായി ലെൻസുകൾ ധരിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചതെന്നും വേദന കൂടി വന്നതോടെ ഒന്നും കാണാൻ കഴിയാത്ത അവസ്ഥയിലായെന്നും ജാസ്മിൻ പറയുന്നു. ഇതേ തുടർന്ന് ചികിത്സ നേടിയ താരം ഇപ്പോൾ സുഖം പ്രാപിച്ചു വരുകയാണ്.

“ജൂലായ് 17ന് ഞാൻ ഡൽഹിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്കായി തയാറെടുക്കുമ്പോൾ ഞാൻ ലെൻസ് ധരിച്ചു. എന്നാൽ അവ ധരിച്ചതിന് ശേഷം എന്റെ കണ്ണുകൾ വേദനിക്കാൻ തുടങ്ങി. വേദന കൂടി കാര്യം വഷളായപ്പോൾ ഒരു ഡോക്ടറെ സമീപിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ആ പരിപാടിയിൽ പങ്കെടുക്കാം എന്നു വാക്കു കൊടുത്തതിനാൽ ജോലിയുടെ പ്രതിബദ്ധത മൂലം ആ പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ പരിപാടിയിൽ സൺഗ്ലാസ് ധരിച്ചു, എന്നാൽ ക്രമേണ എനിക്കൊന്നും കാണാതായി.

jasmine-bhasin

പിന്നീട്, ഞങ്ങൾ ഒരു നേത്രരോഗവിദഗ്ദ്ധന്റെ അടുത്തെത്തി. അദ്ദേഹമാണ് എന്റെ കോർണിയയ്ക്ക് കേടുപാടുകൾ സംഭവിച്ച കാര്യം പറഞ്ഞത്. കണ്ണുകൾക്ക് ബാൻഡേജ് ഇട്ടു. അടുത്ത ദിവസം, ഞാൻ മുംബൈയിലെത്തി ഇവിടെ ചികിത്സ തുടർന്നു. എനിക്ക് വല്ലാത്ത വേദനയുണ്ട് കണ്ണിൽ. ഡോക്ടർമാർ പറയുന്നത് അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കും എന്നാണ്. അതുവരെ, എനിക്ക് കണ്ണുകളെ നന്നായി പരിപാലിക്കേണ്ടതുണ്ട്, എനിക്കൊന്നും കാണാൻ കഴിയുന്നില്ല. ഞാൻ ഉറങ്ങാൻ പോലും പാടുപെടുകയാണ്.’’ ജാസ്മിൻ കൂട്ടിച്ചേർത്തു.

2011ൽ പുറത്തിറങ്ങിയ വാനം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജാസ്മിന്റെ അരങ്ങേറ്റം. തഷാൻ-ഇ-ഇഷ്‌ക്,  ദിൽ സേ ദിൽ തക് എന്നിവയാണ് പ്രധാന പരമ്പരകൾ. ഖത്രോൺ കെ ഖിലാഡി 9, ഫിയർ ഫാക്ടർ: ഖത്രോൺ കേ ഖിലാഡി - മെയ്ഡ് ഇൻ ഇന്ത്യ, ബിഗ് ബോസ് 14 തുടങ്ങിയ റിയാലിറ്റി ഷോകളിലും ജാസ്മിൻ പങ്കെടുത്തു. ഹണിമൂൺ (2022) എന്ന ചിത്രത്തിലൂടെ പഞ്ചാബി സിനിമയിലും ജാസ്മിൻ അരങ്ങേറ്റം കുറിച്ചിരുന്നു.

English Summary:

Jasmin Bhasin says she damaged her corneas after wearing lenses, undergoes treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com