പെൺമക്കളെ വഴിതെറ്റിച്ച അമ്മ; തൂക്കുകയറിൽ ദയ കാട്ടാതെ രാഷ്ട്രപതി; ഈ സഹോദരികൾ ഇന്നും യേർവാഡയിലുണ്ട്
Mail This Article
രാഷ്ട്രപതിയായി അധികാരമേറ്റ് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് പുണെ യേർവാഡ ജയിലിൽനിന്നും സഹോദരിമാരായ രണ്ട് സ്ത്രീകള്‍ സമർപ്പിച്ച ദയാഹർജി പ്രണബ് മുഖർജി പരിഗണിച്ചത്. വധശിക്ഷയ്ക്ക് മേൽക്കോടതി വിധിച്ചവർക്ക് തൂക്കുകയറിൽനിന്നും രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയാണ് ദയാഹർജി. രാഷ്ട്രപതിയുടെ തീരുമാനത്തിന് ജീവന്റെ വില. ഇവിടെ പ്രത്യേകത അത് രണ്ട് ജീവനുകളായിരുന്നു എന്നത് മാത്രമായിരുന്നില്ല. പകരം സ്വതന്ത്ര ഇന്ത്യയിൽ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് സ്ത്രീകളുടെ ദയാഹർജി എന്നതായിരുന്നു. (സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നത് 1955 ജനുവരി മൂന്നിന് തിഹാർ ജയിലിലാണ്. മൂന്നു പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതിനായിരുന്നു രത്തൻ ബായി ജെയിനിന് അന്ന് വധശിക്ഷ നൽകിയത്). തീർച്ചയായും ഇതെല്ലാം അന്ന് രാഷ്ട്രപതി ചിന്തിച്ചിരിക്കണം. ഒടുവിൽ പ്രണബിന്റെ തീരുമാനം വന്നു; മാധ്യമങ്ങളിൽ സഹോദരിമാരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയെന്ന വാർത്തയും. കുട്ടികളുടെ പ്രത്യേകിച്ച് പെൺമക്കളുടെ എല്ലാമെല്ലാം അവരുടെ അമ്മയായിരിക്കും. നല്ലതും ചീത്തയുമായ കാര്യങ്ങളിൽ മക്കളെ ഉപദേശിച്ചും ശകാരിച്ചും അമ്മ നേർവഴികാട്ടും. എന്നാൽ അഞ്ജനാബായി മക്കളായ രേണുകയേയും സീമയേയും പഠിപ്പിച്ചത് നല്ല പാഠങ്ങളായിരുന്നില്ല. അഞ്ജനയുടെ ശിക്ഷണത്തിൽ പെൺമക്കള്‍ വഴിതെറ്റി എത്തിയതോ തൂക്കുമരത്തിന്റെ ചുവട്ടിലും. 1990 മുതൽ ആറ് വർഷക്കാലം ഇന്ത്യയെ, പ്രത്യേകിച്ച് മഹാരാഷ്ട്രയെ ഭീതിയിലാഴ്ത്തിയ മൂന്ന് സ്ത്രീകളുടെ ക്രൂരത... കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ചൂണ്ടയിലെ ഇരകൾ പോലെ ഉപയോഗിച്ച്, കൊലപ്പെടുത്തി ഉപേക്ഷിച്ച അമ്മയുടെയും രണ്ട് പെൺമക്കളുടെയും പേടിപ്പെടുത്തുന്ന കഥ കൂടിയാണത്.