ഇഷാന്ത് 4-0-53-0, ബാക്കിയെല്ലാവരും ചേർന്ന് 16-0-99-8; പിന്നാലെ, ഇഷാന്തിന് പിഴശിക്ഷയും ഡീമെറിറ്റ് പോയിന്റും, കാരണം അവ്യക്തം!

Mail This Article
ഹൈദരാബാദ്∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിലെ ദയനീയമായ ബോളിങ് പ്രകടനത്തിനു പിന്നാലെ, ഗുജറാത്ത് ടൈറ്റൻസിന്റെ വെറ്ററൻ താരം ഇഷാന്ത് ശർമയ്‍ക്ക് പിഴശിക്ഷയും ഒരു ഡീമെറിറ്റ് പോയിന്റും. ഐപിഎൽ ചട്ടം ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇഷാന്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയത്.
അതേസമയം, ഇഷാന്തിന് പിഴയും ഡീമെറിറ്റ് പോയിന്റും ചുമത്തുന്നതിന് കാരണമായ കുറ്റം എന്താണെന്ന് വ്യക്തമല്ല. മത്സരം പൂർത്തിയായി 10 മണിക്കൂറിനു ശേഷമാണ് ഇഷാന്തിനെ ശിക്ഷിച്ചതായി ബിസിസിഐയുടെ അറിയിപ്പു വരുന്നത്. ബിസിസിഐയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമുള്ള ലെവൽ വൺ കുറ്റമാണ് ഇഷാന്ത് ചെയ്തതെന്നാണ് നോട്ടിസിലുള്ളത്. ഇതു സംബന്ധിച്ച് മാച്ച് റഫറിയായ ജവഗൽ ശ്രീനാഥ് ചുമത്തിയ കുറ്റം ഇഷാന്ത് സമ്മതിച്ചതായും അറിയിപ്പിലുണ്ട്.
മത്സരത്തിനിടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഗ്രൗണ്ട് ഉപകരണങ്ങൾ, ഫിക്‌സചറുകൾ, ഫിറ്റിങ്ങുകൾ തുടങ്ങിയവ നശിപ്പിക്കുന്ന വിധത്തിൽ പെരുമാറുന്നതിനെതിരായ വകുപ്പാണ് ഇത്. മത്സരത്തിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഇഷാന്ത് ഇത്തരത്തിൽ എന്തെങ്കിലും ഉപകരങ്ങളോട് കലിപ്പ് തീർക്കും വിധം പെരുമാറിയിരിക്കാം എന്നാണ് അനുമാനം.
മത്സരത്തിൽ നാല് ഓവർ ബോൾ ചെയ്ത ഇഷാന്ത് 53 റൺസ് വഴങ്ങിയിരുന്നു. ശേഷിക്കുന്ന ഗുജറാത്ത് താരങ്ങൾ ചേർന്ന് 16 ഓവറിൽ 99 റൺസ് മാത്രം വഴങ്ങി എട്ടു വിക്കറ്റ് പിഴുതപ്പോഴാണ്, ഇഷാന്ത് ഒറ്റയ്ക്ക് 54 റൺസ് വഴങ്ങിയത്. പ്രകടനം മോശമായതിന്റെ ‘ക്ഷീണ’ത്തിനിടെയാണ് താരം ശിക്ഷക്കപ്പെട്ടത്.
ഈ സീസണിൽ ചട്ടലംഘത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന ക്യാപ്റ്റനമല്ലാത്ത രണ്ടാമത്തെ മാത്രം താരമാണ് ഇഷാന്ത്. വിവാദമായ നോട്ട്ബുക് സെലബ്രേഷന്റെ പേരിൽ ശിക്ഷിക്കപ്പെട്ട ലക്നൗവിന്റെ ദിഗ്‌വേഷ് രതിയാണ് ഒന്നാമത്തെയാൾ.