പുതിയ ഇരകളെ തേടി ഓഹരിത്തട്ടിപ്പ് മാഫിയ; ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളും ‘പ്രതി’യാകും, കാശും പോകും

Mail This Article
ഓഹരികളുടെ പേരിൽ ചെറുകിട നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടുന്ന മാഫിയകൾ തട്ടിപ്പു രീതികളിൽ മാറ്റം വരുത്തി പുതിയ ഇരകളെ തേടിക്കൊണ്ടേയിരിക്കുന്നു. ഓഹരികളുടെ അടിസ്ഥാന സവിശേഷതകൾ മനസ്സിലാക്കുന്നതും സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ ചില മുൻകരുതലുകൾ എടുക്കുന്നതും ഓഹരി നിക്ഷേപ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള ലളിതമായ മാർഗങ്ങളാണ്.
ഷെൽ കമ്പനികൾ, മ്യൂൾ അക്കൗണ്ടുകൾ
നിലവിലില്ലാത്തവയോ കാലങ്ങളായി പ്രവർത്തനം നിലച്ചതോ ആയ ഷെൽ കമ്പനികളുടെ മറവിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്. കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്ന അനധികൃത മ്യൂൾ അക്കൗണ്ടുകളിലൂടെയും വിദേശ അക്കൗണ്ടുകളിലൂടെയുമാണ് തട്ടിയെടുക്കുന്ന പണം കടത്തിക്കൊണ്ടു പോകുക. ലഹരിക്കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ക്രിപ്റ്റോ കറൻസികളിലൂടെയും പണം ചോർത്തും. തട്ടിപ്പിൽ പണം പോകുമെന്ന് മാത്രമല്ല, വിദേശ വിനിമയ ചട്ട ലംഘനം, ലഹരിക്കടത്ത് തുടങ്ങിയ രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ പ്രതികളാക്കപ്പെടുന്ന അവസ്ഥയുമുണ്ടാകും.
കരുതിയിരിക്കുക, തട്ടിപ്പിന്റെ സാധ്യതകൾ
മറ്റു നിക്ഷേപാവസരങ്ങളെക്കാൾ താരതമ്യേന ഉയർന്ന വരുമാന സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിക്കുക വഴി പല നിക്ഷേപകർക്കും സമ്പത്ത് വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഓഹരി നിക്ഷേപങ്ങളുടെ സ്വാഭാവിക സവിശേഷതകൾ മറന്നു പോകരുത്.
∙ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ഒരു നിശ്ചിത ശതമാനം വരുമാനം ഉറപ്പായി വാഗ്ദാനം ചെയ്യാൻ കഴിയാത്തതിനാൽ അത്തരം അവകാശവാദങ്ങൾ തട്ടിപ്പിന്റെ പ്രാഥമിക ലക്ഷണമാണ്.
∙ദീർഘകാലാടിസ്ഥാനത്തിൽ ക്രമേണ മെച്ചപ്പെടുന്ന ന്യായമായ മൂലധന വളർച്ച നൽകുന്ന ഓഹരികളിലൂടെ അപ്രായോഗികമായ അമിത വരുമാനം നൽകാമെന്ന വാഗ്ദാനങ്ങൾ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്.
∙ എളുപ്പത്തിൽ ലാഭം നേടിക്കൊടുക്കാനുള്ള തന്ത്രങ്ങളും കുറുക്കുവഴികളും സ്വന്തമായുണ്ടെന്ന തട്ടിപ്പുകാരന്റെ ചെപ്പടിവിദ്യകൾക്ക് വില കൽപിക്കരുത്.
മൊബൈലുകളിലും മുൻകരുതൽ
അശ്രദ്ധമായി സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരെയാണ് തട്ടിപ്പുകാർ എളുപ്പത്തിൽ വലയിലാക്കുക. സുപ്രധാന വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റുള്ളവർക്ക് ചോർത്തിയെടുക്കാവുന്ന രീതിയിൽ അലക്ഷ്യമായി മൊബൈലുകളിൽ സൂക്ഷിക്കുന്നതും സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ഷെയർ ചെയ്യുന്നതും അപകടമാണ്.
ഹ്രസ്വ സന്ദേശങ്ങളിലും സമൂഹമാധ്യമ അക്കൗണ്ടിലൂടെയും ലഭിക്കുന്ന ലിങ്കുകൾ തുറക്കുകയും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയും വഴി മൊബൈലിലെ വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതയുണ്ട്. ലിങ്കുകൾ തുറക്കുന്നതും ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതും കരുതലോടെ മാത്രം. തിരഞ്ഞെടുക്കുന്ന സ്റ്റോക്ക് ബ്രോക്കർമാർ, പോർട്ട് ഫോളിയോ ഉപദേശകർ, ഫിൻഫ്ലുവൻസേഴ്സ് തുടങ്ങിയവർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളവരായിരിക്കണം.
നിക്ഷേപത്തിനായുള്ള ആപ്പുകൾ ആപ്പിൾ ആപ്പ് സ്റ്റോർ പ്ലേ സ്റ്റോർ തുടങ്ങിയ അധികൃത സ്രോതസ്സുകളിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്തെടുത്ത് വിശ്വാസ്യത ഉറപ്പു വരുത്തണം. സമൂഹമാധ്യമ അക്കൗണ്ടുള്ളവർ തങ്ങളുടെ അനുവാദമില്ലാതെ മറ്റ് ഗ്രൂപ്പുകളിൽ അംഗങ്ങളാക്കുന്നത് നിയന്ത്രിക്കുന്ന രീതിയിൽ സ്വകാര്യത ഉറപ്പു വരുത്തണം.
സംശയം തോന്നിയാൽ
രാജ്യത്ത് ചെറുകിട നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനും ഇലക്ട്രോണിക് ട്രേഡിങ് സംവിധാനങ്ങളിലൂടെ നിക്ഷേപം സുരക്ഷിതമാക്കുന്നതിനും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്. കബളിപ്പിക്കൽ സംശയം തോന്നിയാൽ പണം നൽകുന്നത് ഒഴിവാക്കുകയും ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ, സംസ്ഥാന സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ, നാഷനൽ സൈബർ ക്രൈം ഹെൽപ് ലൈൻ (1930), സെബി സ്കോർസ് ഹെൽപ്‌ലൈൻ തുടങ്ങിയവയിൽ വിവരം അറിയിക്കണം.