കല്യാൺ ജ്വല്ലേഴ്സിന് ഇന്ത്യയിലും ഗൾഫിലും വരുമാനക്കുതിപ്പ്; വരുന്നു 170 പുത്തൻ ഷോറൂമുകൾ, ഓഹരികൾ നഷ്ടത്തിൽ

Mail This Article
കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സ് (Kalyan Jewellers) ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ഏപ്രിൽ-ജൂണിൽ ഏകദേശം 37 ശതമാനം വരുമാന വളർച്ച നേടി. ഇന്ത്യയിലെ ബിസിനസിൽ നിന്ന് 39 ശതമാനവും മിഡിൽ-ഈസ്റ്റിൽ നിന്ന് 24 ശതമാനവും വരുമാനവളർച്ചയാണ് അനുമാനിക്കുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച പ്രാഥമിക ബിസിനസ് റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി.
അതേസമയം, മികച്ച ബിസിനസ് റിപ്പോർട്ട് വന്നിട്ടും ഇന്ന് കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ വ്യാപാരം ചെയ്യുന്നത് നഷ്ടത്തിലാണ്. എൻഎസ്ഇയിൽ ഇന്നത്തെ വ്യാപാരം അവസാന സെഷനിലേക്ക് കടക്കുമ്പോൾ ഓഹരിയുള്ളത് 3.07% താഴ്ന്ന് 472.20 രൂപയിൽ. ഇന്നു പൊതുവേ ഓഹരി വിപണി നേരിട്ട കനത്ത വിൽപനസമ്മർദമാണ് (Read details) കല്യാൺ ജ്വല്ലേഴ്സ് ഓഹരിവിലയിലും പ്രതിഫലിച്ചത്. 48,704 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
കല്യാൺ ജ്വല്ലേഴ്സിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ സ്വന്തം സ്റ്റോർ (same-store-sales-growth) വരുമാനവളർച്ച വിലയിരുത്തുന്നത് 21 ശതമാനമാണ്. ഇന്ത്യയിൽ കഴിഞ്ഞപാദത്തിൽ 25 പുതിയ ഷോറൂമുകൾ തുറന്നു. ഈ മാസത്തെ ആദ്യ ആഴ്ചയിൽ മാത്രം 3 പുതിയ ഷോറൂമുകളും പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ കഴിഞ്ഞപാദത്തിലെ മൊത്തം വരുമാനത്തിൽ 12 ശതമാനമാണ് മിഡിൽ-ഈസ്റ്റ് ഷോറൂമുകളുടെ വിഹിതം.
കല്യാൺ ജ്വല്ലേഴ്സിന്റെ ഡിജിറ്റൽ-ഫസ്റ്റ് ജ്വല്ലറി പ്ലാറ്റ്ഫോമായ കാൻഡിയർ കഴിഞ്ഞപാദത്തിൽ കുറിച്ചതു പക്ഷേ, 22% വരുമാനക്കുറവാണ്. കാൻഡിയറിന്റെ 14 പുതിയ ഷോറൂമുകൾ കഴിഞ്ഞപാദത്തിൽ തുറന്നിരുന്നു.
വരുന്നൂ 170 പുത്തൻ ഷോറൂമുകൾ
നടപ്പു സാമ്പത്തിക വർഷം (2025-26) കല്യാൺ ജ്വല്ലേഴ്സ് കല്യാൺ, കാൻഡിയർ പ്ലാറ്റ്ഫോമുകളിലായി പുതുതായി തുറക്കുക 170 ഷോറൂമുകൾ. ഇതിൽ 75 എണ്ണം ദക്ഷിണേന്ത്യൻ ഇതരനഗരങ്ങളിൽ ഫ്രാഞ്ചൈസീ ഓൺഡ് കമ്പനി ഓപ്പറേറ്റഡ് (FOCO) ശ്രേണിയിലായിരിക്കും. ഇതിലാകട്ടെ 5 എണ്ണം വൻ ഫ്ലാഗ്ഷിപ് ഷോറൂമുകളായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ദക്ഷിണേന്ത്യയിലും വിദേശത്തുമായി ഫോകോ ശ്രേണിയിൽ 15 ഷോറൂമുകളും തുറക്കും. കാൻഡിയറിന്റെ 80 പുതിയ ഷോറൂമുകളും ഇന്ത്യയിൽ ആരംഭിക്കും. ഇന്ത്യയിലും വിദേശത്തുമായി മാർച്ച് 31 പ്രകാരം ആകെ 388 ഷോറൂമുകൾ കല്യാൺ ജ്വല്ലേഴ്സിനുണ്ട്. ഇതിൽ 278 എണ്ണം ഇന്ത്യയിലും 36 എണ്ണം മിഡിൽ ഈസ്റ്റിലുമാണ്. യുഎസിൽ ഒരു ഷോറൂം പ്രവർത്തിക്കുന്നു. ആകെ കാൻഡിയർ ഷോറൂമുകൾ 73.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)