ADVERTISEMENT

‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്നത് മലയാളിക്കൊരു വിലാപഗാനമാണ്. എന്നാൽ യഥാർഥത്തിൽ ഇതു വിലാപഗാനമായി എഴുതപ്പെട്ടതല്ല. എഴുതിയത് മലയാളിയുമല്ല. കേരളം രൂപീകൃതമാകും മുൻപ് മലയാളമണ്ണിൽ പ്രവർത്തിച്ച ഫോൾബ്രെഷ്റ്റ് നാഗൽ എന്ന ജർമൻ മിഷനറിയാണ് പാട്ടിന്റെ രചയിതാവ്. ക്രിസ്തീയ സംസ്കാര ചടങ്ങുകളിൽ അഭിവാജ്യ ഘകമായ ഈ കീർത്തനം രചിച്ച നാഗൽ മിഷനറിയുടെ പ്രവർത്തന മേഖല കുന്നംകുളമായിരുന്നു. ഇംഗ്ലിഷ്, ഗ്രീക്ക്, ലാറ്റിൻ, ഹീബ്രു ഭാഷകളിലും പ്രാവീണ്യം നേടിയ നാഗൽ ഒട്ടേറെ ഇംഗ്ലിഷ് ക്രൈസ്തവ കീർത്തനങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി. നന്നായി മലയാളം സംസാരിച്ചിരുന്ന അദ്ദേഹം, അറുപതിലേറെ മലയാള ഗാനങ്ങളും രചിച്ചു.  ഫോൾബ്രെഷ്റ്റ് നാഗൽ മരിച്ചിട്ട് 100 വർഷം പിന്നിടുമ്പോൾ,‍‍ ഈ അനശ്വര ഗാനത്തിന്റെ രചയിതാവിന്റെ മരണില്ലാത്ത ഓർമകളിലാണ് കുന്നംകുളം. 

ജർമനിയിലെ ഹേസനിലെ സ്റ്റാംഹൈമിൽ തുകൽപ്പണിക്കാരനായ ഹെൻറിക് പീറ്റർ നാഗലിന്റെയും എലിസബത്തിന്റെയും മകനായി 1867 നവംബർ മൂന്നിനാണ് ഫോൾബ്രെഷ്റ്റ് നാഗലിന്റെ ജനനം.  1893–ൽ 22–ാം വയസ്സിൽ ബാസൽ മിഷൻ മിഷനറിയായി നാഗൽ കണ്ണൂരിലെത്തിയത്. പിന്നീട് വാണിയംകുളത്തേക്കു പ്രവർത്തനമേഖല മാറ്റി. പിന്നാലെ, ബാസൽ മിഷന് ബന്ധം വിട്ടു. പിന്നീട് കുന്നംകുളം കേന്ദ്രീകരിച്ച് തൃശൂർ, നെല്ലിക്കുന്ന്, പറവൂർ എന്നിവിടങ്ങളായി പ്രവർത്തനം. 

തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥനായ ജോസഫ് സാമുവേൽ മിച്ചലിന്റെ മകളും കുന്നംകുളത്ത് അധ്യാപികയുമായ ഹാരിയറ്റ് സബീന മിച്ചൽ എന്ന ആംഗ്ലോ ഇന്ത്യൻ യുവതിയും നാഗലും തമ്മിലുള്ള വിവാഹം 1896 ഏപ്രിൽ ഒന്നിന് കുന്നംകുളത്ത് നടന്നു. മലയാള ഭാഷയിൽ അറിവു കൂട്ടാൻ ഭാര്യ ഏറെ സഹായിച്ചു. വസൂരി, കോളറ, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിച്ചിരുന്ന സമയത്തായിരുന്നു നാഗലിന്റെ പ്രവർത്തനകാലം.  1914–ൽ ജർമനിയിലേക്ക് പോയ നാഗൽ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി വരാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. 1921 മേയ് 21ന് അന്തരിച്ചു. 

നാഗലിന്റെ കീർത്തി പകർത്തു കിട്ടിയ കുന്നംകുളം നഗരത്തിലെ പട്ടാമ്പി റോഡിനെയും യേശുദാസ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന് മിഷനറി നാഗൽ റോഡ് എന്ന് പേരു നൽകിയിട്ടുണ്ട്. നാഗൽ കുന്നംകുളത്ത് സ്ഥാപിച്ച ബ്രദറൺ സഭ ബഥേൽ ഹാൾ നാഗൽ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.അനാഥരെ താമസിപ്പിക്കുന്നതിനു തൃശൂർ നെല്ലിക്കുന്നിൽ അടക്കം ഭവനങ്ങൾ സ്ഥാപിച്ച് പ്രവർത്തിച്ച നാഗലിനെ സ്മരിക്കുന്നതിനായി കൂട്ടായ പ്രവർത്തനത്തിന് തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ. കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ‘അരനാഴികനേരം’ എന്ന ചലച്ചിത്രത്തിന് ഈ ഗാനം പ്രസിദ്ധമാക്കിയതിൽ പങ്കുണ്ട്. നാഗൽ ഗാനത്തിൽ വയലാർ ചില വരുത്തി പരിഷ്കാരങ്ങൾ വരുത്തിയാണ് സിനിമയിൽ അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com