ADVERTISEMENT

193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ മനഃപാഠമാക്കി പാടി രാജ്യാന്തര നേട്ടം കൈവരിച്ച തെരേസയ്ക്കും ആഗ്നസിനും തൈക്കാട്ടുശേരിയിലെ കുടുംബവീട്ടിൽ താമസിക്കുന്ന ‘ചാച്ചൻ’ അകലങ്ങളിലായിട്ടും വേരറ്റു പോകാത്ത ഓർമയും സ്നേഹവുമാണ്. എന്നും വൈകിട്ട് പേരക്കുട്ടികൾ വിളിക്കും. ഇന്നലെ അവരുടെ റെക്കോർഡ് വിശേഷമറിഞ്ഞ ചാച്ചന്റെ കണ്ണുകൾ സന്തോഷത്താൽ തുളുമ്പി. അപൂർവ നേട്ടം കൈവരിച്ച മിടുക്കികൾക്കു പ്രത്യേകം പ്രാർഥനയും അനുഗ്രഹവും  നേർന്നു.

 

ഓസ്ട്രേലിയയിൽ താമസിക്കുന്ന തൈക്കാട്ടുശേരി 12–ാംവാർഡ് കണിയാംപറമ്പിൽ ജോയ് കെ.മാത്യുവിന്റെയും നഴ്സായ ജാക്വിലിന്റെയും മക്കളായ തെരേസയും ആഗ്നസുമാണ് 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ കാണാതെ പഠിച്ചു പാടി റെക്കോർഡ് നേട്ടം കൈവരിച്ചത്. തെരേസയുടെയും ആഗ്നസിന്റെയും കുട്ടിക്കാലത്തെ പഠനവും താമസവും ജോയിയുടെ പിതാവും മുൻ സൈനികൻ കൂടിയായ കെ.ജെ.മാത്യുവിന്റെയും മാതാവ് മേരി മാത്യുവിന്റെയും ഒപ്പം തൈക്കാട്ടുശേരിയിലെ കുടുംബവീട്ടിലായിരുന്നു. തെരേസ യുകെജി മുതൽ ഏഴാം ക്ലാസുവരെയും ആഗ്നസ് എൽകെജി മുതൽ മൂന്നാം ക്ലാസുവരെയും തൈക്കാട്ടുശേരി സെന്റ് മേരി ഓഫ് ലൂക്കാ ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്.

 

അമ്മച്ചി മേരി മാത്യുവിന്റെ മരണശേഷവും ചാച്ചന്റെ വിശേഷങ്ങൾ അന്വേഷിച്ചുള്ള ഇരുവരുടെയും ഫോൺ വിളി മുടങ്ങാതെയെത്തുന്നു. ചാച്ചനെ ഫോണിൽ കിട്ടിയില്ലെങ്കിൽ ജോയിയുടെ സഹോദരിയും സെന്റ് മേരി ഓഫ് ലൂക്കാ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ പ്രിൻസിപ്പലുമായ സിസ്റ്റർ ഫാബിയയെ ഫോണിൽ വിളിച്ച് ചാച്ചന്റെ  വിശേഷങ്ങൾ അന്വേഷിക്കും. 2018ൽ ചാച്ചനു നടുവിനു ശസ്ത്രക്രിയ വേണ്ടി വന്നപ്പോൾ പഠനം ഉപേക്ഷിച്ച് ഒരു വർഷത്തോളം നാട്ടിലെത്തി ചാച്ചനെ ശുശ്രൂഷിക്കാൻ മുന്നിലുണ്ടായിരുന്നു ഇവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com