ADVERTISEMENT

പൂവിളികളുയരുന്ന പുൽമേടുകളിലേക്കും തുമ്പച്ചെടികളുടെ പൂവരമ്പുകളിലേക്കും മലയാളികളുടെ ഗൃഹാതുരതയെ കൈപിടിച്ചുകൊണ്ടുപോകാൻ വീണ്ടും ഒരു പൊന്നോണം കൂടി. നഷ്ടപ്പെട്ട ഓണക്കാലങ്ങളെ വീണ്ടും ഓർമകളിലേക്കു തിരികെച്ചേർത്തുപിടിക്കുന്ന ഒരു പിടി നല്ല ഓണപ്പാട്ടുകളാണ് മനോരമ മ്യൂസിക് ഇക്കുറി ആസ്വാദകർക്കു നൽകുന്ന ഓണസമ്മാനം. ചിങ്ങപ്പൂവിൻ പൂവിളി കേട്ടൊരു പൊന്നോണം... എന്നു തുടങ്ങുന്ന ഗാനം ഡോ. മധു ബാലകൃഷ്ണന്റെ ചിരപരിചിത സ്വരത്തിൽ കേൾക്കുമ്പോൾ പഴയോണക്കാലങ്ങളുടെ എത്രയെത്ര ഓർമപ്പൂക്കളാണ് നമ്മുടെ മനസ്സിൽ തെളിയുന്നത്. മധു ബാലകൃഷ്ണൻ തന്നെയാണ് സനീഷ് ചോറ്റാനിക്കരയുടെ വരികൾക്ക് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നതും. സംഗീതത്തിലും സ്വരത്തിലും മാത്രമല്ല ഗാനത്തിലുടനീളമുണ്ട് മധു ബാലകൃഷ്ണന്റെ ടച്ച്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് കൂടെ പാടി അഭിനയിക്കുന്നതും. ഭാര്യ വിദിതയും മക്കൾ മാധവും മഹാദേവുമെല്ലാം ഗാനത്തിന്റെ പശ്ചാത്തലത്തിൽ നിറഞ്ഞുനിൽക്കുന്നു. ബാലു ആർ. നായരുടെ സംവിധാനത്തിലൊരുക്കിയ സംഗീതാൽബത്തിന്റെ ദൃശ്യഭംഗിയിൽ ഓണക്കാഴ്ചകൾ മനോഹരമായി അടയാളപ്പെട്ടുകിടക്കുന്നുണ്ട്.

 

സിജി, റിൻസി, ദീപിക, അപർണ, ആതിര എന്നിവർ ചേർന്നു പാടുന്ന കോറസാണ് ഗാനത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. എത്രയാവർത്തിച്ചു കേട്ടാലും കാതിൽ പിന്നെയും കൊതിപ്പിക്കുന്നു ഈ ഗാനം.

 

സപ്തസ്വരങ്ങളുടെ ഈണഭംഗിയോടെ തുടങ്ങുന്ന അടുത്ത ഗാനം ‘വാ നീ പൂക്കളിടാൻ’ ആലപിച്ചിരിക്കുന്നത് അനുഗ്രഹ റാഫിയാണ്. പാട്ടും നൃത്തച്ചുവടുകളുമായി കൈകോർക്കുന്ന ഒരുകൂട്ടം കൗമാരക്കാരുടെ ഓണാഘോഷമാണ് ഗാനത്തിനു പശ്ചാത്തലമൊരുക്കുന്നത്. ബേബി കാക്കശ്ശേരിയുടെ വരികൾക്കു സംഗീതം പകർന്നിരിക്കുന്നത് ബിജു മൂക്കന്നൂരാണ്. ഓണനിലാവിൽ മുഖംനോക്കുന്ന തൊടിപ്പച്ചയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ പശ്ചാത്തലഭംഗി എടുത്തു പറയേണ്ടതു തന്നെ. തിരുവാതിരച്ചുവടുകളുമായി അണിചേരുന്ന പെൺകുട്ടികൾക്കൊപ്പം പട്ടുപാവാടക്കാരിയായി അനുഗ്രഹയും ചേരുന്നു. പശ്ചാത്തലസംഗീതം ഗാനത്തെ കൂടുതൽ മിഴിവാർന്നതാക്കുന്നുണ്ട്.

 

‘ചിങ്ങനിലാവിന്റെ ചിത്തിരത്തോണി തുഴഞ്ഞുവരുന്ന’ അടുത്ത ഗാനം ആലപിച്ചിരിക്കുന്നത് നീതു മനോജ് ആണ്. ഡോ. മനോജ് തോമസിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് പി. ആർ ഗോപകുമാർ ആണ്. പഴയൊരു നാലുകെട്ടിന്റെ പടിപ്പുരക്കാഴ്ചയിലാണ് ഗാനം തുടങ്ങുന്നത്. പടിപ്പുര കടന്ന് നടുത്തളത്തിലേക്കു നീങ്ങുമ്പോൾ ഗായികയ്ക്കൊപ്പം ഓണക്കാലത്തിന്റെ ഓർമകളും കൂടെച്ചേരുന്നു. പൂക്കളിറുത്തും കളം മെഴുകി പൂവിട്ടും ഓണപ്പുടവയുടുത്തും ആ തറവാട്ടുമുറ്റത്തു ഓണംകൊണ്ടാടിയ പൈതങ്ങളുടെ ചിരിക്കിലുക്കങ്ങൾ പാട്ടിൽ നിറയുന്നു. അതീവ ഹൃദ്യമായൊരു മെലഡിയായി ഈ പാട്ട് ഏറ്റുപാടാതിരിക്കില്ല ആസ്വാദകർ. ഓണത്തിന്റെ നാട്ടീണങ്ങളിൽതന്നെയാണ് എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. എവിടെയോ കേട്ടു മറന്നെന്നു തോന്നിപ്പിക്കുന്ന ഈ ഗാനങ്ങൾ ആസ്വാദകർക്ക് ഓണക്കാലത്ത് നല്ലൊരു സംഗീതവിരുന്നാകുമെന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com