ADVERTISEMENT

പാരഡി കസെറ്റുകൾ ഇറങ്ങുന്നതു കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്. ‘ദേ മാവേലി കൊമ്പത്ത്’, ‘ഓണത്തിനിടയ്ക്കു പുട്ടു കച്ചവടം’ തുടങ്ങിയ കസെറ്റുകൾ തരംഗം തീർത്ത കാലം. പാരഡിക്കാലം പതിയെ ഇല്ലാതായി. അവിടേക്കാണുസുധീർ എന്ന പറവൂർക്കാരന്റെ എൻട്രി. സുധീർ പോലും പ്രതീക്ഷിക്കാത്തവിധം സുധീറിന്റെ പാരഡികൾ ജനം ഏറ്റെടുത്തു. ‘കേശവൻ മാമൻ (K– 7 മാമൻ)’ എന്ന പേരിലാകും പലരും സുധീറിനെ അറിയുക. പറവൂർ വാണിയക്കാട് കുട്ടൻതുരുത്താണു സ്വദേശം. 

യഥാർഥ ഈണത്തിന് ഇണങ്ങുന്ന രസകരമായ വരികളും അവതരണത്തിലെ സവിശേഷതയുമാണു സുധീറിനെ വേറിട്ടു നിർത്തുന്നത്. 

യാത്രകൾ ചെയ്യുമ്പോഴാണു മനസ്സിൽ പാരഡി പാട്ടുകളുടെ വരികൾ എത്തുന്നതെന്നാണു സുധീർ പറയുന്നത്. കൂടുതൽ വരികളും കിട്ടിയതു പറവൂർ – വരാപ്പുഴ റൂട്ടിലൂടെ സഞ്ചരിച്ചപ്പോഴാണ്. ‘മാനത്തു പറക്കണ കാക്കയും ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ടുള്ള തത്തയു’മൊക്കെ അങ്ങനെ പിറന്നവയാണ്. ഓണക്കളി പാട്ടിന്റെ ഈണത്തിൽ ‘കൊച്ചിയിലെ കൊച്ചച്ചനാം പൊന്നോണ നാളിലന്ന്’എന്നൊരു പാരഡി മാത്രമേ ഓണത്തെക്കുറിച്ചു സുധീർ എഴുതിയിട്ടുള്ളൂ. 

നാട്ടിലെ പാട്ടുകാരനായിട്ടാണു സുധീറിന്റെ തുടക്കം. കെടാമംഗലം സൈനൻ മിമിക്രി വേദിയിലെത്തിച്ചു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി വേദിയിൽ കയറി. പിന്നീടു മിമിക്രി ഒരു ഹരമായി. പതിയെ പ്രഫഷനൽ വേദികളിലെത്തി. മിമി വോയ്സ്, കൊച്ചിൻ സാക്സ്, സ്റ്റാർസ് ഓഫ് കൊച്ചിൻ, കൊച്ചിൻ നവോദയ, കൊച്ചിൻ സ്റ്റാലിയൻസ് തുടങ്ങി ഒട്ടേറെ ട്രൂപ്പുകളിൽ പ്രവർത്തിച്ചു. ഹരിശ്രീ അശോകന്റെ ട്രൂപ്പിലും അംഗമായി. ജയറാം, ദിലീപ്, നാദിർഷ, കോട്ടയം നസീർ തുടങ്ങിയവർക്കൊപ്പം മെഗാ ഷോകൾ ചെയ്തു. ചാനലുകളിൽ സ്ഥിരസാന്നിധ്യമായി. ഇപ്പോൾ സിനിമയിലും സജീവം. ജയ ജയ ജയ ജയഹേ, മഹാവീര്യർ തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു.

രമേഷ് പിഷാരടി പേരിട്ട ‘കേശവൻ മാമൻ’ എന്ന കഥാപാത്രത്തെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണു സുധീർ പറവൂർ ‘വൈറൽ’ ആയത്. കേശവൻ മാമന്റെ പാരഡി പാട്ടുകൾക്ക് ആരാധകരേറി. ഇപ്പോൾ എവിടെ ചെന്നാലും പാരഡി എഴുതാനുള്ള എന്തെങ്കിലും കിട്ടും. 2 ദിവസം കൊണ്ട് 20 പാട്ടുവരെ എഴുതിയിട്ടുണ്ട്. തന്റെ കലാജീവിതത്തെ കേശവൻ മാമനു മുൻപും പിൻപും എന്നു പറയാമെന്നും 14 വർഷം വാടക വീട്ടിൽ താമസിച്ച തനിക്കു സ്വന്തമായി ഒരു വീടു നിർമിക്കാനുള്ള സാഹചര്യമൊരുക്കിയത് ആ കഥാപാത്രമാണെന്നും സുധീർ പറഞ്ഞു.  ഓളിപ്പറമ്പ് സുകുമാരന്റെയും ഷൈലയുടെയും മകനാണ്. ഭാര്യ: ഷിമിലി. മകൻ: സിയോൺ.

English Summary:

Sudheer Paravoor career journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com