ബച്ചൻ ബ്രാൻഡാണ്, ബച്ചൻ ധർമവുമാണ്: അമിതാഭ് ബച്ചൻ
Mail This Article
കൊച്ചി∙ ബച്ചൻ എന്നതാണു തന്റെ ബ്രാൻഡ് എന്ന് അമിതാഭ് ബച്ചൻ. പിതാവ് കവിയായ ഹരിവംശ് ശ്രീവാസ്തവ ജാതിപ്പേരു കളഞ്ഞ് ഹരിവംശ് റായ് ബച്ചൻ എന്ന പേരു സ്വീകരിക്കുകയായിരുന്നു. ശ്രീവാസ്തവ ജാതിയുടെ സ്റ്റീരിയോടൈപ് ആണെങ്കിൽ ബച്ചൻ എന്നതു കുടുംബത്തിന്റെ ബ്രാൻഡായി മാറി. ജനം ആ ബ്രാൻഡിൽ അർപ്പിക്കുന്ന വിശ്വാസത്തിനും സ്നേഹത്തിനും തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും ബച്ചൻ പറഞ്ഞു. പരസ്യം ചെയ്യപ്പെടുന്ന ബ്രാൻഡുകളും അതുപോലെയാകണം. ഇന്റർനാഷനൽ അഡ്വർടൈസിങ് അസോസിയേഷൻ (ഐഎഎ) ആഗോള കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ബച്ചൻ.
ബ്രാൻഡുകൾ തമ്മിൽ മത്സരം ഉണ്ടാകാ. പക്ഷേ, ആ മത്സരം ഉപയോക്താവിനു പ്രയോജനപ്പെടും വിധമാകണം. പരസ്യങ്ങളിലൂടെ സത്യമാണു പറയേണ്ടത്, അല്ലാതെ ബ്രാൻഡുകളുടെ വ്യാജ അവകാശവാദങ്ങളല്ല. താൻ 24 ബ്രാൻഡുകളുടെ പരസ്യങ്ങളിലുണ്ട്. അവയിൽ സ്കൂട്ടറും മൊബൈലുമുണ്ട്. എന്നാൽ പുകയിലയോ മദ്യമോ ഇല്ല. വിശ്വാസ്യത ഇല്ലാത്ത ബ്രാൻഡുകളില്ല. അതാണു തന്റെ ധർമം. ശ്രീവാസ്തവ എന്ന ജാതിയുടെ സ്റ്റീരിയോടൈപ് ധാരണകൾ ഉപേക്ഷിച്ചു മറ്റൊരു പേരിലേക്കു മാറിയതു തന്റെ പിതാവിന്റെ ധർമം ആയിരുന്നുവെന്നും ബ്രാൻഡ് ധർമ്മ പ്രമേയമാക്കിയ സമ്മേളനത്തിൽ ബച്ചൻ ചൂണ്ടിക്കാട്ടി.
പ്രശസ്ത താരങ്ങളുടെ ശബ്ദമോ, മുഖമോ ഒരു ബ്രാൻഡിന്റെ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെങ്കിൽ അതിന്റെ ഗുണനിലവാരവും ആ ബ്രാൻഡ് മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങളും സത്യമാണെന്ന് ഉറപ്പു വരുത്താൻ അവർക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യ മുമ്പ് പാമ്പുപിടിത്തക്കാരുടെയും സന്ന്യാസിമാരുടെയും പേരിൽ അറിയപ്പെട്ടിരുന്നെങ്കിൽ ഇന്ന് ഐടി വിദഗ്ധരുടെയും ബഹിരാകാശ ഗവേഷകരുടെയും ക്രിക്കറ്റ് താരങ്ങളുടെയും ഡോക്ടർമാരുടെയും എൻജിനീയർമാരുടെയും ശാസ്ത്രജ്ഞരുടെയും നാടായാണ് അറിയപ്പെടുന്നത്. ആ മാറ്റം ബ്രാൻഡുകളുടെ പ്രചാരണത്തിലും പ്രതിഫലിക്കണമെന്നു ബച്ചൻ ചൂണ്ടിക്കാട്ടി.
ചില ബ്രാൻഡുകളുടെ പ്രചാരണം സാമൂഹിക നീതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതാണ്. മറ്റു ചിലതു സമൂഹത്തിൽ ബോധവൽക്കരണം നടത്തുന്നു. വാക്സിനുകളുടെ പ്രചാരണം അതു തടയുന്ന രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണവും കൂടിയാണ്. താൻ ക്ഷയരോഗത്തിൽ നിന്നു മുക്തനായ വ്യക്തിയാണെന്നു ബച്ചൻ വെളിപ്പെടുത്തി. സിനിമ ഷൂട്ടിങ്ങിനിടെ പരിക്കു പറ്റിയപ്പോൾ ശസ്ത്രക്രിയയ്ക്കായി രക്തം സ്വീകരിച്ചതുവഴി ഹെപ്പറ്റൈറ്റിസ് ബി വൈറസ് കിട്ടി. തന്റെ കരളിന്റെ 75% നശിക്കാൻ അതുകാരണമായി. 25% കരൾ കൊണ്ടാണു താൻ ജീവിക്കുന്നതെന്നും ബച്ചൻ പറഞ്ഞു.
ധർമ അല്ല, ധർമം
ബ്രാൻഡ് ധർമ എന്നല്ല ബ്രാൻഡ് ധർമം എന്നാണു പറയേണ്ടതെന്ന് അമിതാഭ് ബച്ചൻ. ബ്രിട്ടിഷുകാരുടെ കാലത്ത് ഇന്ത്യൻ വാക്കുകൾ വികലമാക്കിയതിന് ഉദാഹരണമാണു ധർമയും. ഹിമാലയത്തെ ഹിമലയ എന്നും രവീന്ദ്രനാഥ ഠാക്കൂറിനെ ടഗോർ എന്നും വികലമായി ഉച്ചരിച്ചു. തിരു അനന്ത പുരത്തെ ട്രിവാൻഡ്രമാക്കി. അതുപോലെ നമ്മളും ഇംഗ്ളിഷ് വാക്കുകൾ വികലമാക്കിയിട്ടുണ്ട്. ഷാംപെയ്ൻ എന്നത് ചമ്പാഗ്നി എന്നുച്ചരിക്കുന്നതിനെക്കുറിച്ച് ചിരിക്കിടെ ബച്ചൻ പറഞ്ഞു.