സാമ്പത്തിക പരിഷ്കാരങ്ങൾക്ക് വേഗം കൂട്ടണമെന്ന് വിദഗ്ധർ
Mail This Article
ന്യൂഡൽഹി ∙ സാമ്പത്തിക പരിഷ്കാരങ്ങൾ കൂടുതൽ വേഗത്തിൽ നടപ്പാക്കാനും സമ്പദ് വ്യവസ്ഥ നേരിടുന്ന ചില അടിസ്ഥാന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാനും നരേന്ദ്ര മോദിയുടെ രണ്ടാം സർക്കാർ പ്രഥമ പരിഗണന നൽകണമെന്ന് വിദഗ്ധർ.
ഇക്കൊല്ലം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ ആകുമെന്നാണ് അനുമാനം. 3 ലക്ഷം കോടി ഡോളർ ജിഡിപി (മൊത്തം ആഭ്യന്തര ഉൽപാദനം) എത്തുന്നതോടെയാണ് ബ്രിട്ടനെ മറികടന്ന് ഇന്ത്യ അഞ്ചാമതെത്തുക. 2025 ആകുന്നതോടെ ഇന്ത്യ ജപ്പാനെയും കടത്തിവെട്ടുമെന്നു കണക്കാക്കുന്നു.
എന്നാൽ, ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുകയും വ്യോമയാനം, വൈദ്യുതി, ബാങ്കിങ്, ബാങ്കിതര ധനസ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നു.
ഭൂമി ഏറ്റെടുക്കലിലെ സുതാര്യത, രേഖകൾ ഡിജിറ്റലാക്കൽ, തൊഴിലവസര സൃഷ്ടി, കൃഷി, ബാങ്കിങ് തുടങ്ങിയ മേഖലകളിലെ സ്വകാര്യവൽകരണം, കയറ്റുമതി പ്രോൽസാഹനം തുടങ്ങിയ മേഖലകളിൽ കാര്യമായ ചുവടുവയ്പുകൾ മേണമെന്ന് ഗവേഷക ഏജൻസി ഗോൾഡ്മാൻ സാക്സ് ചൂണ്ടിക്കാട്ടി.
പരിഷ്കരണനയങ്ങൾക്കുള്ള അംഗീകാരമാണ് ഉജ്വല വിജയമെന്നും വ്യവസായവളർച്ച ഉറപ്പാക്കുന്ന നയങ്ങൾക്ക് ആക്കം കൂട്ടണമെന്നും പ്രമുഖ വ്യവസായികളും അഭിപ്രായപ്പെട്ടു.
മുഖ്യ പ്രശ്നങ്ങൾ
∙ സാമ്പത്തിക വളർച്ചയുടെ വേഗം കുറഞ്ഞത്
∙ വിപണിയിലെ മാന്ദ്യം
∙ ഗ്രാമങ്ങളിലെ സാമ്പത്തിക പ്രതിസന്ധി
∙ തൊഴിലില്ലായ്മ
∙ യുഎസുമായുള്ള വ്യാപാരത്തിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ.