ബജറ്റ്: ജയിംസ് വിൽസൻ മുതൽ നിർമല സീതാരാമൻ വരെ
Mail This Article
ഇന്ത്യയുടെ ആദ്യ ബജറ്റിനു ജയിംസ് വിൽസൻ എന്ന സ്കോട്‌ലൻഡുകാരനാണു രൂപം നൽകിയതെന്നും അത് 1860ൽ ആയിരുന്നുവെന്നും അറിയുന്നവർ കുറവായിരിക്കാം. എന്നാൽ അദ്ദേഹം തുടങ്ങിവച്ച രണ്ടു സംരംഭങ്ങൾ ഇന്നു ലോകമെങ്ങും അറിയപ്പെടുന്നവയാണ്. ‘ദി ഇക്കോണമിസ്റ്റ്’ എന്ന സാമ്പത്തിക പ്രസിദ്ധീകരണമാണ് ഒന്ന്; മറ്റതു ‘സ്റ്റാൻചാർട്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്ക്.
തൊപ്പി വിൽപനക്കാരനായിരുന്ന ജയിംസ് സ്വയം പഠിച്ചതാണു സാമ്പത്തികശാസ്ത്രം. പല പടവുകൾ പിന്നിടുന്നതിനിടയിൽ രാഷ്ട്രീയക്കാരനുമായി. അങ്ങനെ ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ അദ്ദേഹം തുടർന്നു യുകെ ട്രഷറിയുടെ ഫിനാൻസ് സെക്രട്ടറിയായും പ്രവർത്തിച്ചു. ഇന്ത്യയിൽ കാനിങ് പ്രഭു വൈസ്രോയിയായിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയിൽ ധന വകുപ്പിന്റെ ചുമതലക്കാരനായപ്പോഴാണ് ഇന്ത്യയുടെ ആദ്യ ബജറ്റിനു രൂപം നൽകിയത്.
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമർത്തുന്നതിനു ഭാരിച്ച ചെലവു വേണ്ടിവന്നതിനാൽ ബ്രിട്ടീഷ് ഭരണാധികാരികൾ കടുത്ത സാമ്പത്തിക സമ്മർദത്തിലായിരുന്നു. ബ്രിട്ടീഷ് ബജറ്റിന്റെ മാതൃകയിൽ ഇന്ത്യയ്ക്കു വേണ്ടി ബജറ്റ് രൂപപ്പെടുത്തുക എന്ന ആശയം അങ്ങനെയാണു ജനിച്ചത്. ആദായ നികുതി ഉൾപ്പെടെ അനേകം നികുതികൾ ഇന്ത്യക്കാർക്കു മേൽ അടിച്ചേൽപിക്കുന്നതായിരുന്നു ജയിംസ് വിൽസന്റെ ബജറ്റ്. ബിസിനസുകാരുടെയും ജന്മിമാരുടെയും അപ്രീതി നേടിയ ബജറ്റായിരുന്നുവെങ്കിലും അതാണ് ഇന്ത്യയിലെ സാമ്പത്തികാസൂത്രണത്തിനു ശാസ്ത്രീയമായ തുടക്കമിട്ടത്.
കൊച്ചി ബന്ധമുള്ള ധന മന്ത്രി
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കപ്പെട്ടത് 1947 നവംബർ 26ന്. ഇന്ത്യയുടെ ആദ്യ ധന മന്ത്രി എന്ന നിലയിൽ സർ രാമസ്വാമി കണ്ടസ്വാമി ഷണ്മുഖം ചെട്ടിയാണു ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക വിദഗ്ധനും അഭിഭാഷകനുമൊക്കെയായിരുന്ന ഷണ്മുഖം ചെട്ടി 1947 മുതൽ 1949 വരെ ധന മന്ത്രിയായി പ്രവർത്തിച്ചു.
കോയമ്പത്തൂർ സ്വദേശിയായ ഇദ്ദേഹം 1935 – ’41 കാലയളവിൽ കൊച്ചി ദിവാനായിരുന്നു. ഇദ്ദേഹത്തിന്റെ സ്മരണാർഥമുള്ളതാണു കൊച്ചിയിലെ ഷണ്മുഖം റോഡ്. ഷണ്മുഖം ചെട്ടിയുടെ ബജറ്റ് സമ്പൂർണ ബജറ്റായിരുന്നില്ല. ആദ്യ ബജറ്റ് ഏഴര മാസത്തേക്കുള്ള ഇടക്കാല ബജറ്റ് മാത്രമായിരുന്നു. ലക്ഷ്യമിട്ട ബജറ്റ് വരുമാനം വെറും 171 കോടി രൂപ. പ്രതിരോധച്ചെലവിനു നീക്കിവച്ചതു 92.74 കോടി മാത്രം.
ജോൺ മത്തായിയുടെ ബജറ്റ്
1949 – ’50, 1950 – ’51 വർഷങ്ങളിലേക്കുള്ള ബജറ്റുകൾ അവതരിപ്പിച്ചതു മലയാളിയായ ജോൺ മത്തായി. ഇന്ത്യ റിപ്പബ്ളിക്കായ ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ച ധന മന്ത്രി എന്ന ബഹുമതിയും ജോൺ മത്തായിക്കു തന്നെ. ജോൺ മത്തായിയുടെ 1950 – ’51ലെ ബജറ്റാണ് ആസൂത്രണ കമ്മിഷന് അടിസ്ഥാനമായത്. ആധുനിക കാലത്തെ ബജറ്റിന്റെ ആദ്യ സമ്പൂർണ മാതൃകയായിരുന്നു ആ ബജറ്റ് എന്നതും ശ്രദ്ധേയം.