മലയാള മനോരമയുടെ ഇരുപതാമത് ബജറ്റ് പ്രഭാഷണം ജൂലൈ 8ന്
Mail This Article
കൊച്ചി ∙ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള വാർഷിക ബജറ്റ് പ്രഭാഷണം എട്ടിനു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ. പ്രമുഖ സാമ്പത്തിക വിദഗ്‌ധൻ ഡോ. സുർജിത് എസ്. ഭല്ല പ്രഭാഷണം നിർവഹിക്കും. മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപതാമത്തേതാണിത്.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിനെ വിലയിരുത്തി ഡോ. സുർജിത് നടത്തുന്ന പ്രഭാഷണത്തിൽ ബജറ്റ് നിർദേശങ്ങൾ കേരളത്തെ എങ്ങനെ ബാധിക്കുമെന്ന നിരീക്ഷണങ്ങളുമുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ അംഗമായിരുന്നിട്ടുള്ള സുർജിത് ഇപ്പോൾ പതിനഞ്ചാം ഫിനാൻസ് കമ്മിഷന്റെ സാമ്പത്തിക ഉപദേഷ്‌ടാവാണ്. ഉയർന്ന ആസ്‌തിമൂല്യമുള്ള വ്യക്‌തികൾ മുതൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു വരെ നയപരമായ കാര്യങ്ങളിൽ വിദഗ്‌ധോപദേശം നൽകുന്ന ന്യൂയോർക് ആസ്‌ഥാനമായുള്ള ഒബ്‌സർവേറ്ററി ഗ്രൂപ്പിന്റെ ഉപദേശക സമിതി അംഗവുമാണ് ഇദ്ദേഹം.
പ്രിൻസ്‌റ്റൻ സർവകലാശാലയിൽനിന്നു സാമ്പത്തിക ശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റ് നേടിയ സുർജിത് ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ അധ്യാപകനായിരുന്നിട്ടുണ്ട്. ഗവേഷകനായി ലോക ബാങ്കിലും കൺസൽറ്റന്റായി വാർബസ് പിൻകസിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഡ്യൂഷ് ബാങ്ക്, ഗോൾഡ്‌മാൻ സാക്‌സ് എന്നീ സ്‌ഥാപനങ്ങളിലും സേവനമനുഷ്‌ഠിച്ചു. അനേകം പ്രബന്ധങ്ങളുടെയും ഏതാനും ഗ്രന്ഥങ്ങളുടെയും കർത്താവായ സുർജിത് മികച്ച പ്രഭാഷകനുമാണ്.