ഇന്ദിരയ്ക്കു ശേഷം നിർമല
Mail This Article
വെള്ളിയാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ ഏറ്റവും വലിയ പുതുമ അവതാരകയായ ധനമന്ത്രി നിർമല സീതാരാമൻ തന്നെ. അര നൂറ്റാണ്ടോളം മുമ്പ് ഇന്ദിരാ ഗാന്ധി ബജറ്റ് അവതരിപ്പിച്ച ശേഷം ഒരു വനിത ബജറ്റുമായി പാർലമെന്റിൽ എത്തുന്നത് ആദ്യം. ഇന്ദിര 1970ൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ അവർ ധനവകുപ്പു കൂടി കയ്യടക്കിവച്ചിരുന്ന പ്രധാനമന്ത്രിയായിരുന്നു. നിർമല ബജറ്റുമായെത്തുന്നതാകട്ടെ മുഴുവൻ സമയ ധനമന്ത്രി എന്ന നിലയിലാണ്. പ്രധാനമന്ത്രിമാരായിരിക്കെ ഇന്ദിരയെപ്പോലെ ധനവകുപ്പു കൂടി കൈകാര്യം ചെയ്‌തിരുന്ന അവസരങ്ങളിൽ ജവഹർലാൽ നെഹ്‌റുവും രാജീവ് ഗാന്ധിയും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
നികുതികളുടെ ആചാര്യൻ
ടിടികെ ഗ്രൂപ്പ് എന്ന, 3000 കോടിയിലേറെ രൂപയുടെ വിറ്റുവരവുള്ള വ്യവസായ സംരംഭത്തിന്റെ സ്‌ഥാപകനും ടിടികെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട രാഷ്‌ട്രീയ നേതാവുമായ ടി.ടി. കൃഷ്‌ണമാചാരിയെപ്പോലെ, അനേകം നികുതികളും അതിലേറെ നിയന്ത്രണങ്ങളുംകൊണ്ടു ബജറ്റ് കുത്തിനിറച്ച ധന മന്ത്രി വേറെയില്ലെന്നു പറയാം. ഇറക്കുമതിക്കു കർശന നിയന്ത്രണങ്ങൾ നിർദേശിച്ച ടിടികെയാണു സ്വത്തു നികുതി ഏർപ്പെടുത്തിയത്. റെയിൽ യാത്രയ്‌ക്കു നികുതി ഈടാക്കിയ അദ്ദേഹം എക്‌സൈസ് തീരുവയുടെ ഉയർന്ന പരിധി 400 ശതമാനമായി ഉയർത്തുകയും ചെയ്‌തു.
രാജ്യത്തെ ഏറ്റവും ആദ്യത്തെ വൻകിട സാമ്പത്തിക കുംഭകോണത്തിന്റെ പേരിൽ രാജിവയ്‌ക്കേണ്ടിവന്ന ധനമന്ത്രിയെന്ന പേരുദോഷവും ടിടികെയ്‌ക്കുണ്ടായി. വ്യവസായിയും ഓഹരികളിൽ ഊഹക്കച്ചവടക്കാരനുമായിരുന്ന ഹരിദാസ് മുന്ദ്രയുടെ ഏതാനും കമ്പനികളുടെ ഓഹരികളിൽ ഒന്നേകാൽ കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്താൻ എൽഐസിയെ പ്രേരിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു രാജി. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിനെ തുടർന്നു രാജിവയ്‌ക്കുകയായിരുന്നു. മുന്ദ്രയ്‌ക്കു ലഭിച്ചത് 22 വർഷത്തെ ജയിൽവാസം.
റെക്കോർഡ് മൊറാർജിക്ക്
പിൽക്കാലത്തു പ്രധാനമന്ത്രിയായ മൊറാർജി ദേശായിക്കാണു കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന ബഹുമതി: എട്ടു സമ്പൂർണ ബജറ്റും രണ്ട് ഇടക്കാല ബജറ്റും അദ്ദേഹം അവതരിപ്പിച്ചു. പി. ചിദംബരത്തിനാണു രണ്ടാം സ്‌ഥാനം. മൂന്നാമൻ പ്രണബ് മുഖർജി. മൊറാർജിയുടെ ജന്മദിനത്തിനുമുണ്ടു പ്രത്യേകത: ഫെബ്രുവരി 29. ഫെബ്രുവരിയിലെ അവസാന ദിവസമായ 28ന് അല്ലെങ്കിൽ 29ന് ആയിരുന്നു അന്നൊക്കെ ബജറ്റ് അവതരണം. ഒരിക്കൽ ജന്മദിനത്തിൽത്തന്നെ ബജറ്റ് അവതരിപ്പിക്കാൻ അങ്ങനെ മൊറാർജിക്ക് അവസരമുണ്ടായി.
ബജറ്റിലൂടെ തെളിയിച്ച വൈദഗ്‌ധ്യം
അറിയപ്പെടുന്ന സാമ്പത്തിക വിദഗ്‌ധനൊന്നുമായിരുന്നില്ലെങ്കിലും ഏറ്റവും ശ്രദ്ധേയമായ ബജറ്റുകളിലൊന്ന് അവതരിപ്പിച്ച വ്യക്‌തിയാണു വളരെ കുറച്ചു ദിവസങ്ങൾ മാത്രം ധനവകുപ്പിന്റെ ചുമതല വഹിച്ച ചരൺ സിങ്. സാമ്പത്തിക ഫെഡറലിസത്തിനു മുൻതൂക്കം നൽകിയ അദ്ദേഹം കേന്ദ്ര എക്‌സൈസ് വരുമാനത്തിൽനിന്നു സംസ്‌ഥാനങ്ങൾക്കുള്ള വിഹിതം 20ൽനിന്നു 40 ശതമാനത്തിലേക്ക് ഉയർത്തി. പരോക്ഷ നികുതി സമ്പ്രദായത്തിന്റെ പരിഷ്‌കരണത്തിനു നാന്ദി കുറിച്ചതും ആ ബജറ്റായിരുന്നു.
നൂറു കണക്കിന് ഉൽപന്നങ്ങളുടെ നികുതി നിരക്ക് യുക്‌തിസഹമായി നിർണയിക്കാൻ അദ്ദേഹത്തിനു സാധിച്ചു. വളരെ അപരിഷ്‌കൃതമെങ്കിലും മൂല്യ വർധന നികുതി (വാറ്റ്) യുടെ ആദ്യരൂപം ദൃശ്യമായതു ചരണിന്റെ ബജറ്റിലാണ്. ഇതൊക്കെയാണെങ്കിലും പണപ്പെരുപ്പം 21% എന്ന റെക്കോർഡ് നിലവാരത്തിലെത്തിയതു ചരൺ സിങ് ധന മന്ത്രിയായിരുന്നപ്പോഴാണെന്നും ഓർക്കാം.
ആത്മകഥാംശം ചേർത്ത ബജറ്റും
ബജറ്റ് പ്രസംഗത്തിൽ കഥയും കവിതയുമൊക്കെ ഉൾക്കൊള്ളിച്ചു വിരസത ഒഴിവാക്കാൻ ശ്രമിച്ചിട്ടുള്ളവരും മനപ്പൂർവമല്ലെങ്കിലും വിരസത സൃഷ്‌ടിച്ചിട്ടുള്ളവരുമായ ധന മന്ത്രിമാരാണ് ഏറെയും. ബജറ്റിൽ ആത്മകഥയുടെ അംശം അവതരിപ്പിച്ച ഏക ധനമന്ത്രി മൻമോഹൻ സിങ്ങാണ്. ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം നടത്തിയിട്ടുള്ളതും മൻമോഹൻ തന്നെ. 1991ലെ ബജറ്റ് പ്രസംഗത്തിലുണ്ടായിരുന്നതു 18,000 വാക്കുകൾ. ഏറ്റവും ഹ്രസ്വമായ ബജറ്റ് പ്രസംഗത്തിനുള്ള റെക്കോർഡ് എച്ച്.എം. പട്ടേലിന്റെ പേരിൽ. 1977ൽ പട്ടേൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിലുണ്ടായിരുന്നതു വെറും 500 വാക്കുകൾ മാത്രം.
നാളെ: ഉദാരവൽകരണത്തിന്റെ കാലത്തെ ബജറ്റുകൾ