ബജറ്റ്: നികുതിയിളവിലെ സൂചനകൾ കാത്ത് ഇന്ത്യൻ ഓഹരി വിപണി
Mail This Article
പുതിയ സർക്കാർ അധികാരമേറ്റതു മുതല്‍ ബജറ്റിനായി കാത്തിരിക്കുകയാണ് ഓഹരിവിപണി. വിപണി ഉറ്റുനോക്കുന്നത് നികുതി സംബന്ധമായ കാര്യങ്ങളിലെ അനുകൂല നിലപാടുകളിലാണ്. സാമ്പത്തിക നയം സംബന്ധിച്ച കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ നിരക്കു നിര്‍ണയ കമ്മിറ്റി ആശാവഹമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. തുടര്‍ച്ചയായി മൂന്നു തവണ പലിശ നിരക്ക് കുറയ്ക്കുക മാത്രമല്ല അളന്നു മുറിച്ചുള്ള നിബന്ധനകളില്‍ അയവു വരുത്തുകയും ചെയ്തിട്ടുണ്ട്. ബജറ്റ് ഇന്ത്യൻ വിപണിക്കായി കാത്തുവച്ചിരിക്കുന്നത് എന്തെല്ലാമെന്നു വിലയിരുത്തുകയാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അടിസ്ഥാന ഗവേഷണ വിഭാഗം മേധാവി വിനോദ് നായര്‍.
തുറന്ന വിപണിയിലേക്ക് റിസര്‍വ് ബാങ്ക് ഏകദേശം 15 ലക്ഷം കോടി രൂപ ഈ വര്‍ഷം ഇതിനകം എത്തിച്ചു കഴിഞ്ഞു. 12,500 കോടിയുടെ സെക്യൂരിറ്റികള്‍ വരാനിരിക്കുന്നുമുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെ ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകള്‍ കൈക്കൊള്ളുന്ന നയമാറ്റത്തിന്റെ ഭാഗമാണിത്. ലാഭ നിരക്കുകള്‍ പരിതാപകരമായിട്ടും പലിശ നിരക്കുകള്‍ കുറച്ച് വന്‍തോതില്‍ ആസ്തികള്‍ സ്വരൂപിച്ച് (ക്വാണ്ടിറ്റേറ്റീവ് ഈസിങ്) വിപണിയില്‍ കൂടുതല്‍ പണം എത്തിക്കുന്നതിന് യൂറോപ്യന്‍ യൂണ്യന്‍ പുതിയ വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ്. യൂറോ ബോണ്ടുകളുടെ 10 വര്‍ഷ നേട്ടം ഇപ്പോള്‍ 0.2 ശതമാനം മാത്രമാണ്. ഈ അവസ്ഥ മറി കടക്കുന്നതിന് പുതിയ ബോണ്ടുകള്‍ വാങ്ങാനുള്ള നീക്കത്തിലാണവര്‍.
നികുതിയിളവുകളുടെ കാര്യത്തില്‍ പുതിയ ഗവണ്മെന്റില്‍ നിന്നുള്ള സൂചനകള്‍ക്കു കാതോർക്കുകയാണ് ആഭ്യന്തര വിപണി. ആഭ്യന്തര, ആഗോള വിപണികളുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള കണക്കുകള്‍ പുറത്തു വന്നതോടെ കഴിഞ്ഞ ഒരാഴ്ചയായി ഓഹരി വിപണി അസ്വസ്ഥമാണ്. നിഫ്റ്റി 50 ലുണ്ടായ നേട്ടവും ചെറുകിട ഓഹരികള്‍ മൂന്നു മാസത്തില്‍ 10 ശതമാനം ലാഭമുണ്ടാക്കിയതും മറ്റും തിരഞ്ഞെടുപ്പിനു മുൻപ് അന്തരീക്ഷം പ്രസന്നമാക്കിയിരുന്നു. എന്നാല്‍ വരാനിരിക്കുന്ന നയനിലപാടുകളുടെ കാര്യത്തില്‍ നില നില്‍ക്കുന്ന അവ്യക്തത മുന്നോട്ടുള്ള കുതിപ്പ് മന്ദഗതിയിലാക്കി. ഈ വിളവെടുപ്പു കാലത്ത് മഴ കുറയും എന്ന കണക്കുകള്‍ കൂടി പുറത്തു വന്നതോടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലായി.
ആഗോള തലത്തിലാകട്ടെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ചൈന-യുഎസ് വ്യാപാരയുദ്ധം വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്. പ്രധാന സാമ്പത്തിക ശക്തികളായ ചൈന, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടേയും യൂറോപ്പിന്റേയും ഓഹരി പ്രകടനം വര്‍ഷത്തില്‍ 11 ശതമാനം പ്രതികൂലം എന്ന നിലയിലാണ്. എന്നാല്‍ അമേരിക്കന്‍ വിപണി മന്ദഗതിയില്‍ തുടരുകയും അസ്ഥിരത പ്രകടിപ്പിക്കുകയും ചെയ്യുന്നു. വര്‍ഷാവര്‍ഷം 10 ശതമാനം ലാഭ നേട്ടവുമായി ഇന്ത്യന്‍ വിപണി പിടിച്ചു നില്‍ക്കുന്നു എന്നത് ആശ്വാസകരമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികളുടെ ഫലം ലഭിക്കും എന്ന പ്രതീക്ഷയാണ് നമ്മുടെ വിപണിയില്‍ നില നില്‍ക്കുന്നത്.
വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പ്രകാരം യുഎസ്- ചൈന വ്യാപാര യുദ്ധം ഇന്ത്യയ്ക്കു ഗുണകരമായിത്തീരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലേക്കും കയറ്റുമതി വര്‍ധിപ്പിക്കാന്‍ നമുക്കു കഴിയും. നമ്മുടെ 350 ലേറെ ഉല്‍പന്നങ്ങളുടെ കയറ്റുമതിയാണ് വര്‍ധിക്കുക. അമേരിക്ക ചൈനയിലേക്കു കയറ്റി അയച്ചിരുന്ന, ഡീസല്‍, എക്‌സ്‌റേ ട്യൂബുകള്‍, ചിലയിനം രാസപദാര്‍ത്ഥങ്ങള്‍ എന്നിവ ഉള്‍പ്പടെ 151 ഓളം ഇനങ്ങള്‍ ഇനി മുതല്‍ ചൈനയിലേക്കു കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്കു കഴിയും. ചൈന അമേരിക്കയിലേക്കു കയറ്റി അയച്ചിരുന്ന റബ്ബര്‍, ഗ്രാഫൈറ്റ്് ഇലക്ട്രോഡുകള്‍ എന്നിവ ഇനി ഇന്ത്യയാവും അങ്ങോട്ടു കയറ്റുമതി ചെയ്യുക. കയറ്റുമതിയിലെ ഈ കുതിച്ചു ചാട്ടം ചൈനയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാനും ഇന്ത്യയെ സഹായിക്കും. 2018-19 ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ 50.12 ബില്യണ്‍ ഡോളറിന്റെ വ്യാപര കമ്മിയാണ് ചൈനയുമായി ഇന്ത്യക്കുണ്ടായിരുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതി മുതല്‍ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷിക്കപ്പെടുന്ന മുന്നേറ്റം ഇന്ത്യന്‍ വിപണിക്ക് അനുകൂലമായ മറ്റൊരു ഘടകമാണ്. ചുരുക്കിപ്പറഞ്ഞാല്‍ വരാനിരിക്കുന്ന പൂര്‍ണ ബജറ്റിനായി വളരെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്. ചെറുകിട, ഇടത്തരം ഓഹരികള്‍ മികച്ച പ്രടനം നടത്താനിടയുണ്ട്. ഫിനാന്‍സ്, അടിസ്ഥാന സൗകര്യ മേഖല, രാസ വ്യവസായം, സിമെന്റ്, വ്യവസായാധിഷ്ഠിത ഉല്‍പന്നങ്ങള്‍ എന്നിവ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.