വരുമാനം കണ്ടെത്താൻ പാടുപെടുന്നു; കൂടുതൽ ഓഹരി വിറ്റഴിക്കലിന് ശ്രമമുണ്ടായേക്കാം
Mail This Article
ഇരുപത്തിനാലു ലക്ഷം കോടി രൂപയിലധികമായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റ് ചെലവ്. എന്നാൽ 12 ലക്ഷം കോടിയിൽപരം രൂപയുടെ ജിഎസ്ടി വരുമാനമടക്കം 14 ലക്ഷം കോടി രൂപയിൽ താഴെയായിരുന്നു രാഷ്ട്രത്തിന്റെ ബജറ്റ് വരുമാനം. ബാക്കി തുക ബജറ്റിൽ കണ്ടെത്താൻ ഓഹരി വിറ്റഴിക്കലായിരിക്കും സർക്കാരിന്റെ മുന്നിലുള്ള പോംവഴിയെന്ന് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൽറ്റന്റ് അഭിലാഷ് പുറവൻതുരുത്തിൽ. റിസർവ് ബാങ്ക് സർപ്ലസ് ഡിവിഡന്റ് നേടിയും ഇതു പരിഹരിക്കാനായിരിക്കും സർക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം പറയുന്നു.
പിയുഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് അനുസരിച്ചാണെങ്കിൽ 13.3% വർധനവോടെ 27,84,200 കോടി രൂപയാണ് 2019 -20 വർഷത്തെ ബജറ്റ് അടങ്കൽ തുക. എന്നാൽ ജിഎസ്ടി വരുമാനത്തിൽ കാര്യമായ വർധന നേടുന്നില്ല എന്നു മാത്രമല്ല കുറഞ്ഞു വരികയും ചെയ്യുന്നത് ബജറ്റ് കമ്മിയുണ്ടാക്കും.
അതോടൊപ്പം ജിഡിപിയുടെ 3.4 ശതമാനമായി ബജറ്റ് കമ്മി നിജപ്പെടുത്തണമെന്ന മുൻ സർക്കാരിൻറെ ലക്ഷ്യവും തെറ്റുന്നതിന് ഇടയാക്കും. കഴിഞ്ഞ മൂന്നു മാസത്തെ തോതനുസരിച്ച് ജിഎസ്ടി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിന്ന് ഒട്ടും മുന്നോട് പോകാനും സാധ്യതയില്ലെന്നാണ് കണക്കുകൾ. ജൂണിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിൽ താഴെ പോയ സഹചര്യത്തിൽ പ്രത്യേകിച്ചും. ഈയവസരത്തിൽ വരുമാന നികുതി കുറയാനിടയില്ല.
ജിഎസ്ടിയും മറ്റിതര നികുതി വരുമാനങ്ങളും കൂടി 18 ലക്ഷം കോടി രൂപയിലെത്തിക്കാനായിരിക്കും സർക്കാരിന്റെ ശ്രമം. എന്നാലത് അത്ര എളുപ്പമല്ലാത്ത നിലക്ക് ഓഹരി വിറ്റഴിക്കലടക്കമുള്ള വഴികൾ ധനമന്ത്രി തേടുമെന്നുറപ്പാണ്. ക്രൂഡ് ഓയിലിന്റെ വില ഈ വർഷം അവസാനം 30 ഡോളർ നിരക്കിലേക്ക് എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഇത് സർക്കാരിന് അനുകൂലമാണ്.
ആർബിഐയുടെ ആസ്തിയിലും സർക്കാരിന് കണ്ണുണ്ട്. ആർബിഐയിൽ നിന്നു കൂടുതൽ തുക സർപ്ലസ് ഡിവിഡന്റ് ആയി നേടുന്നതിന് സർക്കാരിന് പ്രയാസമായിരിക്കില്ല. അങ്ങനെ വന്നാൽ മുൻ സർക്കാർ ആവശ്യപ്പെട്ട തുകയായ 3.6ലക്ഷം കോടി രൂപ ആർബിഐയിൽ നിന്നു സർക്കാരിന് ലഭ്യമായേക്കാം. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഹിതവും വർധിക്കുമെന്ന് കരുതുന്നു.
കൂടുതൽ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിച്ചേക്കുമെന്നാണ് കണക്കുകൂട്ടുന്നത്. എയർ ഇന്ത്യ ആയിരിക്കും ആദ്യ ഇരയെന്ന് വിപണി പ്രതീക്ഷിക്കുന്നു. ലാഭത്തിലുള്ള കൂടുതൽ പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരികളും ഇത്തവണ കൂടുതലായി വിറ്റഴിച്ചേക്കും. സർക്കാർ നാമമാത്ര ഓഹരികൾ മാത്രമാവും കൈവശം വയ്ക്കുക.
ചെറുകിട പൊതു മേഖലാ ബാങ്കുകളും ചിലപ്പോൾ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. വിറ്റഴിക്കലിനായി പുതിയ ഒരു മന്ത്രാലയവും മന്ത്രിയും തന്നെ വന്നേക്കാമെന്നും പ്രതീക്ഷിക്കുന്നതായി അഭിലാഷ് പുറവൻ തുരുത്തിൽ വിലയിരുത്തുന്നു.