ADVERTISEMENT

പുതിയ കേന്ദ്ര ബജറ്റ് വരികയായി. സുപ്രധാന മേഖലകളിൽ കുതിപ്പിന് വഴികളെന്ത്? വിദഗ്ധർ പ്രതികരിക്കുന്നു:

വളർച്ചയ്ക്ക് ഉത്തേജക നടപടികൾ അവശ്യം
ഡോ.വി.കെ വിജയകുമാർ,
(ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)

ഇലക്‌ഷൻ കഴിഞ്ഞുള്ള ആദ്യ ബജറ്റിൽ സൗജന്യങ്ങളും നികുതിയിളവുകളും പ്രതീക്ഷിക്കേണ്ടതില്ല. കയറ്റുമതി, ഇറക്കുമതി, വാഹന വിൽപന തുടങ്ങിയ ഘടകങ്ങൾ സാമ്പത്തിക രംഗത്തെ മാന്ദ്യം ശരിവെയ്ക്കുന്നു. ദേശീയ സാംപിൾ സർവേ കണക്കുകളിൽ തൊഴിലില്ലായ്മ കൂടിയ നിലയിലാണ്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധി നേരിടുന്നു.

കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും മൊത്തം ധനകമ്മി ദേശീയോൽപാദനത്തിന്റെ 7 ശതമാനമാണ്. ഈ പശ്ചാത്തലത്തിൽ വളർച്ച വർധിപ്പിക്കുന്നതിന് ഉത്തേജക നടപടികൾ ആവശ്യമാണ്. പക്ഷേ വായ്പയെടുത്ത് സാമ്പത്തിക ഉത്തേജന പരിപാടി നടപ്പാക്കുന്നത് ദോഷം ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ സാമ്പത്തിക ഉത്തേജന പരിപാടി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ഭൂമി, തൊഴിൽ പരിഷ്‌കാരങ്ങൾ താമസിക്കരുത്. ബംഗ്ലദേശും വിയറ്റ്‌നാമും മറ്റും ആയിരക്കണക്കിനാളുകൾ പണിയെടുക്കുന്ന തൊഴിൽശാലകൾ ആരംഭിക്കുകയാണ്. ഈ മാതൃക പിന്തുടരാൻ ഇന്ത്യയെ പ്രാപ്തമാക്കുന്ന നിർദേശങ്ങൾ ബജറ്റിലുണ്ടാവണം.

∙ തൊഴിൽ
ചെറുകിട വ്യവസായവും കൃഷിയും വളരട്ടെ
ജി.വിജയരാഘവൻ (മുൻ അംഗം, പ്ലാനിങ് ബോർഡ്)

തൊഴിലവസരം വർധിപ്പിക്കാൻ ചെറുകിട വ്യവസായത്തിലും കൃഷിയിലുമാണ് ബജറ്റ് ശ്രദ്ധ വയ്ക്കേണ്ടത്. ചെറുകിട സംരംഭകരും ചെറുകിട കർഷകരും ചേർന്നാണ് രാജ്യത്തെ 85% തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നത്. സംരംഭങ്ങൾ വേഗം തുടങ്ങാനും നടത്താനും നഷ്ടമാണെങ്കിൽ പൂട്ടാനും അവസരം നൽകുന്ന നിർദേശങ്ങൾ വേണം. നഷ്ടത്തിലായാൽ പൂട്ടിയിട്ടു പോകാമെങ്കിൽ കൂടുതൽപേർ സംരംഭകരാവും. തുറമുഖങ്ങളും വിമാനത്താവളങ്ങളും കൂടുതൽ കാര്യക്ഷമമാക്കണം. കസ്റ്റംസ് ക്ലിയറൻസ് പോലുള്ള അനേകം അനുമതികളുടെ വേഗം കൂട്ടണം.

കൃഷിയിൽ ഉയർന്ന വില കിട്ടുന്ന ഉൽപന്നങ്ങളും നൂതന സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിക്കാൻ ബജറ്റ് നിർദേശങ്ങളുണ്ടാകണം. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യപാര തർക്കം കാരണം അവിടെ നിന്ന് അനേകം പാശ്ചാത്യ കമ്പനികൾ ഫാക്ടറികൾ മാറ്റുകയാണ്. അവർ ഇന്ത്യയിലേക്ക് അവസരം നോക്കുന്നു. ഇതു മുതലാക്കാനുള്ള നടപടി ഉണ്ടായാൽ വൻ തോതിൽ തൊഴിലവസരം സൃഷ്ടിക്കാം.

∙ റിയൽ എസ്റ്റേറ്റ്
ഭവനവായ്പാ പലിശ നിരക്ക് കുറയ്ക്കണം
എസ്.എൻ.രഘുചന്ദ്രൻ നായർ (മുൻ ദേശീയ വൈസ് പ്രസിഡന്റ്, ക്രെഡായ്)

ഭവന വായ്പ എടുക്കുമ്പോഴുള്ള ആദായ നികുതി ഇളവ് കൂട്ടണം, ഇളവ് രണ്ടാമത്തെ വീടിനും ബാധകമാക്കണം. ഭവന വായ്പയ്ക്കുള്ള പലിശ നിരക്കുകൾ കുറയ്ക്കണം. ബാങ്ക് ജീവനക്കാർക്ക് ഇപ്പോൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നുണ്ട്. അതു സാധാരണക്കാർക്കും ലഭ്യമാക്കണം. വിദേശ ഇന്ത്യാക്കാർ പാർപ്പിടങ്ങളിൽ‍ പണം നിക്ഷേപിക്കുന്നതു നിന്നു. നിക്ഷേപമെന്ന സ്ഥിതി മാറി വീട് ആവശ്യമുള്ളവർക്കു മാത്രമായി വിപണി.

അതിനാൽ വരുമാനത്തിന് ഇണങ്ങുന്ന തരം (അഫോഡബിൾ) പാർപ്പിടങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണം. വൻ നഗരങ്ങളും ചെറിയ നഗരങ്ങളും വേർ തിരിച്ച് അഫോഡബിൾ ഭവനങ്ങളുടെ വിസ്തീർണം നിശ്ചയിക്കണം. മുതിർന്ന പൗരൻമാരുടെ ഭവനങ്ങൾക്കും വിദ്യാർഥികളുടെ താമസത്തിനായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്കും ആദായനികുതി ഇളവും പലിശ ഇളവും നൽകണം.

∙ കൃഷി
വ്യത്യസ്ത വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കണം
കെ.എൻ. നായർ (മുൻ ഡയറക്ടർ, സിഡിഎസ്)

ജനസംഖ്യയുടെ 50% വരുന്ന ഗ്രാമീണ കർഷകരുടെ വരുമാനം വർധിപ്പിക്കാനും തൊഴിലവസരം നൽകാനുമാവണം ബജറ്റിലെ കാർഷിക നിർദേശങ്ങൾ. നിലവി‍ൽ കർഷകർ ഒരു വിളയുടെ ഒന്നോ രണ്ടോ വിളവെടുപ്പ് നടത്തുകയാണു ചെയ്യുന്നത്. ഈ വിളയ്ക്കു വിലത്തകർച്ചയോ മറ്റെന്തെങ്കിലും പ്രശ്നമോ ഉണ്ടായാൽ കർഷകൻ പട്ടിണിയിലാവും. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകൾ കൃഷി ചെയ്യാൻ പ്രോത്സാഹന പദ്ധതി വേണം. നെല്ല് പോലെ അധികം വെള്ളം വേണ്ടാത്തതാവണം രണ്ടാമത്തെ വിള. ഉയർന്ന വില കിട്ടുന്ന പച്ചക്കറികളോ പൂക്കളോ ഒക്കെ പരിഗണിക്കാം.

ഒരേക്കറിൽ താഴെ കൃഷിയിൽ നിന്നു വൻ ഉൽപാദനം പ്രതീക്ഷിക്കാനാവില്ല. ചെറിയ കൃഷിഭൂമികളെ യോജിപ്പിച്ച് വൻതോതിൽ കൃഷി നടത്താൻ അമുൽ മാതൃകയിലോ കോഫി ബോർഡ് മാതൃകയിലോ കർഷക സംഘടന വേണം. കാർഷിക മൂലധന ക്ഷാമം പരിഹരിക്കാൻ നിർദേശം വേണം. കൃഷിയെ ബാധിക്കുന്ന രാജ്യാന്തര വാണിജ്യ ഉടമ്പടികളെല്ലാം പുനപ്പരിശോധിക്കണം.

∙ വ്യവസായം
ഗവേഷണ വികസനത്തിന് സബ്സിഡി നൽകണം
ഡോ.വിജു ജേക്കബ് (മാനേജിങ് ഡയറക്ടർ, സിന്തൈറ്റ്)

നിർമ്മാണ വ്യവസായങ്ങൾക്ക് ഗവേഷണ വികസനത്തിനു സബ്സിഡി നൽകണം. കയറ്റുമതി രംഗത്തു ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികൾക്കും സബ്സിഡി നൽകണം. ഉൽപാദനവും നിലവാരവും വർധിക്കുകയും കയറ്റുമതി കൂടുകയും ചെയ്യുമെന്നതിനാൽ സബ്സിഡി പണം പലമടങ്ങായി സർക്കാരിലേക്കു തന്നെ തിരിച്ചു വരും.

വ്യവസായ സൗഹൃദ തൊഴിൽ നയം വേണം. തൊഴിൽ കുഴപ്പം മൂലം ഉൽപാദനം മുടങ്ങിയാൽ കയറ്റുമതിക്കാണു കോട്ടം തട്ടുക. നയം ഉദാരമാക്കിയാൽ തൊഴിലവസരങ്ങൾ കൂടും. പേടി കൂടാതെ എല്ലാവർക്കും നൂറുകണക്കിനു തൊഴിലാളികളെ നിയമിക്കാൻ കഴിയും. വ്യവസായങ്ങൾക്കു കുറഞ്ഞ പലിശ നിരക്കിൽ മൂലധനം ലഭ്യമാക്കണം. വിദേശത്ത് ഒരു ശതമാനത്തിൽ താഴെയാണു പലിശ. കയറ്റുമതി നടപടിക്രമങ്ങൾ ലഘൂകരിക്കണം. ഇറക്കുമതി ചെയ്തു മൂല്യവർധന വരുത്തി കയറ്റുമതി ചെയ്യുന്നവയുടെ ഇറക്കുമതി ഉദാരമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com