മാന്ദ്യം മാറാൻ 6 മാസം: സുനിൽ മുൻജാൽ
Mail This Article
കൊച്ചി∙ ഇന്ത്യൻ സാമ്പത്തിക രംഗത്തെ മാന്ദ്യത്തിന് 6 മാസം കഴിയുമ്പോൾ മാറ്റം വരുമെന്ന് ഹീറോ എന്റർപ്രൈസ് ചെയർമാൻ സുനിൽ കാന്ത് മുൻജാൽ. എന്നാൽ പൂർണതോതിലുള്ള പുനരുജ്ജീവനത്തിനു വീണ്ടും സമയമെടുക്കും.ഉപഭോഗം വർധിക്കാതെ മരവിച്ചു നിൽക്കുന്നതാണു പ്രശ്നം. കോർപ്പറേറ്റ് നികുതി നിരക്കുകൾ കുറച്ചതും പുതിയ ഫാക്ടറികളുടെ നികുതി നിരക്ക് 15% വരെ താഴ്ത്തിയതും വലിയൊരു കുതിച്ചുചാട്ടത്തിന് വഴിമരുന്നിടേണ്ടതായിരുന്നു.
പക്ഷേ ഫാക്ടറികളുടെ ഉൽപാദന ശേഷിയെക്കാൾ വളരെ കുറവാണ് നിലവിൽ ഉൽപാദനം. ഉൽപാദനശേഷിയുടെ 85% കവിഞ്ഞാൽ മാത്രമേ പുതിയ നിക്ഷേപങ്ങളെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ഇതാണ് നിർമാണ വ്യവസായ നിക്ഷേപം വളരാത്തതിനു കാരണം.ചൈനയിൽ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി ലോകമാകെ സപ്ലൈ ചെയിനുകളെ ബാധിച്ചിരിക്കുകയാണ്.
ഏത് ഉൽപന്നം നിർമ്മിക്കുന്നതിനും ഘടകങ്ങൾ ചൈനയിൽനിന്നു വരേണ്ടതുണ്ട്. പ്രതിസന്ധി നീണ്ടാൽ ലോകമാകെ നിർമാണ വ്യവസായത്തിൽ പ്രതിസന്ധിയാകുമെന്ന് സുനിൽ മുൻജാൽ ചൂണ്ടിക്കാട്ടി. ഹീറോ സൈക്കിളുകളും ടുവീലറുകളും അവയുടെ ഘടകങ്ങളുമെല്ലാം ഇന്ത്യയിൽ തന്നെയാണു നിർമിക്കുന്നതെന്നതിനാൽ പ്രതിസന്ധി ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ചൈനയുടെ പ്രതിസന്ധി ഇന്ത്യയ്ക്ക് വൻ അവസരമാകേണ്ടതാണ്. വിയറ്റ്നാമും ബംഗ്ലദേശും പോലും ചൈന വിട്ടുവരുന്ന നിക്ഷേപം ആകർഷിക്കുന്നു. ഇന്ത്യയ്ക്കു മാത്രം മാന്ദ്യം മൂലം അതു മുതലാക്കാൻ കഴിയുന്നില്ല.പാക്കിസ്ഥാനിൽനിന്ന് ഇന്ത്യാ വിഭജന കാലത്ത് എത്തിയ മുൻജാൽ കുടുംബം ലുധിയാനയിലാണ് സൈക്കിൾ ഫാക്ടറി ആരംഭിച്ചത്.
1986ൽ ലോകത്തിലെ ഏറ്റവും വലിയ സൈക്കിൾ ഉൽപാദകരായി. ഇന്ന് ലോകത്തെ ഏറ്റവും വലിയ ടുവീലർ നിർമാതാക്കളും ആയതിനു പിന്നിൽ കുടുംബ ബിസിനസിന്റെ വിജയമാണുള്ളതെന്നും മുൻജാൽ പറഞ്ഞു. അദ്ദേഹം രചിച്ച ദ് മേക്കിങ് ഓഫ് എ ഹീറോ എന്ന കുടുംബചരിത്ര പുസ്തകം ഈയിടെ പുറത്തിറങ്ങി.