ADVERTISEMENT

‘പോർഷ’ പണക്കാർക്കുള്ള ബ്രാൻഡാണ് എന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായം. പോർഷ പക്ഷേ പണക്കാർക്കു മാത്രമായല്ലെന്ന് അറിയുക. അതല്ലെങ്കിൽ രണ്ടു കോടിയിലേറെ രൂപ അടിസ്ഥാന വിലയുള്ള പോർഷ 911 സ്പീഡ്സ്റ്റെർ കാർ ലേലത്തിനു വച്ചിരിക്കുന്നത് എന്തിന്? ഓൺലൈൻ ലേലം 22ന് അവസാനിക്കുമ്പോൾ ലഭിക്കുന്നത് അടിസ്ഥാന വിലയെക്കാൾ എത്രയോ ഇരട്ടിയായിരിക്കും. അങ്ങനെ ലഭിക്കുന്ന കോടികൾ മുഴുവൻ കോവിഡ് 19 ആശ്വാസപ്രവർത്തനങ്ങൾക്കാണ്.ബ്രാൻഡ് മൂല്യത്തിനു പുറമെ മോഡലിന്റെ സവിശേഷതകൾകൂടിയാകുമ്പോൾ ഏതു കോടീശ്വരനാണ് അതു സ്വന്തമാക്കാനുള്ള മത്സരത്തിൽ പങ്കെടുക്കാതിരിക്കുക? 911 പരമ്പരയിൽപ്പെട്ട വാഹനം പോർഷയുടെ 991 എന്ന ഏഴാം ജനറേഷനിലെ 1948 സ്പീഡ്സ്റ്റെറുകളിൽ അവസാനത്തേത്. റജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തതിനാൽ നമ്പർ ഇല്ല. സിൽവർ മെറ്റാലിക് നിറത്തിലുള്ള കാർ 20 മൈൽ മാത്രമാണ് ഓടിയിട്ടുള്ളത്. അഴിച്ചുനീക്കാവുന്ന ഫാബ്രിക് റൂഫ് ഉൾപ്പെടെ പഴമയുടെ എല്ലാ പ്രൗഢിയും തികഞ്ഞതാണ് ഈ ലിമിറ്റഡ് എഡീഷൻ കാർ.

കോവിഡ് കാലത്തു കാരുണ്യസ്പർശവുമായി മറ്റു വാഹന ബ്രാൻഡുകളും രംഗത്തുണ്ട്. ഷെവർലെ, ബ്യൂക്, കാഡിലാക് തുടങ്ങിയ ബ്രാൻഡുകളുടെ ഉടമകളായ ജനറൽ മോട്ടോഴ്സ്,  ഫോഡ്, ഓരോ ഉൽപന്നവും കൈകൊണ്ടുമാത്രം അസംബ്ൾ ചെയ്തു വിപണിയിലെത്തിക്കുന്ന സ്പോർട്സ് കാർ നിർമാതാക്കളായ മക്‌ലാറെൻ എന്നിവ വൈദ്യോപകരണങ്ങൾ നിർമിക്കാൻ തുടങ്ങിയിരിക്കുന്നതായാണു ബ്‌ളൂംബെർഗിന്റെ റിപ്പോർട്ട്.

അതിനിടെ, വഴിയിലിറങ്ങാനാകാതെ ലോക്ഡൗണിൽ കഴിയുന്ന വാഹനക്കമ്പക്കാർക്ക് ഔഡിയും ജാഗ്വറും മെഴ്സിഡീസ് ബെൻസും കാണിച്ചുതരുന്നതു പുതുമയുള്ളൊരു വഴിയാണ്: മടുപ്പു മാറ്റാനുള്ള വഴി. ഈ ബ്രാൻഡുകൾ അവയുടെ ജനപ്രിയ മോഡലുകളുടെ സ്കെച്ചുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇഷ്ടംപോലെ പ്രിന്റെടുക്കാം. ഇഷ്ടമുള്ള നിറങ്ങൾ നൽകാം. ലോക്ഡൗണിലെ ഒറ്റപ്പെടലിന്റെ ടെൻഷനുമില്ല, സമയം പോക്കാനൊരു വഴിയുമായി. ഫോഡിന്റെ വെബ്സൈറ്റിൽ കുട്ടികൾക്കായി ആക്ടിവിറ്റി ബുക്കുണ്ട്. പ്രിന്റെടുത്താൽ പല തരം ആക്ടിവിറ്റിയാകാം. ഇന്ത്യയിലെ വാഹന നിർമാതാക്കളും ആശ്വാസപ്രവർത്തനങ്ങളിൽ സജീവം. മാരുതി സുസുക്കി വെന്റിലേറ്റർ നിർമാണരംഗത്തുണ്ട്. മഹീന്ദ്ര ഗ്രൂപ്പും ഹ്യുണ്ടായി ഇന്ത്യയും വെന്റിലേറ്റർ പ്രോട്ടോടൈപ്പുകൾ വികസിപ്പിച്ചിരിക്കുന്നു. ഹോണ്ട, ബിഎംഡബ്ള്യു, ഐഷർ ഗ്രൂപ്പ്, കിയ, മെഴ്സിഡീസ് ഇന്ത്യ, എംജി മോട്ടോർ, സ്കോഡ – ഫോക്സ്‌വാഗൺ, ബജാജ്, ഹീറോ, ടാറ്റ, ടിവിഎസ് എന്നിങ്ങനെ നിര നീണ്ടുപോകുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com