ദുബായ് ട്രാവൽ ഗ്രൂപ്പിന് കൊച്ചി കമ്പനിയുടെ ഐടി പ്ലാറ്റ്ഫോം
Mail This Article
കൊച്ചി∙ ആഗോള വ്യോമയാന ബിസിനസിലെ പ്രമുഖരായ ഡിനാറ്റ ട്രാവൽ ഗ്രൂപ്പ് (ദുബായ്) ഇനി ടിക്കറ്റ് സേവനം ലഭ്യമാക്കാൻ ഉപയോഗിക്കുക കൊച്ചി ആസ്ഥാനമായ വെർടെയ്ൽ ടെക്നോളജീസിന്റെ സാങ്കേതിക പ്ലാറ്റ്ഫോം. ലോക വ്യോമയാന സംഘടനയായ അയാട്ടയുടെ നിർദേശപ്രകാരം ന്യൂ ഡിസ്ട്രിബ്യൂഷൻ കേപ്പബിലിറ്റീസ് (എൻഡിസി) സംവിധാനത്തിലേക്കു മാറാനാണ് വെർടെയ്‌ൽ ഡയറക്ട് കണക്റ്റ് (വിഡിസി) എന്ന പ്ലാറ്റ്ഫോം സ്വീകരിച്ചത്.
പരമ്പരാഗത ടിക്കറ്റിങ് പ്ലാറ്റ്ഫോമുകളിൽനിന്ന് എയർലൈനുകൾ എൻഡിസിയിലേക്കു മാറുകയാണ്. എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പിന്റെ ഉമടസ്ഥതയിലുള്ള ഡിനാറ്റ ഇതു സ്വീകരിക്കുന്നതോടെ രാജ്യാന്തര ടിക്കറ്റിങ് സേവനങ്ങളിൽ കൊച്ചി കമ്പനിയുടെ ഐടി സാന്നിധ്യം വ്യാപകമാകും. വിമാന നിരക്കു താരതമ്യം ചെയ്യൽ, മികച്ച ഓഫർ കണ്ടെത്തൽ എന്നിങ്ങനെ എയർലൈനുകൾ നൽകുന്ന മൂല്യവർധിത സേവനങ്ങളൊക്കെ വിഡിസി പ്ലാറ്റ്ഫോമിലൂടെ നൽകാൻ കഴിയുമെന്ന് വെർടെയ്ൽ സ്ഥാപക സിഇഒ ജെറിൻ ജോസ് അറിയിച്ചു.
പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉൾപെടെ ഉള്ളവർ വേർടെയ്‌ലിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കൊച്ചി ആസ്ഥാനമായ ബ്ലൂബെൽ ഗ്രൂപ്പാണ് വേർടെയ്‌ലിന്റെ പ്രീ സീരീസ്-എ നിക്ഷേപ സമാഹരണത്തിനു നേതൃത്വം വഹിച്ചത്.