ADVERTISEMENT

കൊച്ചി∙ പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിവരുമാനത്തിൽ കഴിഞ്ഞ 6 വർഷം കൊണ്ടു കേന്ദ്രസർക്കാരിനുണ്ടായത് 300% വർധന. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ആദ്യ വർഷം (2014–15) പെട്രോളിന്റെ എക്സൈസ് നികുതി ഇനത്തിൽ 29,279 കോടി രൂപയും ഡീസലിൽ നിന്ന് 42,881 കോടി രൂപയുമാണ് വരുമാനമായി ലഭിച്ചത്. 

എന്നാൽ 2020–21 വർഷത്തിൽ (2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ) പെട്രോൾ, ഡീസൽ എന്നിവയിൽ നിന്നുള്ള നികുതി വരുമാനം 2.94 ലക്ഷം കോടി രൂപയാണ്. കേന്ദ്രസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂറാണ് ലോക് സഭയെ ഇക്കാര്യം അറിയിച്ചത്. പ്രകൃതി വാതകത്തിന്റേതുൾപ്പെടെ 2014–15 ൽ 74,758 കോടി രൂപ വരുമാനമായി ലഭിച്ചു. ഈ വർഷം ഇവയിൽ നിന്നുള്ള വരുമാനം 2.95ലക്ഷം കോടി രൂപ.

വരുമാനത്തിന്റെ വലിയ പങ്ക്

2014–15 ൽ കേന്ദ്ര സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 5.4 ശതമാനമായിരുന്നു പെട്രോൾ, ഡീസൽ, പ്രകൃതി വാതകം എന്നിവയിൽ നിന്നുള്ള നികുതി. എന്നാൽ ഇപ്പോൾ ഇത് ആകെ വരുമാനത്തിന്റെ 12.2 ശതമാനമായി ഉയർന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുത്തനെ കൂട്ടിയതാണ് ഇവയിൽ നിന്നുള്ള നികുതി വരുമാനം മൂന്നിരട്ടിയോളം ഉയരാൻ കാരണം. പെട്രോളിന്റെ നികുതി 9.48 രൂപയിൽ നിന്ന് 32.90 രൂപയായും ഡീസലിന്റേത് 3.56 ൽ നിന്ന് 31.80 രൂപയായും കൂട്ടി. പെട്രോളിന്റെ റീട്ടെയ്ൽ വിലയുടെ 60 ശതമാനമാണ് നികുതി. എക്സൈസ് നികുതി 36 ശതമാനം. 

bp

മാറാതെ ഇന്ധന വില 

കഴിഞ്ഞ 23 ദിവസമായി പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമാണ് ദിവസേനയുള്ള വില വർധിപ്പിക്കലിനു താൽക്കാലിക വിരാമമായത്. മാർച്ച് 1 നു ശേഷം പാചകവാതക വിലയും വർധിപ്പിച്ചിട്ടില്ല. അതേസമയം രാജ്യാന്തര വിപണിയിൽ ബാരലിന് 70 ഡോളറിനു മുകളിലെത്തിയ അസംസ്കൃത എണ്ണയുടെ വില ബാരലിന് 64 ഡോളറായി കുറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com