മുത്തൂറ്റ് ഫിൻകോർപ്പിന് ക്രിസിൽ എപ്ലസ് റേറ്റിങ്
Mail This Article
കൊച്ചി∙ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ക്രിസിൽ, മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിന്റെ റേറ്റിങ് 'എ (സ്‌റ്റേബ്ൾ)'ൽ നിന്ന് 'എപ്ലസ് (സ്‌റ്റേബ്ൾ)' ആയി ഉയർത്തി. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണ് മുത്തൂറ്റ് ഫിൻകോർപ്. കമ്പനിയുടെ അടിസ്ഥാന പ്രവർത്തനമേഖലയായ സ്വർണവായ്പാ രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് റേറ്റിങ് ഉയർത്തിയത്. കമ്പനി ഇഷ്യൂ ചെയ്യുന്ന എൻസിഡികളിലെ നിക്ഷേപങ്ങളുടെ ഉയർന്ന സുരക്ഷിതത്വത്തേയും സമയാസമയങ്ങളിലുള്ള തിരിച്ചടവിനേയും അടിവരയിടുന്നതു കൂടിയാണ് റേറ്റിങ് ഉയർച്ച. നടപ്പുസാമ്പത്തിക വർഷത്തിന്റെ അവസാന 3 പാദങ്ങളിൽ കമ്പനിയുടെ സ്വർണ വായ്പ ബിസിനസ് 24% വളർച്ച നേടി. 2020-21 സാമ്പത്തിക വർഷം 28% വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 5 സാമ്പത്തിക വർഷത്തെ കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി സ്വർണവായ്പാ ബിസിനസിന്റെ 1 -1.8 ശതമാനമാണ്.
2020 ഡിസംബർ 31 ലെ കണക്കു പ്രകാരം കമ്പനിയുടെയും മറ്റു ഗ്രൂപ്പ് കമ്പനികളുടെയും മൊത്തത്തിലുള്ള വായ്പാ ആസ്തിയായ 27,000 കോടി രൂപയുടെ 67%വും, ലാഭത്തിന്റെ 87%വും സ്വർണവായ്പാ ബിസിനസിൽ നിന്നാണ്. മുത്തൂറ്റ് ഫിൻകോർപ്, മുത്തൂറ്റ് ക്യാപിറ്റൽ, മുത്തൂറ്റ് മൈക്രോഫിൻ, മുത്തൂറ്റ് ഹൗസിങ് ഫിനാൻസ് എന്നിവയാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ ബാങ്കിതര ധന സ്ഥാപനങ്ങൾ (എൻബിഎഫ്‌സി). സ്വർണവായ്പ, ടുവീലർ വായ്പ, യൂസ്ഡ് കാർ വായ്പ, ഭവനവായ്പ, ചെറുകിട ബിസിനസ് വായ്പ, മൈക്രോ സംരംഭ വായ്പ എന്നീ മേഖലകളിലാണ് ഇവയുടെ പ്രവർത്തനം. നടപ്പു സാമ്പത്തിക വർഷം കമ്പനി 3 എൻസിഡി(ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രം) ഇഷ്യുകളിലൂടെ 1,138.59 കോടി രൂപ സമാഹരിച്ചതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് അറിയിച്ചു.