കേര വെളിച്ചെണ്ണ കാണ്മാനില്ല
Mail This Article
കൊച്ചി∙ കേര വെളിച്ചെണ്ണ വിപണിയിൽനിന്ന് അപ്രത്യക്ഷമായി. 23 ദിവസമായി തുടരുന്ന തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തെത്തുടർന്നു പ്ലാന്റുകളുടെ പ്രവർത്തനം നിലച്ചതാണു കേരയുടെ ശനിദശയ്ക്കു പിന്നിൽ. കേരഫെഡിന്റെ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്സ്, കോഴിക്കോട് നടുവണ്ണൂർ കോക്കനട്ട് കോംപ്ലക്സ് എന്നിവയാണ് ഈ മാസം 5 മുതൽ അടച്ചിട്ടിരിക്കുന്നത്.
1100 മെട്രിക് ടൺ വെളിച്ചെണ്ണയാണ് 2 ഫാക്ടറികളിലും കൂടി പ്രതിമാസ ഉൽപാദനം. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണ പൂർണമായും വിപണിയിലേക്കു വിടുകയാണു പതിവ്. ഇതിനാൽ, കരുതൽ ശേഖരം ഇല്ല. കേര വെളിച്ചെണ്ണയുടെ സംഭാവനയാണു കേരഫെഡിന്റെ വരുമാനത്തിന്റെ സിംഹഭാഗവും. പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പാക്കുക, സ്ഥാനക്കയറ്റവും പ്രിവിലേജ് ലീവും ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ജീവനക്കാർ സമരം തുടങ്ങിയത്. കോഴിക്കോട്, കൊല്ലം ലേബർ അസിസ്റ്റന്റ് കമ്മിഷണർമാർ ജീവനക്കാരുമായി ചർച്ച നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല.