ADVERTISEMENT

കൊച്ചി∙ കോച്ച് ഫാക്ടറി നൽകാമെന്നു പറഞ്ഞു കേരളത്തെ പറ്റിച്ച പോലെ തങ്ങളെ പറ്റിക്കാൻ കഴിയില്ലെന്നു തെളിയിച്ചിരിക്കുകയാണു തെലങ്കാന. സ്വകാര്യ മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറികളിലൊന്ന് രംഗറെഡ്ഡി ജില്ലയിലെ കൊണ്ടക്കലിൽ നിർമാണം പൂർത്തിയായി. മേധ സെർവോ ഡ്രൈവ്സ് എന്ന കമ്പനി 1000 കോടി രൂപ ചെലവിലാണു 100 ഏക്കറിൽ ഫാക്ടറി സ്ഥാപിച്ചത്. വന്ദേഭാരത് ട്രെയിനുകൾ നിർമിക്കാൻ കരാർ നേടിയിട്ടുള്ള കമ്പനിയാണു മേധ. 

പുതിയ ഫാക്ടറിയിൽ ലോക്കോമോട്ടീവുകൾ, മെട്രോ കോച്ചുകൾ, ഇന്റർസിറ്റി ട്രെയിൻ സെറ്റുകൾ, മോണോറെയിൽ കോച്ചുകൾ എന്നിവ നിർമിക്കാനാകും. പ്രതിവർഷം 500 കോച്ചുകളും 50 ലോക്കോമോട്ടീവുകളും നിർമിക്കാൻ ശേഷിയുണ്ട്. ഫാക്ടറി തുറക്കുമ്പോൾ 1000 പേർക്കു നേരിട്ടും 1200 പേർക്കു പരോക്ഷമായും ജോലി ലഭിക്കും. തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവുവാണു ഫാക്ടറി ഉദ്ഘാടനത്തിനു തയാറായെന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 

ബജറ്റിൽ തെലങ്കാനയ്ക്കു കാര്യമായി ഒന്നും കിട്ടിയില്ലെന്ന പരാതിക്കിടയിലാണു വൈകാതെ തെലങ്കാനയിൽ നിന്നു റെയിൽ കോച്ചുകൾ കയറ്റി അയക്കുമെന്ന മന്ത്രിയുടെ ട്വീറ്റ്. തെലങ്കാനയെ സംബന്ധിച്ചു കേന്ദ്രത്തോടുള്ള മധുര പ്രതികാരം കൂടിയാണു മേധയുടെ കോച്ച് ഫാക്ടറി. പാലക്കാട് കോച്ച് ഫാക്ടറി പോലെ തെലങ്കാനയിലെ കാസിപേട്ടിൽ റെയിൽവേ പ്രഖ്യാപിച്ച കോച്ച് ഫാക്ടറി ഇതുവരെ യാഥാർഥ്യമായിട്ടില്ല. പദ്ധതിക്കായി 150 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. 

പാലക്കാട് പദ്ധതി പോലെ കാസിപേട്ട് കോച്ച് ഫാക്ടറിയുടെയും  ആവശ്യമില്ലെന്നു കേന്ദ്രം 2016ൽ നിലപാട് എടുത്തു. പാലക്കാട് പദ്ധതിക്കായി 239 ഏക്കർ ഭൂമിയാണു കേരളം കഞ്ചിക്കോട്ട് ഏറ്റെടുത്തിട്ടുള്ളത്. റെയിൽവേ അവിടെ ചുറ്റുമതിൽ കെട്ടിയതാണ് ആകെ ചെയ്തത്. 2012, 2013 ബജറ്റുകളിൽ ഒന്നും രണ്ടും കോടി രൂപ നീക്കി വച്ചത് ഒഴിച്ചാൽ ബാക്കി ബജറ്റിലെല്ലാം നിരാശയായിരുന്നു ഫലം. പിന്നീടുള്ള ബജറ്റുകളിലെല്ലാം 1000 രൂപയാണു പദ്ധതിക്കു ലഭിച്ചത്. 

Content Highlights: Telangana, Coach Factory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com