ADVERTISEMENT

കൊച്ചി/പാലക്കാട്/തിരുവനന്തപുരം ∙ വിലക്കയറ്റംകൊണ്ട് സാധാരണക്കാർ ചക്രശ്വാസം വലിക്കുന്നതിന് എന്തെങ്കിലുമൊരു ആശ്വാസം കിട്ടണമെങ്കിൽ  മൂന്നുനാലു മാസംകൂടി എടുത്തേക്കും. കർണാടകയിൽ കൊയ്ത്തു തുടങ്ങിയതോടെ സംസ്ഥാനത്തു നവംബർ പകുതിയോടെ അരിവില അൽപമെങ്കിലും കുറയുമെന്നാണു കരുതുന്നത്. കേരളത്തിലേക്കു പ്രധാനമായും അരി എത്തുന്നത് ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. 

കർണാടകയ്ക്കു പിന്നാലെ ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിലും കൊയ്ത്തു തുടങ്ങും. ആന്ധ്രയിൽ ജനുവരി, ഫെബ്രുവരി മാസത്തിലാണു കൊയ്ത്ത്. ആന്ധ്രയിലെ കൊയ്ത്തു കഴിഞ്ഞു, നെല്ല് മാർക്കറ്റിൽ എത്തിയാൽ മാത്രമേ വിലയിൽ കാര്യമായ കുറവിന് സാധ്യതയുള്ളു. നെല്ല് ക്ഷാമമാണ്  അരിവില കൂട്ടിയതെങ്കിൽ ഫെബ്രുവരിയിൽ കൂടുതൽ നെല്ല് എത്തുന്നതോടെ വില 48–50 രൂപ നിലവാരത്തിലേക്ക് എത്തിയേക്കും. 

രാജ്യത്ത് എല്ലാ ഉൽപന്നങ്ങൾക്കും വില കൂടുന്ന സാഹചര്യത്തിൽ അരി വില മാത്രം പഴയ നിലവാരത്തിലേക്ക്  എത്തുമോ എന്ന് ഉറപ്പുപറയാനാവില്ലെന്ന് മില്ലുടമകൾ പറയുന്നു. 25 കിലോഗ്രാം പാക്കറ്റിൽ വിൽക്കുന്ന അരിക്ക് ജിഎസ്ടി ഏർപ്പെടുത്തിയതും വില ഉയരാൻ കാരണമായെന്നു വ്യാപാരികൾ പറയുന്നുണ്ടെങ്കിലും 30 കിലോ പാക്കറ്റിൽ അരി എത്തിച്ച് നികുതി വെട്ടിക്കുകയാണ് മിക്ക കച്ചവടക്കാരും. 

റേഷനരിയുടെ 60% പുറത്തുനിന്ന്

കേരളത്തിൽ ബ്രാൻഡ് ചെയ്തു ലഭിക്കുന്ന അരി പലതും പുറമേ നിന്നു കൊണ്ടുവരുന്ന നെല്ല് ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്. ആവശ്യമുള്ള നെല്ലിന്റെ 10 ശതമാനം പോലും ഇവിടെ നിന്നു കിട്ടുന്നില്ലെന്ന് മില്ലുകാർ പറയുന്നു. രണ്ടു തരത്തിലാണു കേരളത്തിൽ അരി എത്തുന്നത്. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു നെല്ല് വാങ്ങി കേരളത്തിലെ റൈസ് മില്ലുകൾ അരിയാക്കി ബ്രാൻഡ് ചെയ്തു വിൽക്കുന്നു. 

ഉൽപാദക സംസ്ഥാനങ്ങളിലെ മില്ലുടമകളിൽ നിന്നു വൻകിട വ്യാപാരികൾ അരി കൊണ്ടുവരുന്നു. കർണാടകയിലെ ജ്യോതി, തമിഴ്നാട്ടിലെ ടികെ 9 എന്നീ നെല്ലു കുത്തിയ അരിയാണ് കേരളീയർക്ക് പ്രിയങ്കരനായ ‘മട്ട’ എന്ന പേരിൽ വിപണിയിൽ ലഭിക്കുന്നത്. ഇത്തവണ പാലക്കാട് ജില്ലയിലെ ചില കർഷകരിൽ നിന്നു സപ്ലൈകോയുടെ സംഭരണവിലയേക്കാൾ കൂടുതൽ നൽകി മിൽ ഉടമകൾ ജ്യോതി നെല്ല് വാങ്ങിയിരുന്നു. 

കേരളത്തിൽ കർഷകർ ഉത്പാദിപ്പിക്കുന്ന 90% നെല്ലും സംഭരിക്കുന്നുവെന്നാണു സപ്ലൈകോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഏഴരലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിക്കുന്നത്. അത്രയും നെല്ലിന്റെ 68 ശതമാനമാണ് അരിയായി പൊതുവിതരണ സമ്പ്രദായത്തിലൂടെ എൻഎഫ്എസ്എ (നാഷനൽ ഫുഡ് സെക്യൂരിറ്റി ആക്ട് ) ഗോഡൗണുകളിലേക്ക് മാറ്റി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. കേരളത്തിന് ആകെ വേണ്ട റേഷനരിയുടെ 40% മാത്രമാണ് ഇവിടെ നിന്നുള്ള അരിവിഹിതം.

ബാക്കി റേഷൻ അരിയും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരണം. സപ്ലൈകോയ്ക്കു വേണ്ടി കേരളത്തിൽ മില്ലുകൾ നെല്ല് സംഭരിക്കുന്നുണ്ടെങ്കിലും ഇവർ തിരിച്ചു നൽകുന്ന അരി ആന്ധ്രയിൽ നിന്നു സംഭരിക്കുന്ന ജ്യോതി നെല്ലിന്റെ അരിയാണെന്ന് ആരോപണമുണ്ട്. കേരളത്തിൽ നിന്നുസംഭരിക്കുന്ന നിലവാരമുള്ള നെല്ല് അവർ സ്വന്തം ബ്രാൻഡിൽ വിൽക്കുകയാണെന്ന ആക്ഷേപങ്ങളും പരിശോധനകളും പതിവായി ഉണ്ടാകാറുണ്ട്. 

നെല്ലുവില കുറഞ്ഞിട്ടും, അരിവില കുറയുന്നില്ല

ജ്യോതി നെല്ലു കുത്തിയ അരിക്ക് കേരളത്തിൽ മാത്രമേ ഡിമാൻഡ് ഉള്ളു. ജ്യോതി നെൽ കൃഷി ഓരോ വർഷവും കുറഞ്ഞു വരികയാണ്. ജയ അരിയുടെ പല ഇനങ്ങൾക്കും കിലോഗ്രാമിനു 12 രൂപയുടെ വരെ വ്യത്യാസമുണ്ട്. കേരളത്തിൽ അത്ര പ്രിയമില്ലാത്ത സുരേഖ അരിക്ക് ഇപ്പോഴും കിലോഗ്രാമിന് 40 രൂപയേ മൊത്ത വിലയുള്ളു. കേരളത്തിൽ അരി വില റെക്കോർഡ് ആണെങ്കിലും ആന്ധ്ര മാർക്കറ്റിൽ നെല്ലു വില 0.57 % കുറഞ്ഞു. ജൂലൈയിൽ ക്വിന്റലിനു ശരാശരി 1835.92 രൂപ ആയിരുന്നത്, ഓഗസ്റ്റിൽ 1825.44 രൂപയായി.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 1811.53 രൂപയായിരുന്നു. തമിഴ്നാട്ടിലും നെല്ലു വിലയിൽ 3.32% കുറവുണ്ട്. ജൂലൈയിൽ 1776.5 രൂപയായിരുന്നു. ഓഗസ്റ്റിൽ 1717.62 രൂപയായി. 2021 ഓഗസ്റ്റിൽ വില 1234.19 രൂപ ആയിരുന്നു. അതേസമയം, കർണാടകയിൽ നെൽ വിലയിൽ 3.08% വർധനയാണ്. കഴിഞ്ഞ ജൂലൈയിൽ 2111.35 രൂപയായിരുന്നത് ഓഗസ്റ്റിൽ 2176.35 രൂപയായി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 1811.53 രൂപയായിരുന്നു.

സപ്ലൈകോ നോക്കുകുത്തി

സപ്ലൈകോ വഴി വിലനിയന്ത്രിക്കുമെന്ന സർക്കാരിന്റെ അവകാശവാദം വെറും വാചകമടിയായിട്ടു വേണം കരുതാൻ. സംസ്ഥാനത്ത് 92.88 ലക്ഷം കാർഡുടമകളാണുള്ളത്. ഇതിന്റെ 10 ശതമാനത്തോളം കാർഡുടമകൾക്കുള്ള സാധനങ്ങളേ സപ്ലൈകോ വഴി വിതരണം ചെയ്യുന്നുള്ളൂ. വെറും പത്ത് ഇനം പലവ്യഞ്ജനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. അതും നാമമാത്ര അളവിൽ. ഇതിലൂടെ പൊതുവിപണിയിലെ വില എങ്ങനെ നിയന്ത്രിക്കപ്പെടുമെന്നതാണ് വ്യക്തമാകാത്തത്. റേഷൻ കട വഴി പലവ്യഞ്ജനങ്ങൾ‌ സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനും തയാറാകുന്നില്ല. നാലു തരം അരിയാണു സപ്ലൈകോ വഴി നൽകുന്നത്. 

പച്ചരി (ഒരു മാസത്തേക്ക് 1000 മെട്രിക് ടൺ), ജയ ( 6000 മെട്രിക് ടൺ), കുറുവ ( 3500 മെട്രിക് ടൺ) മട്ട ( 3500 മെട്രിക് ടൺ) എന്നിങ്ങനെ. ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, വറ്റൽ മുളക്, മല്ലി, പഞ്ചസാര, പിരിയൻ മുളക് തുടങ്ങിയവയാണു സപ്ലൈകോ വഴി നൽകുന്ന മറ്റു സബ്സിഡി സാധനങ്ങൾ.  പൊതുവിപണിയിൽ 80 രൂപ വിലയുള്ള അര ലീറ്റർ വെളിച്ചെണ്ണ 45 രൂപയ്ക്കും 40–42 രൂപ വിലയുള്ള പഞ്ചസാര കിലോയ്ക്ക് 22 രൂപയ്ക്കുമാണു സപ്ലൈകോ നൽകുന്നത്.  4010 ടൺ പഞ്ചസാര 40,100 കാർഡുകൾക്കായി വിതരണം ചെയ്യുന്നു. 

English Summary: Rice and Vegitables price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com