ഇൻഡെക്സ് മൊത്തമായി വാങ്ങിയാലോ...
Mail This Article
നിഫ്റ്റിയിലും സെൻസെക്സിലുമെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത് മുൻനിര ഓഹരികളാണല്ലോ. എന്നാൽ പിന്നെ ഇൻഡെക്സിന്റെ ഒരു മിശ്രണം തന്നെ വാങ്ങിവയ്ക്കുന്നതല്ലേ ബുദ്ധി? വിപണിയിലെ ചലനങ്ങൾ നിരീക്ഷിക്കാൻ സമയമില്ലാത്തവരും ഏതെങ്കിലും ഒന്നോ രണ്ടോ സ്റ്റോക്കുകളിൽ മാത്രം നിക്ഷേപിച്ചാലുണ്ടാവുന്ന റിസ്കിനെക്കുറിച്ച് അറിയുന്നവരുമായ നിക്ഷേപകർക്കിടയിൽ ഉയർന്നു വരാറുള്ള ഒരു സംശയമാണിത്.
സൂചികകളിൽ നിക്ഷേപിക്കാൻ വളരെ എളുപ്പത്തിൽ സാധ്യമാണ് എന്നതാണ് അവരുടെ ചോദ്യത്തിനുള്ള മറുപടി. നിഫ്റ്റി 50, ബിഎസ്ഇ സെൻസെക്സ് മുതലായ പ്രമുഖ ഓഹരി സൂചികകളിൽ അവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓഹരികളുടെ വെയിറ്റേജ് നിലനിർത്തിക്കൊണ്ടുതന്നെ നിക്ഷേപം നടത്താനുള്ള സൗകര്യം വിപണിയിലുണ്ട്. മുൻനിര കമ്പനികളുടെ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സാങ്കൽപിക പോർട്ഫോളിയോ ആയി ഈ നിക്ഷേപത്തെ വളർത്തിയെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
സൂചികയുടെ ഒരു കണ്ണാടി എന്ന നിലയിൽ പ്രവർത്തിക്കുന്നതിനാൽ സൂചിക നൽകി വരുന്ന അതേ റിട്ടേൺ തന്നെയാണ് നിക്ഷേപകർക്ക് ലഭ്യമാവുക. നേരിട്ട് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതിന് പകരം മികച്ച കമ്പനികൾ ഉൾപ്പെടുന്ന സൂചികകളിൽ തന്നെ പാസ്സീവ് ആയി നിക്ഷേപം നടത്തുമ്പോൾ ലഭ്യമാവുന്ന വൈവിധ്യവൽക്കരണം വഴി ഒരുപരിധിവരെ നിക്ഷേപത്തിന്റെ ടോട്ടൽ റിസ്ക് കുറച്ചുകൊണ്ടുവരാമെന്ന നേട്ടവും കൂടി ഇവിടെയുണ്ട്.
സൂചികകളിൽ നിക്ഷേപിക്കാൻ ഏതെല്ലാം മാർഗങ്ങൾ?
പ്രധാനമായും രണ്ടു രീതികളിൽ സൂചികയിൽ നിക്ഷേപം നടത്താം– ഇൻഡക്സ് ഫണ്ടുകൾ വഴിയും ഇൻഡക്സ് ഇടിഎഫ് അഥവാ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ വഴിയും. ഈ രണ്ടു നിക്ഷേപ മാർഗങ്ങളും പ്രതിഫലിപ്പിക്കുന്നത് അവ പ്രതിനിധീകരിക്കുന്ന സൂചികയുടെ പ്രകടനത്തെയാണെങ്കിലും രണ്ടും തമ്മിൽ ഘടനാപരമായി ചില വ്യത്യാസങ്ങളുണ്ട്.
ഇൻഡക്സ് ഫണ്ടുകൾ:
മ്യൂച്വൽ ഫണ്ടുകൾ പ്രവർത്തിച്ചുവരുന്ന അതേ മാതൃകയിലാണ് ഇൻഡക്സ് ഫണ്ടുകളും നിക്ഷേപകർക്ക് മുന്നിലെത്തുന്നത്. ഏത് സൂചികയെയാണോ പ്രതിനിധാനം ചെയ്യുന്നത് പ്രസ്തുത സൂചികയിൽ ഉൾപ്പെടുന്ന ഓഹരികളിലെല്ലാം സൂചികയിൽ അവയ്ക്കുള്ള വെയ്റ്റേജ് അനുസരിച്ചുതന്നെ ഫണ്ട് മാനേജർമാർ നിക്ഷേപം നടത്തുന്നു. വിപണി സഞ്ചരിക്കുന്ന അതേ ട്രാക്കിൽ തന്നെയാണ് ഇൻഡക്സ് ഫണ്ടുകളും സഞ്ചരിക്കുന്നത് എന്നതിനാൽ ഫണ്ടുകളുടെ പ്രകടനം ബെഞ്ച് മാർക്കിന്റേതിൽനിന്നു വിഭിന്നമാകാറില്ല.
ഓപ്പൺ എൻഡഡ് മ്യൂച്വൽ ഫണ്ടുകളിലേതിന് സമാനമായി ഏത് സമയത്തും നിക്ഷേപിക്കാനും നിക്ഷേപം പിൻവലിക്കാനുമുള്ള സൗകര്യം, ഗ്രോത്ത് ഓപ്ഷനോ ഡിവിഡൻഡ് ഓപ്ഷനോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മുതലായവയെല്ലാം ഇൻഡെക്സ് ഫണ്ടുകളിലുമുണ്ട്. ഒറ്റത്തവണയായും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയും നിക്ഷേപം നടത്താം. ഡീമാറ്റ് അക്കൗണ്ട് വേണമെന്ന് നിർബന്ധമില്ല.
ഇൻഡക്സ് ഇ ടി എഫുകൾ:
എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്ന പേര് സൂചിപ്പിക്കുന്നതു പോലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഇൻഡക്സ് ഫണ്ടുകളാണ് ഇൻഡക്സ് ഇ ടി എഫുകൾ. സൂചികയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഓഹരികളെയും അവയ്ക്കുള്ള വെയിറ്റേജ് പരിഗണിച്ചുകൊണ്ട് മ്യൂച്വൽ ഫണ്ടുകളിലെ എൻഎവി മാതൃകയിൽ ഒരു ട്രേഡിങ് മൂല്യം കണക്കാക്കുന്നു.
ഓഹരിവില ട്രേഡിങ്ങ് ടെർമിനലിൽ കാണിക്കുന്ന അതേ മാതൃകയിൽ ഇ ടി എഫ് എൻ എ വി കാണിക്കുകയും അവയിൽ വ്യാപാരം നടക്കുകയും ചെയ്യുന്നു. മറ്റൊരർഥത്തിൽ് പറഞ്ഞാൽ ഒരു മ്യൂച്വൽ ഫണ്ട് സ്കീം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുകയാണെന്ന് സങ്കൽപിച്ചാൽ അതിന്റെ എൻഎവിയിൽ ലൈവ് ആയി വ്യാപാരം നടക്കുന്ന രീതിയിൽ ഇൻഡക്സ് ഇ ടി എഫുകളിൽ ഇടപാടുകൾ നടക്കുന്നു എന്നർഥം. ഓഹരികൾ സൂക്ഷിക്കുന്നതിന് സമാനമായി ഇടിഎഫ് യൂണിറ്റുകൾ സൂക്ഷിച്ചുവയ്ക്കാൻ ഡീമാറ്റ് എക്കൗണ്ട് നിർബന്ധമാണ്.
എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട് ട്രേഡ് നടക്കുന്നതിനാൽ ലിക്വിഡിറ്റി എന്നത് ഇടിഎഫുകളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഘടകമാണ്. വിലകളിലെ ചാഞ്ചാട്ടവും പ്രതീക്ഷിക്കാം. അതേസമയം ഇൻഡക്സ് ഫണ്ടുകളെ അപേക്ഷിച്ച് ഇടിഎഫ് നിക്ഷേപങ്ങളുടെ എക്സ്പെൻസ് റേഷ്യോ അഥവാ ഇടപാടുകൾ നടത്തുന്നതിനുള്ള ചെലവ് താരതമ്യേന കുറവാണ്. റിസ്ക് സംബന്ധിച്ചാണെങ്കിൽ ഇടിഎഫുകൾ ഇൻഡക്സ് ഫണ്ടിനെക്കാൾ സ്വൽപം റിസ്ക് കൂടുതലുള്ളവയാണെന്നും വിലയിരുത്താം.